ഹിന്ദി വര്‍ഗീയവാദികള്‍ ഉർദു ഭാഷയെ വംശഹത്യ ചെയ്യുന്നു; ജസ്റ്റിസ് മാര്‍ക്കണ്ഡേയ  കട്ജു

ആയിരക്കണക്കിന് മനോഹരമായ വാക്കുകള്‍ അറബി, പാര്‍സി ഭാഷയില്‍ നിന്ന് കടമെടുത്തത് ഉർദുവില്‍ ഉണ്ട്. പക്ഷെ ഈ വാക്കുകള്‍ ഹിന്ദിവാദക്കാരായ ‘ദേശസ്നേഹികള്‍’ അംഗീകരിക്കില്ല. ഹിന്ദി വര്‍ഗീയവാദികള്‍ ഉറുദു ഭാഷയെ വംശഹത്യ ചെയ്യുകയാണ് എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ  കട്ജു പറയുന്നു. ഹിന്ദി ഭാഷയുടെ ചരിത്രം പരിശോധിച്ച് സെപ്തംബര്‍ 14ന് ‘ദി വീക്ക്’ ആഴ്ചപ്പതിപ്പില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തിലാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. 

1947വരെ ഹിന്ദു മുസ്‌ലിം സിഖ് മത ഭേദമില്ലാതെ രാജ്യത്ത ഗണ്യമായ ഭാഗം വിദ്യാഭ്യാസമുളള ജനങ്ങളുടെ ഭാഷ ഉർദു ആയിരുന്നു. വിദ്യാഭ്യാസം കുറഞ്ഞവരില്‍ ഹിന്ദുസ്ഥാനിയും, ഹിന്ദി അല്ല. വിഭജിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് കുബുദ്ധിയില്‍ നിന്നാണ് ഹിന്ദി ഭാഷ ജനിച്ചതു തന്നെ. ബ്രിട്ടീഷ് ദാസന്മാരായ ജാതി വെറിയന്മാരെയാണ് ഇതിനായി നിയോഗിച്ചത്. ഉർദുവിലെ അറബി, പാര്‍സി വാക്കുകള്‍ക്ക് പകരം ഇവര്‍ ബോധപൂര്‍വം സംസ്കൃത വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത് സാധാരണക്കാര്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത വാക്കുകള്‍ ആയിരുന്നു. പില്‍ക്കാലത്ത് പാഠപുസ്തകങ്ങളില്‍ സംസ്കൃത വാക്കുകള്‍ നിറച്ചു ഉർദു വാക്കുകള്‍ പുറന്തളളിയെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു.

ഉർദു അഥവാ ഹിന്ദുസ്ഥാനി മുസ്‌ലിങ്ങളുടെ ഭാഷയും ഹിന്ദി ഹിന്ദുക്കളുടെ ഭാഷയും ആണെന്നാണ് പ്രചരിപ്പിച്ചത്. കൃത്രിമമായി നിര്‍മിച്ച ഹിന്ദി എന്ന ഭാഷക്ക് ഇന്നും സാധാരണക്കാരുടെ ഭാഷയാകാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദി സംസാരിക്കുന്നു എന്ന് കരുതുന്നവര്‍ യഥാര്‍ഥത്തില്‍ സംസാരിക്കുന്നത് ഹിന്ദുസ്ഥാനിയിലാണ്. ഹിന്ദിയും ഹിന്ദുസ്ഥാനിയും വേര്‍തിരിച്ചറിയാന്‍ മാര്‍കണ്ഡേയ കട്ജു ചില ഉദാഹരണങ്ങള്‍ ലേഖനത്തില്‍ നിരത്തുന്നു. ‘ഉധര്‍ ദേഖിയേ’ എന്ന ഹിന്ദുസ്ഥാനിക്ക് പകരം ഹിന്ദിയില്‍ ‘ഉധര്‍ അവലോകന്‍ കീജിയേ’ എന്നാണ്. ഇങ്ങനെ ഒരിക്കലും സാധാരണ ജനങ്ങള്‍ ഉപയോഗിക്കാറില്ല. 

കട്ജു അലഹബാദില്‍ ജഡ്ജി ആയിരിക്കെ ഒരു വക്കീല്‍ അദ്ദേഹത്തിന് മുമ്പാകെ നല്‍കിയ ഒരു ഹരജിയില്‍ ‘പ്രതിഭ്ഭു ആവേദന്‍ പത്ര’ എന്നാണത്രെ എഴുതിയിരുന്നത്. ഹിന്ദുസ്ഥാനി സംസാരിക്കുന്ന കട്ജു കാര്യം മനസ്സിലാകാതെ ഇത് എന്താണെന്ന് അന്വേഷിച്ചു. ജാമ്യ ഹരജിയാണ് സംഗതി. ‘ജമാനത്ത്’ എന്ന് ഉപയോഗിച്ചാല്‍ എളുപ്പം കാര്യം മനസ്സിലാകും. അതാണ് ഹിന്ദുസ്ഥാനിയില്‍ പൊതുവില്‍ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് മനോഹരമായ വാക്കുകള്‍ അറബി, പാര്‍സി ഭാഷയില്‍ നിന്ന് കടമെടുത്തത് ഹിന്ദുസ്ഥാനിയില്‍ അഥവാ ഉർദുവില്‍ ഉണ്ട്. പക്ഷെ ഈ വാക്കുകള്‍ ഹിന്ദിവാദക്കാരായ ‘ദേശസ്നേഹികള്‍’ അംഗീകരിക്കില്ല എന്നാണ് കട്ജു പറയുന്നത്. ഹിന്ദി വര്‍ഗീയവാദികള്‍ ഉറുദു ഭാഷയെ വംശഹത്യ ചെയ്യുകയാണ് എന്ന് കട്ജു മുന്നറിയിപ്പ് നല്‍കുന്നു. 
_ സി പി മുഹമ്മദലി 

Leave a Reply