7000 ആദിവാസി കുടുംബങ്ങളുടെ വനാവകാശ രേഖകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം

2006ലെ ആദിവാസി വനാവകാശ നിയമം ഭൂമാഫിയകള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവും ദലിത് – ആദിവാസി – സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയര്‍മാനുമായ എം ഗീതാനന്ദനും ജനറല്‍ കണ്‍വീനര്‍ സി എസ് മുരളിയും പത്രപ്രസ്താവനയില്‍ പറഞ്ഞു.

2006ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് വനാവകാശം ലഭിച്ച ആദിവാസികളുടെ വനാവകാശ രേഖകള്‍ റദ്ദാക്കാനും, റവന്യൂ പട്ടയമാക്കി കയ്യേറ്റക്കാര്‍ക്കുള്‍പ്പെടെ കൈമാറാനുമുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമാണ്. ആദിവാസികളുടെ ക്ഷേമത്തിനെന്ന മറവില്‍ ജൂണ്‍ 2ന് ഇറക്കിയ ഉത്തരവനുസരിച്ച് (G. O. Rt. No. 2020/2020/RD dated 2.6.2020) ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വനഭൂമിയിലെ ആദിവാസി ഊരുകളിലെ ഭൂമിക്ക് 2006-ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് നല്‍കിയിരിക്കുന്ന വനാവകാശ രേഖകളാണ് ആദ്യഘട്ടത്തില്‍ റദ്ദാക്കുന്നത്. ഏതാണ്ട് 7000-കുടുംബങ്ങളുടെ വനാവകാശ രേഖകളാണ് റദ്ദാക്കുക. ഇത് പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിലെമ്പാടുമുള്ള ആദിവാസികളുടെ പതിനായിരക്കണക്കിന് വ്യക്തിഗത വനാവകാശവും റദ്ദാക്കപ്പെടും. ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനായിരിക്കും. ഇതോടെ ഭൂമാഫിയകള്‍ക്കും, ക്വാറി മാഫിയകള്‍ക്കും, കയ്യേറ്റക്കാര്‍ക്കും, റിസോര്‍ട്ട് ലോബികള്‍ക്കും, റിയല്‍ എസ്റ്റേറ്റുകാര്‍ക്കും പതിച്ചു നല്‍കല്‍ എളുപ്പമാകും.

2006-ലെ ആദിവാസി വനാവകാശം നിലവില്‍ വരുന്നതോടെ പരമ്പരാഗതമായി വനത്തില്‍ കൃഷി ചെയ്യുകയും, വനത്തെ ആശ്രയിച്ച് ജീവിച്ചുവരികയും ചെയ്യുന്ന ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും വനഭൂമിയിലെ അവകാശം അംഗീകരിക്കപ്പെട്ടു. 2006-ലെ നിയമവും 2008-ലെ ചട്ടവുമനുസരിച്ച് ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും അവകാശം അംഗീകരിക്കപ്പെടുന്ന ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലാത്തതും (Inaleinable), എന്നാല്‍ അനന്തരാവകാശികള്‍ക്ക് മാത്രം (Inheritable) കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. സര്‍ക്കാരിനോ, മറ്റ് ഏജന്‍സികള്‍ക്കോ ഏറ്റെടുക്കാന്‍ കഴിയുന്നതല്ല; സര്‍ക്കാര്‍ ഭൂമിയുമല്ല.

2006-ല്‍ പാസ്സാക്കിയ നിയമത്തിന്‍റെ ശക്തമായ ഈ വ്യവസ്ഥ മറച്ചുവെച്ചുകൊണ്ടാണ് വനമേഖലയിലെ ആദിവാസി ഊര് ഭൂമികൾ(Settlements) 1964 ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് “സര്‍ക്കാര്‍ ഭൂമി”യാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം സര്‍ക്കാര്‍ നടത്തുന്നത്. 1961-ലെ കേരള വനനിയമത്തിന്‍റെ ഭാഗമായി നിലവില്‍ വന്ന ഹില്‍മെന്‍സ് റൂള്‍സ് (1964), കേരള ഹൈക്കോടതി O.P. No. 3373/1966 നമ്പര്‍ കേസില്‍ റദ്ദാക്കിയതുകൊണ്ടും, 1964-ലെ ഭൂപതിവ് നിയമത്തിന്‍റെ 2 (ഇ) വകുപ്പനുസരിച്ച് ആദിവാസി ഊര് ഭൂമി “സര്‍ക്കാര്‍ ഭൂമി”യാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തിയുമാണ് ഭൂമാഫിയകള്‍ക്ക് വേണ്ടി വനാവകാശ നിയമം അട്ടിമറിക്കുന്നത്. ആദിവാസി ഭൂമി തട്ടിയെടുത്ത കയ്യേറ്റക്കാര്‍ക്ക് സ്ഥിരാവകാശം നല്‍കാന്‍ 1999ല്‍ നിയമം കൊണ്ടുവന്ന ചരിത്രപരമായ വഞ്ചന ആവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ കയ്യേറ്റക്കാര്‍ക്കും, ക്വാറി മാഫിയകള്‍ക്കും, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടിയാണ് ദേശീയതലത്തില്‍ പ്രാധാന്യമുള്ള ഒരു നിയമം അട്ടിമറിക്കുന്നത്.

