പത്മരാജന്‍റെ വക്കാലത്തേറ്റെടുത്ത സർക്കാർ വിചാരണ ചെയ്യപ്പെടും
_ ജബീന ഇർഷാദ്
വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട്
പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതി ബിജെപി നേതാവ് പത്മരാജന്‍റെ വക്കാലത്തേറ്റെടുത്തത് പോലെ പെരുമാറുന്ന ഇടത് സർക്കാർ വിചാരണ ചെയ്യപ്പെടും. ഒരു ബാലികാ പീഡനക്കേസിൽ വളരെ പ്രധാനപ്പെട്ടതാണ് മെഡിക്കൽ റിപ്പോർട്ട്. ഏറെ സമ്മർദ്ദങ്ങളുണ്ടായപ്പോൾ കഴിഞ്ഞ ജൂലൈ 14ന് പ്രതിയെ അറസ്റ്റ് ചെയ്തതിന്‍റെ 90-ാം ദിവസം പോക്സോ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഈ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വന്നത്. കുട്ടിയുടെ ലൈംഗികാകവയവത്തിന് ക്ഷതം പറ്റിയെന്ന പരാമർശമുള്ള മെഡിക്കൽ റിപ്പോർട്ടാണ് മറച്ചുവെച്ചത്.
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാർത്ഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അദ്ധ്യാപകൻ അടിക്കാറുണ്ടെന്ന് പരാമർശമുള്ള മറ്റ് പെൺകുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ബാക്കി സാക്ഷികൾ പോലീസും സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെട്ടവരുമാണ്. ഇത്ര ദുർബലമായ കുറ്റപത്രം പോക്സോ ഒഴിവാക്കി സമർപ്പിച്ചത് പ്രതിയെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്.
കുട്ടിയുടെ മാതാവ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ വേണ്ടി നൽകിയ കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ കുട്ടി കളവ് പറയുന്നവളാണെന്നും പീഡനം ഭാവനയനുസരിച്ച് ആരോപിക്കുന്നതാണെന്നുമുള്ള കൗൺസിലർമാരുടെ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. പീഡനത്തെ അതിജീവിച്ച ചെറിയ പെൺകുട്ടിയെ മോശക്കാരിയാക്കുന്ന ക്രൈംബ്രാഞ്ച് നിലപാട് കേരളത്തിന് പൊറുക്കാനാവില്ല.
ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഈ കേസിൽ ഇത്രയും അട്ടിമറി ശ്രമങ്ങൾ നടത്തിയ ഐജി എസ് ശ്രീജിത്തിനെ കേസന്വേഷണത്തിന്‍റെ ചുമതലയിൽ നിന്നും മാറ്റാൻ തയ്യാറാകാത്തത് സർക്കാർ പ്രതിയെ രക്ഷപ്പെടുത്താൻ തീരുമാനിച്ചത് കൊണ്ടാണ്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പ് പ്രതിയുടെ കൂടെ നിൽക്കുമ്പോൾ കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് കേരളത്തിന് ഉറപ്പ് നൽകിയ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും മണ്ഡലം എം.എൽ.എയും കൂടിയായ ശൈലജ ടീച്ചർക്ക് മറുപടി പറയാൻ ബാധ്യതയുണ്ട്.
ഐ ജി. ശ്രീജിത്തിനെ അന്വേഷണത്തിൽ നിന് മാറ്റുകയും വനിതാ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ഏൽപിക്കുകയും ചെയ്യണം. കോവിഡിൻ്റെ നിയന്ത്രണങ്ങളുടെ മറവിൽ പിഞ്ച് പെൺകുട്ടിക്ക് നീതി നിഷേധിക്കാനാണ് സർക്കാറിൻ്റെ തീരുമാനമെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ നേരിടേണ്ടി വരും.

ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail