ഭ്രാന്ത് പിടിച്ചപോലെയാണ് എന്റെ അവസ്ഥ, അത്രത്തോളം എന്റെ സ്വപ്നങ്ങൾ നിങ്ങൾ തകർത്തു

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരാണ് അവിടുത്തെ നിയമം (Law Unto Oneself). അവിടെ അധ്യാപകർക്കും പ്രിൻസിപ്പലിനും ഒന്നും ഒരു സ്ഥാനവുമില്ല. വിദ്യാർത്ഥികൾ എന്തൊക്കെ ചെയ്യണം, എങ്ങോട്ട് പോകണം, എങ്ങനെ പെരുമാറണം എന്നൊക്കെ എസ്.എഫ്.ഐക്കാർ തീരുമാനിക്കും…


കെ എം ഷാജഹാൻ

“എടാ ദുഷ്ടന്മാരെ, എന്റെ ജീവതം തകർത്തതിന് നീയൊക്കെ അനുഭവിക്കും, നരകിച്ച് ചാവും, നിന്റെയൊക്കെ അനിയത്തിമാരും ഇങ്ങനെ ആത്മഹത്യ ചെയ്യണ അവസ്ഥ ഉണ്ടാവും. നിന്നെയൊന്നും എന്റെ ആത്മാവ് പോലും വെറുതെ വിടില്ല.”

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്.സി കെമിസ്ട്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ മിടുക്കിയായ ഒരു പെൺകുട്ടി, മെയ് 3ന് ആത്മഹത്യാ ശ്രമം നടത്തുന്നതിന് മുമ്പ് വീട്ടിൽ എഴുതി വച്ച ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണ് മേലുദ്ധരിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി, ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ്കളുടെ പിറകിലുള്ള, രണ്ടാം നിലയിലുള്ള സ്ത്രീകളുടെ വിശ്രമമുറിയിൽ ഒരു രാത്രി മുഴുവൻ, കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കിടന്ന ഈ പെൺകുട്ടിയെ കണ്ടത് കോളേജിലെ തൂപ്പ് കാരികളായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണ് പെൺകുട്ടി രക്ഷപെട്ടത്.

താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാനിടയായ സാഹചര്യം, ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാനിടയാക്കിയവർ ആരൊക്കെ എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പെൺകുട്ടി തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി കുറിച്ചിട്ടുണ്ട്. പെൺകുട്ടി പറയുന്നു, “എന്റെ ജീവിതം ആഗ്രഹങ്ങൾ എല്ലാം തുലഞ്ഞു. അധ്യാപകർ പോലും മനസ്സിലാക്കാത്ത സ്ഥിതിക്ക് എനിക്ക് ഇനി ജീവിക്കാൻ താൽപര്യമില്ല. എന്റെ ആത്മഹത്യക്ക് ഉത്തരവാദികൾ ആദിത്യ ചന്ദ്രനും, അതുല്യയും ഇവിടുത്തെ യൂണിറ്റ് മെമ്പേഴ്സും എസ്.എഫ്.ഐ ക്കാരും കോളേജ് പ്രിൻസിപ്പിലും ആയിരിക്കും. “.

പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിലെ ഇനി പറയുന്ന വാചകങ്ങൾ അടിവരയിടുന്നു: “ഭ്രാന്ത് പിടിച്ചത് പോലെയാണ് എന്റെ അവസ്ഥ. അത്രത്തോളം എന്റെ സ്വപ്നങ്ങൾ നിങ്ങൾ തകർത്തു. എന്റെ ഗതി ഒരു പെൺകുട്ടിക്കും ഇനി ഉണ്ടാകരുത്. അമ്മേ….. ഇവരെയൊന്നും വെറുതേ വിടരുത്.”

ആർത്തവ സമയത്ത് പോലും തന്നെ നിർബന്ധമായി വെയിലത്ത് കൊണ്ട് പോയി എന്നും തന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചു എന്നുമുള്ള അതിഗുരുതരമായ ആരോപണവും പെൺകുട്ടി ഉന്നയിച്ചിട്ടുണ്ട്. പതിനേഴ് വയസുകാരിയായ ഒരു മിടുക്കി പെൺകുട്ടിയെ യൂണിവേഴസിറ്റി കോളേജിലെ എസ്.എഫ്.ഐ ക്കാരും കോളേജ് പ്രിൻസിപ്പലും ചേർന്ന് അതിക്രൂരമായി മാനസിക പീഡിപ്പിച്ച് ആത്മഹത്യയുടെ വക്കിൽ വരെ എത്തിച്ചിരിക്കുന്നു !

