കഴുത്തറപ്പൻ ബാങ്കുകളുടെ ജപ്തികൾ തടയാൻ ഒരു സമര മാർഗമുണ്ട്

അനേകം മനുഷ്യർ ബാങ്കിംഗ്‌ ജപ്തികളെ അതിജീവിച്ച സമര ചരിത്രമുണ്ടവിടെ. ഷൈലോക്കിയൻ ബാങ്കുകൾക്ക്‌ അകമ്പടി വന്ന പോലീസുകാരെ തല്ലിയോടിച്ച കരുത്തുറ്റ ചരിത്രമുണ്ടവിടെ…


നൗഷാദ് പനക്കൽ

ഒരിക്കലും ആത്മഹത്യ ചെയ്യരുത്‌. ബാങ്കുമായി കടബാധ്യതകളിൽ കുടുങ്ങിയവരെ നിങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യരുത്‌. എറണാകുളം ജില്ലയിലെ പനമ്പുകാട്‌, മുളവുകാട്‌, വല്ലാർപ്പാടം ഭാഗത്തേക്ക്‌ വരൂ. ജീവിക്കാനുള്ള മാതൃകയുണ്ട്‌ നിങ്ങൾക്കവിടെ. രവിചേട്ടനുൾപ്പടെ അനേകം മനുഷ്യർ ബാങ്കിംഗ്‌ ജപ്തികളെ അതിജീവിച്ച സമര ചരിത്രമുണ്ടവിടെ. ഷൈലോക്കിയൻ ബാങ്കുകൾക്ക്‌ അകമ്പടി വന്ന പോലീസുകാരെ തല്ലിയോടിച്ച കരുത്തുറ്റ ചരിത്രമുണ്ടവിടെ.

എന്ത്‌ കൊണ്ടാണു ബാങ്കുകൾ കിടപ്പാടങ്ങൾ ഇങ്ങനെ വ്യാപകമായി ജപ്തി ചെയ്യുന്നത്‌ എന്ന് പരിശോധനയാണു ആദ്യം നടത്തേണ്ടത്‌. അവിടെയാണു പാർലമെന്റിനെ നിശബ്ദമാക്കി നിർത്തി കൊണ്ട്‌ കമ്പോള മൂലധന താൽപര്യക്കാർ നിർമ്മിച്ചെടുത്ത സർഫാസി (Sarfaesi Act- Securitisation and Reconstruction of Financial Assets and Enforcement of Securities Interest Act) എന്ന നിയമത്തെ കുറിച്ച്‌ മനസിലാക്കാൻ കഴിയൂ. കഴിഞ്ഞ വാജ്‌പേയ്‌ ഗവണ്മെന്റിന്റെ കാലത്താണു സർഫാസി എന്ന നിയമം പാസാകുന്നത്‌. തിരിച്ചടവ്‌ മുടങ്ങിയാൽ സിവിൽ കോടതികളെ സമീപിച്ച്‌ ആശ്വാസകരമായ അവധി വാങ്ങാൻ കഴിയുന്ന പൗരന്റെ അവകാശം റദ്ദ്‌ ചെയ്യപ്പെട്ടു എന്നത്‌ മാത്രമല്ല മൂന്ന് ഗഡു മുടങ്ങിയാൽ ഉടമകൾ അറിയാതെ തന്നേ വസ്തു തീറാക്കാനും ലേലം ചെയ്ത്‌ വിൽക്കാനും ബാങ്കുകൾക്ക്‌ അധികാരം നൽകുന്നത്‌ കൂടിയാണു സർഫാസി നിയമം.

പക്ഷെ ഈ നിയമം രാജ്യം വിട്ട്‌ പോകുന്നത്‌ വരെ മല്യയുടെ മേൽ നടപ്പിലാക്കിയിട്ടില്ല. നീരവ്‌ മോദിയടക്കം ഒരു വമ്പന്റെയും മേൽ ഈ നിയമം ഇന്നേവരെ പ്രയോഗിക്കപ്പെട്ടിട്ടില്ല. അംബാനിയും അദാനിയും വേദാന്തയുമടക്കമുള്ള ഇന്ത്യൻ കോർപ്പറേറ്റുകൾ ലക്ഷകണക്കിനു കോടി രൂപയാണു ബാങ്കുകൾക്ക്‌ കിട്ടാകടമായി ബാധ്യത വരുത്തി വെച്ചിരിക്കുന്നത്‌, പക്ഷെ അവരുടെ ആരുടെയും മേൽ സർഫാസി ആക്ട്‌ നടപ്പിലാക്കപ്പെട്ടിട്ടില്ല.