റിസര്‍വ്വ് ഫോറസ്റ്റിലോ, റിസര്‍വ്വ് വനമായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതോ ആയ വനഭൂമിയിലെ ആദിവാസികളുടെ കാര്‍ഷിക-വാസസ്ഥലങ്ങളെയാണ് ഫോറസ്റ്റ് സെറ്റില്‍മെന്‍റുകള്‍ എന്ന് കണക്കാക്കി വന്നിരുന്നത്. വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും ഇവയിലേറെയും വനംവകുപ്പിന്‍റെ “ജണ്ട”കള്‍ക്ക് പുറത്താണ്. 1961-ലെ കേരള വനനിയമത്തിന്‍റെ വകുപ്പ് ഉപയോഗപ്പെടുത്തി, വനത്തില്‍ അധിവസിക്കുന്നവരെന്ന നിലയില്‍ ആദിവാസികളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കാനുള്ള അധികാരം 1964-ലെ ഹില്‍മെന്‍സ് റൂള്‍സ് വനംവകുപ്പിന് നല്‍കിയിരുന്നു.

കൊളോണിയല്‍ ഭരണ രീതിയുടെ തുടര്‍ച്ചയെന്ന നിലയില്‍ വന്യജീവികളെപോലെ ആദിവാസികളെയും നിയന്ത്രിക്കാന്‍ വനംവകുപ്പിന് ഹില്‍മെന്‍സ് റൂള്‍സ് അധികാരം നല്‍കിയിരുന്നു. ഹില്‍മെന്‍സ് റൂള്‍സ് 1966ല്‍ കേരള ഹൈക്കോടതി (ഈച്ചരന്‍ ഇട്ട്യാതി Vs. സ്റ്റേറ്റ് ഓഫ് കേരള O.P. NO. 3373/1966) റദ്ദാക്കിയിരുന്നു. 1980-ല്‍ കണ്‍സര്‍വേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദിവാസികള്‍ വനത്തില്‍ നിന്നും കുടിയിറക്കപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് 2006-ല്‍ വനാവകാശനിയമം പാര്‍ലമെന്‍റ് പാസ്സാക്കുന്നത്.

ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ലാത്ത, സമ്പൂര്‍ണ്ണാവകാശമാണ് ആദിവാസികള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും അംഗീകരിക്കപ്പെടുന്നത്. ഈച്ചരന്‍ ഇട്ട്യാതി ഢെ. സ്റ്റേറ്റ് ഓഫ് കേരള കേസ്സില്‍ ആദിവാസികളുടെ വനാവകാശമല്ല റദ്ദാക്കുന്നത്; മറിച്ച് ആദിവാസികളുടെ മേല്‍ സര്‍ക്കാരിനുണ്ടായ നിയന്ത്രണമാണ്. 1980-ലെ കണ്‍സര്‍വേഷന്‍ നിയമവും, സുപ്രീം കോടതി റൂളിംഗും മറി കടക്കാനാണ് 2006ലെ വനാവകാശനിയമം പാര്‍ലമെന്‍റ് പാസ്സാക്കുന്നത്. 1964-ലെ ഭൂപതിവ് ചട്ടത്തിന്‍റെ 2 (ഇ) വകുപ്പ് ആദിവാസി സെറ്റില്‍മെന്‍റുകളെ “സര്‍ക്കാര്‍ ഭൂമിയായി” കണക്കാക്കുന്നില്ല. ആയതിനാല്‍, 2006-ലെ വനാവകാശ നിയമമനുസരിച്ച് വനാവകാശ രേഖകള്‍ ലഭിച്ചിരിക്കുന്ന ആദിവാസികളുടെ അവകാശം റദ്ദാക്കാനും, അത് പിടിച്ചെടുത്ത് തന്നിഷ്ടം പോലെ പതിച്ചു നല്‍കാനും സര്‍ക്കാരിന് അധികാരമില്ല.

കേരള ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച് ജൂണ്‍ 2 ന് പുറത്തിറക്കിയ ഉത്തരവ് ഉടനടി റദ്ദാക്കി ആദിവാസികളുടെ വനാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വനാവകാശ നിയമത്തിന്‍റെ നോഡല്‍ ഏജന്‍സി പട്ടികവര്‍ഗ്ഗ വകുപ്പാണ്. എന്നാല്‍ വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്താന്‍ വനംവകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥനെയാണ് പട്ടികവര്‍ഗ്ഗവകുപ്പിന്‍റെ തലപ്പത്ത് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ വനാവകാശനിയമം അട്ടിമറിക്കപ്പെടുമ്പോള്‍ വനംവകുപ്പും പട്ടികവര്‍ഗ്ഗവകുപ്പും ഒരേ സമയം നിശ്ശബ്ദത പാലിക്കുകയാണ്.

2006ലെ കേന്ദ്ര വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്തുക എന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്ന് വ്യക്തമായിരിക്കയാണ്. ആദിവാസി ഗ്രാമസഭാനിയമം (പെസ നിയമം) നടപ്പാക്കുന്ന നടപടി ഇടതുപക്ഷ സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നിലും ഭൂമാഫിയകളെ സംരക്ഷിക്കാനുള്ള താല്‍പര്യമാണെന്ന് ആദിവാസി സംഘടനകള്‍ തിരിച്ചറിയേണ്ടതുണ്ട്. വനാവകാശ നിയമം ദുര്‍ബ്ബലപ്പെടുത്തിയാല്‍ ഭൂരഹിതരായ ആദിവാസികളുടെ അടിമാവസ്ഥയിലേക്ക് കേരളത്തിലെ മുഴുവന്‍ ആദിവാസികളും തള്ളപ്പെടും എന്നും ആദിവാസി സംഘടനകള്‍ തിരിച്ചറിയേണ്ടതാണ്. കോര്‍പറേറ്റുകളേക്കാള്‍ നാണം കെട്ട നിലയില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന നടപടിയില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ പിന്‍മാറുന്നില്ലെങ്കില്‍, ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Follow | Facebook | Instagram Telegram | Twitter