കേരള വിദ്യാഭ്യാസ മേഖലയിലെ അഭിമാനസ്തംഭമായ, ഒട്ടേറെ പ്രഗൽഭമതി കൾ പഠിച്ച തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് എന്ന കലാലയത്തിൽ, എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ അവസാനത്തേതാണ് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം.

ഒട്ടേറെ ശക്തമായ അവകാശ പോരാട്ടങ്ങൾ നടന്ന കേരളത്തിൽ, ഭരണകൂടത്തിൽ നിന്ന് ഒട്ടേറെ അവകാശങ്ങൾ ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത ചരിത്രമുള്ള സി.പി.എമിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ, സി.പി.എമിന്റെ മൗനാനുവാദത്തോടെ, പൗരന്മാരുടെ ഭരണഘടനാവകാശങ്ങൾ നിർദ്ദയം ചവിട്ടിമെതിച്ച്, ചവറ്റുകൊട്ടയിലെറിഞ്ഞ് ഏകാധിപത്യത്തിന്റെ ഒരു ഫാസിസ്റ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് യൂണിവേഴ്സിറ്റി കോളേജിൽ വർഷങ്ങളായി നടന്നു വരുന്ന സംഭവ വികാസങ്ങൾ.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാരാണ് അവിടുത്തെ നിയമം (Law Unto Oneself). അവിടെ അധ്യാപകർക്കും പ്രിൻസിപ്പലിനും ഒന്നും ഒരു സ്ഥാനവുമില്ല. വിദ്യാർത്ഥികൾ എന്തൊക്കെ ചെയ്യണം, എങ്ങോട്ട് പോകണം, എങ്ങനെ പെരുമാറണം എന്നൊക്കെ എസ്.എഫ്.ഐക്കാർ തീരുമാനിക്കും. പതിറ്റാണ്ടുകളായി ഇവിടെ മറ്റ് സംഘടനകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ല. തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ഒരു വിദ്യാർത്ഥിനിയെ, എസ്.എഫ്.ഐക്കാർ കയ്യേറ്റം ചെയ്യാൻ മുതിർന്നത് അന്വേഷിക്കാൻ കോളേജിൽ ചെന്ന ഭരണകക്ഷി ഘടകകക്ഷിയുടെ വിദ്യാർത്ഥി സംഘടനാ നേതാവിന്റെ മുണ്ടുരിഞ്ഞ് അർദ്ധ നഗ്നനായി കോളേജിലുടെ പ്രകടനം നടത്തിയാണ് എസ്.എഫ്.ഐക്കാർ പക തീർത്തത്. മുണ്ടുരിയപ്പെട്ട സംഘടനാ നേതാവ് ഇപ്പോൾ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ പ്രധാന സംസ്ഥാന ഭാരവാഹിയാണ്. പ്രതിരോധിക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ ഇടിമുറി വരെ കോളേജിൽ സജ്ജമാണത്രെ ! എസ്.എഫ്.ഐക്കാരുടെ മാനസിക പീഢനം മൂലം പഠനം അവസാനിപ്പിച്ച് പോയവർ നൂറ് കണക്കിന് വരും.

ഇടതുപക്ഷ സംഘടനാ നേതാവായ അധ്യാപകനെ തല്ലിയ വിദ്യാർത്ഥിക്കെതിരെ അന്വേഷണം വന്നെങ്കിലും, അവസാനം അധ്യാപകന് തന്നെ തല്ലിയ എസ്.എഫ്.ഐക്കാരനായ വിദ്യാർത്ഥിയോട് ക്ഷമയാചിക്കേണ്ടി വന്നുവത്രെ ! ബി.എക്ക് പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥിനിയോട് “പഠിക്കാനാണ് ലക്ഷ്യമെങ്കിൽ വരണ്ട, എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തനം, ബാക്കി പഠനം, അത് മതി” എന്നാണ് എസ്.എഫ്.ഐക്കാർ പറഞ്ഞത് !

ഈ ദാരുണമായ അവസ്ഥ തുടരാൻ ഇനി അനുവദിച്ചുകൂട. രാഷ്ട്രീയ പ്രബുദ്ധമായ സാക്ഷര കേരളത്തിന് അപമാനമാണ് ഈ സാഹചര്യം. അതുകൊണ്ടു പൊതുമണ്ഡലം ഈ അനീതിയെ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ സടകുടഞ്ഞ് എഴുന്നേറ്റേ മതിയാകൂ.

Leave a Reply