എന്നാൽ അഞ്ചും പത്തും സെന്റ്‌ ഭൂമികളിൽ കൂര കുത്തിയവന്റെ അടുക്കൽ ബാങ്കും അധികാരികളും സർഫാസി നിയമവുമായി വരും. ഇതാണു ഇന്ത്യയുടെ ജനാധിപത്യം സാധാരണകാരനു ബാക്കി വെക്കുന്നത്‌. സിവിൽ കോടതികളെ നോക്കുകുത്തിയായി നിർത്തികൊണ്ട്‌ ഡി.ആർ.ഡി പോലുള്ള കഴുത്തറുപ്പൻ ട്രൈബ്യൂണുകളെ കൂട്ടികൊടുപ്പുകാരായി നിലനിർത്തുകയാണു സർഫാസി നിയമം. ഇന്നുവരെ ഡി.ആർ.ടി യിൽ നിന്നും ഒരാൾക്കും ആശ്വാസകരമാകുന്ന ഒരു നീതിയും കിട്ടിയിട്ടില്ല എന്ന് മനസിലാകുമ്പോഴാണു ആർക്ക്‌ വേണ്ടിയാണു ഇത്തരം ട്രൈബ്യൂണുകൾ പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയാനാവൂ.

അതിനാൽ ഈ ജനാധിപത്യ രാജ്യത്തെ ശക്തിപ്പെടുത്തേണ്ടത്‌ സ്വയം തീ കൊളുത്തിയല്ല. കൂട്ട ആത്മഹത്യ ചെയ്തുമല്ല. രാജ്യത്തെ പൗരന്റെ അവകാശത്തെ കുഴിച്ച്‌ മൂടുന്ന ഇത്തരം നിയമങ്ങൾക്കെതിരെ രംഗത്ത്‌ വന്ന് കൊണ്ടാകണം നമ്മളീ രാജ്യത്തെ തിരിച്ച്‌ പിടിക്കേണ്ടത്‌. ഈ രാജ്യത്ത്‌ ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ തടയിടുന്ന മുഴുവൻ ജനവിരുദ്ധ നിയമങ്ങളെയും ശക്തികളെയും തെരുവുകളിലും വീടുകളിലും പണിശാലകളിലും നേരിട്ട്‌ കൊണ്ടാവണം നമ്മളീ രാജ്യത്തെ തിരിച്ച്‌ പിടിക്കേണ്ടത്‌. ആത്മഹത്യ കൊണ്ട്‌ ഒന്നരദിവസത്തെ വാർത്തക്കപ്പുറം ഒരു ചലനവും സൃഷ്ടിക്കാനാവില്ല. പക്ഷെ പോരാട്ടം കൊണ്ട്‌ പുതു ചരിത്രം നിർമ്മിച്ചെടുക്കാൻ കഴിയും.

ആ ചരിത്ര പാതയിലാണു സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും ബാങ്ക്‌ ജപ്തി വിരുദ്ധ സമിതിയും. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബാങ്കിംഗ്‌ കഴുത്തറുപ്പുകളെ ജനകീയമായി പ്രതിരോധിച്ച്‌ കൊണ്ടാണു സമര സമിതി മുന്നോട്ട്‌ വന്നതെങ്കിലും ഇപ്പോൾ ആലപ്പുഴ, കൊല്ലം, തൃശൂർ, പാലക്കാട്‌ ജില്ലകളിലായി സമിതിയുടെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ട്‌. ഗതികേട്‌ കൊണ്ട്‌ കടം വാങ്ങേണ്ടി വന്നവന്റെ കിടപ്പാടങ്ങളും ഭൂമിയും പൊടിച്ചെടുക്കാൻ ഷൈലോക്കിയൻ ബാങ്കുകളെ അനുവധിക്കില്ല എന്ന അടിയുറച്ച തീരുമാനത്തിലാണു സമിതി മുന്നോട്ട്‌ പോകുന്നത്‌. അനേകം ജപ്തികളെ നേരിട്ട്‌ തടഞ്ഞ്‌ കൊണ്ടാണു സമിതി പ്രവർത്തിക്കുന്നത്‌. ഇന്ത്യക്ക്‌ തന്നേ മാതൃകയായാണു സമിതി കേരളത്തിൽ രൂപം കൊണ്ടിട്ടുള്ളത്‌.

ഇനി ബാങ്കുകളെ നേരിടാൻ മലയാളിയുടെ ചടച്ച ബോധങ്ങളെ പടിയിറക്കി വിട്ട്‌ കൊണ്ട്‌ സമരോൽസുക ഊർജ്ജത്തെ തിരിച്ച്‌ പിടിക്കുകയാണു നാം ചെയ്യേണ്ടത്‌. ഈ ഭൂമി ജീവിക്കാനുള്ളതാണു, അടിയറവ്‌ വെച്ച്‌ ആത്മഹത്യ ചെയ്യാനുള്ളതല്ല.

Leave a Reply