ഹിന്ദുത്വ ഹിംസയെ നിയമപരമാക്കിയ വിധി

ഇന്ത്യയിൽ ജാതീയതയെ കൃത്യമായി അഡ്രസ് ചെയ്തത് അംബേദ്കർ ആയിരുന്നു. അതേസമയം ഇന്ത്യൻ സമൂഹത്തിലെ മുസ്‌ലിം വിരുദ്ധത തിരിച്ചറിഞ്ഞ് ആ സമൂഹത്തെ ശത്രു സ്ഥാനത്ത് നിർത്തിയത് സംഘ് പരിവാർ ആയിരുന്നു. ആർ.എസ്.എസ് രൂപീകരിക്കുന്ന കാലഘട്ടത്തിൽ, 1947ലെ അധികാര കൈമാറ്റത്തിന് മുൻപെ ബാബരി മസ്ജിദ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. മസ്ജിദ് തകർത്തും അതിന് നിയമസാധുത നേടിയും വളരെ വൈകിയെങ്കിലും അവർ ലക്ഷ്യം സാക്ഷാത്കരിച്ചു. ഇസ്‌ലാം മതത്തെ കണ്ണിലെ കരടായി കാണുന്ന ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ നിയമപരമാക്കുന്ന വിധിയാണ് ബാബരി മസ്ജിദിനെതിരായ വിധി. പള്ളി തകർത്തതിന് നിയമസാധുത നൽകുകയായിരുന്നു കോടതി.

ഇന്ത്യയിലെ ഓരോ സർക്കാരും ഭരണവർഗ പാർട്ടികളും ഈ ഹിന്ദുത്വഹിംസ നിയമപരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നെഹ്റുവിന്റെ കാലത്ത് ഹിന്ദുത്വർ ബാബരി മസ്ജിദിൽ ശിലാന്യാസം നടത്തുകയും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിന്റെ പിന്തുണയോടെ മസ്ജിദിൽ പൂജ തുടങ്ങുകയും ചെയ്തു. 1992ൽ ബാബരി മസ്ജിദ് തകർത്ത് ആർ.എസ്.എസിന്റെ കണ്ണിലെ കരട് നീക്കം ചെയ്യാനുള്ള പദ്ധതി സംഘ് പരിവാർ ഊർജ്ജിതമാക്കി. ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യക്ക് തുടക്കമിട്ടുകൊണ്ട് ഭരണഘടന, ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ, കോടതി, പൊലീസ്, സൈനിക, ഭരണനിർവ്വഹണ സംവിധാനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആർ.എസ്.എസിന്റെ ലക്ഷ്യം പ്രാവർത്തികമാക്കാൻ സാധ്യമാണെന്ന് ബി.ജെ.പി സർക്കാരും നരേന്ദ്ര മോദിയും തെളിയിച്ചു.

ഹിംസ എന്നാൽ സായുധമായ അടിച്ചമർത്തൽ മാത്രമല്ല, വംശഹത്യയും പ്രേരിതമായ ആൾകൂട്ട ആക്രമണവും മാത്രമല്ല. ഇന്ത്യയിലെ മറ്റേത് വിഭാഗങ്ങളെക്കാളും പിന്നോക്കാവസ്ഥയിൽ തന്നെ നിലനിർത്തുന്നതും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് മുസ്‌ലിം സമൂഹത്തെ ആട്ടിതെളിക്കുന്നതും ഹിംസയാണ്. ബാബരി മസ്ജിദ് ആ അർത്ഥത്തിൽ ഒരു പള്ളി തകർത്ത വിഷയം മാത്രമല്ല, ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ഹിന്ദുത്വഹിംസ എങ്ങനെ നടപ്പിലാക്കാം എന്ന പദ്ധതിയുടെ പരീക്ഷണവുമായിരുന്നു.
_ പ്രശാന്ത് സുബ്രഹ്മണ്യൻ

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply