പാലത്തായി കേസന്വേഷണത്തിലെ വീഴ്ചകള്‍; ക്രൈം ബ്രാഞ്ച് മേധാവിക്ക് ശ്രീജാ നെയ്യാറ്റിന്‍കരയുടെ കത്ത്
പാലത്തായി പോക്സോ കേസ് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കോടതി സി.ഡി ഫയൽ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തക ശ്രീജാ നെയ്യാറ്റിന്‍കര ജൂലൈ 1 ബുധനാഴ്ച ക്രൈം ബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു…
വിഷയം: പാലത്തായി സ്‌കൂൾ അധ്യാപകൻ ബി.ജെ.പി പ്രാദേശിക നേതാവ് പത്മരാജൻ പ്രതിയായ, താങ്കളുടെ അന്വേഷണ പരിധിയിലുള്ള പോക്സോ കേസ്.
സർ,
പാലത്തായി സ്‌കൂൾ അധ്യാപകൻ ബി.ജെ.പി പ്രാദേശിക നേതാവ് പത്മരാജൻ പ്രതിയായ, ഇപ്പോൾ താങ്കളുടെ അന്വേഷണ പരിധിയിലുള്ള പോക്സോ കേസ് ലോക്കൽ പോലീസ് അട്ടിമറിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ക്രിയാത്മക ഇടപെടലിന്റെയും സാമൂഹ്യ മാധ്യമങ്ങളിലെ ജനങ്ങളുടെ പ്രതികരണങ്ങളുടെയും ഫലമായാണ് പ്രതി പത്മരാജനെ രണ്ടര മാസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റു ചെയ്യുകയും തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്യുന്നതും. എന്നാൽ ലോക്കൽ പോലീസ് അന്വേഷിച്ചാൽ കേസ് വീണ്ടും അട്ടിമറിക്കപ്പെടും എന്ന ആശങ്ക സമൂഹത്തിൽ നിന്നുയർന്നതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.
എന്നാൽ താങ്കളുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പ്രസ്തുത കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തിയിട്ടില്ലെന്ന ബോധ്യത്തിൽ നിന്നാണ് ഒരു പൊതുപ്രവർത്തക എന്ന നിലയിൽ ഞാൻ താങ്കൾക്ക് കത്തെഴുതുന്നത്.
താഴെ പറയുന്ന കാര്യങ്ങൾ ഇതുവരെയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചിട്ടില്ല;
* പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
* പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൂടെ പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നും അഥവാ കേസിൽ മറ്റൊരു പ്രതി കൂടെ ഉണ്ടെന്നുമുള്ള വാദിഭാഗത്തിന്റെ പരാതിയിന്മേൽ അയാളെ പ്രതി ചേർത്തൊരു അന്വേഷണം ഇതുവരെ നടന്നിട്ടില്ല.
* മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് യാതൊരന്വേഷണവും നടത്തിയിട്ടില്ല.
അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് കേസിനെ അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോക്കൽ പോലീസ് അട്ടിമറിക്കാൻ ശ്രമിച്ച കേസ് ആയതുകൊണ്ടുതന്നെ ഈ സംശയം ബലപ്പെടുകയാണ്.
തൊണ്ണൂറു ദിവസത്തിനുള്ളിൽ സത്യസന്ധവും നീതിപൂർവ്വവുമായ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിക്കാത്ത പക്ഷം ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകനായ രാഷ്ട്രീയ ക്രിമിനൽ രക്ഷപ്പെടും. വെള്ളിയാഴ്ച സി ഡി ഫയൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംഘത്തിന്റെ കെടുകാര്യസ്ഥത പ്രതിക്ക് ജാമ്യം കിട്ടാൻ കാരണമായേക്കാം.
ഈ അവസരത്തിൽ താങ്കളുടെ ശ്രദ്ധ ഈ കേസിൽ കൂടുതൽ കാര്യക്ഷമമാക്കുകയും അന്വേഷണം ഊർജ്ജിതമാക്കാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..
വിശ്വസ്തതയോടെ
ശ്രീജ നെയ്യാറ്റിൻകര