ഒറ്റ വോട്ട് മതിയാവും ഒരു വംശത്തിന്റെ കഥ കഴിയാൻ; തെരുവിന്റെ സുവിശേഷം

അടുത്ത നാൾ……
ഈ തെരുവിലൂടെത്തന്നെ നമ്മൾ നടക്കും
ഒറ്റ വോട്ട് !
ഒറ്റ വോട്ട് മതിയാവും
ഒരു വംശത്തിന്റെ കഥ കഴിയാൻ


ഷമീന ബീഗം

കവിത_ തെരുവിന്റെ സുവിശേഷം

തെരുവ് തന്റെ സുവിശേഷം
പെട്ടന്നെന്നോട് പറയാൻ തുടങ്ങിയത്
പക്ഷേ കുമ്പസാരക്കൂട്ടിലെന്ന പോലെ
ഒരു മറയ്ക്കപ്പുറം നിന്നായിരുന്നില്ല.
ചുവടുകളെല്ലാം പിഴച്ച്
നെഞ്ചലച്ച് ഞാൻ മറിഞ്ഞു വീണപ്പോൾ എന്നെയതിന്റെ മാറോടടക്കിപ്പിടിച്ചിട്ടായിരുന്നു..

തെരുവിലപ്പോൾ നട്ടുച്ചയായിരുന്നു
തെരുവ് വിയർക്കുന്നുണ്ടായിന്നു.
തെരുവങ്ങനെ പറയുകയായിരുന്നു

നമ്മൾ
വലിച്ചൂതിവിട്ട വികസനപ്പുക തടഞ്ഞ് ശ്വാസനാളത്തിൽ കഫം കെട്ടി
തെരുവു വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു.

ഒരു രാജ്യം മുഴുവൻ അസാധു നോട്ടുമായ് വരി നിന്ന ഓർമ്മയിൽ ആ പാതിരാ ദുസ്വപ്നത്തിലെന്നോണം
തെരുവിടയ്ക്കിടയ്ക്ക് നടുങ്ങുന്നുണ്ടായിരുന്നു.

കൃഷി ചെയ്തു തോറ്റവർ നടന്നു പോയ സമരവഴിയിലെ രക്തം അപ്പോഴും
തെരുവിന്റെ കണ്ണിൽ പൊടിയുന്നുണ്ടായിരുന്നു.

തെരുവ് പറഞ്ഞു കൊണ്ടേയിരിക്കയായിരുന്നു.

കുത്തകകൾ കഴുത്തിനു കുത്തിപ്പിടിച്ച
ചെറുകിട ജീവിതങ്ങൾ പോലെ തെരുവിന്റെ ശബ്ദം ഇടക്കിടെ മുറിയുന്നുണ്ടായിരുന്നു.

രാജ്യസുരക്ഷയെ പൊതിഞ്ഞു വിറ്റ കരാർ കടലാസുകളിലേയ്ക്കു തന്നെ തെരുവ്
വീണ്ടും വീണ്ടും ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു…

വിശ്വാസം തലയ്ക്കു പിടിച്ച വഴികളിലൊക്കെ തെരുവിൽ നവോത്ഥാനത്തിന്റെ കാലുകൾ
കുഴഞ്ഞ് പിൻവാങ്ങുന്നുണ്ടായിരുന്നു…

ആലംബമില്ലാത്തവരെ മുഴുവൻ നെഞ്ചിലേറ്റിയ തന്നെ മാത്രം
ദൈവമാക്കാൻ മറന്നതെന്തെന്നു ചോദിക്കുവാൻ പോലും
തെരുവ് മറന്നു പോയിരുന്നു.

എങ്കിലും തെരുവ് പറയുന്നുണ്ടായിരുന്നു.

“നിന്റെ ജനം ഉറങ്ങുന്നിടങ്ങളിൽ നിന്നെല്ലാം പലായനം ചെയ്തു കടലിൽ പ്രവേശിക്കാൻ അടുത്തിരിക്കുന്നു.
ജലം ഉറവയിൽ നിന്നു പലായനം ചെയ്ത് നദിയിലൂടെ
കടലിൽ അടക്കം ചെയ്യപ്പെടുന്ന പോലെ

ഉറവിടങ്ങളിൽ വച്ച് തന്നെ നിങ്ങളെ സംസ്കരിക്കാൻ
അവർ തീരുമാനിക്കും വരെ നിങ്ങൾ മലിനരാവില്ല.
നദികളെ പോലെ കാല്പനികർ

എന്നേ മരിച്ച് കൊണ്ടിരിക്കുന്ന വംശമാണു നീ
എന്നിലൂടെ നീ നടക്കുന്നുവെന്നേയുള്ളൂ.
ഞാനും എന്നേ മരിച്ചു കഴിഞ്ഞൊരു തെരുവാണു
നിന്നെ ചുമക്കുന്നുവെന്നേയുള്ളൂ..

ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ എന്റെ പേരു ഇനിയും മാറിപ്പോയേക്കാം
ചരിത്രം മാഞ്ഞു പോയേക്കാം.

ആദിമഗോത്രങ്ങളെപ്പോലെ കയറിപ്പോകാൻ
കാടുകളിപ്പോൾ നമ്മുടേതല്ല.
നീന്തിക്കയറാൻ കടൽത്തീരങ്ങൾ അവശേഷിക്കുന്നുമില്ല

ചെവിയോർത്തു നോക്കൂ…
വംശഹത്യയുടെ കാല്പെരുമാറ്റം തിരിച്ചറിയുന്നില്ലേ.. ?
തെരുവിൽ നീ
നിസ്സഹകരണത്തിന്റെ ഉപ്പ് വാറ്റുക

മരണത്തിന്റെ വെടിയൊച്ച നീ
കേൾക്കുന്നില്ലേ‌ ?
തെരുവിൽ നീ അതിർത്തി ഭേദിക്കുന്ന ഗസലു മൂളുക

തടവറകളുടെ ഇരുമ്പഴികൾ നിനക്കായ് തുറന്നിട്ടത് കാണുന്നില്ലേ ?
നീ എട്ടാമത്തെ പുത്രനായ് തെരുവിലിറങ്ങുക

കത്തുന്ന ഗ്രന്ഥപ്പുരകൾ ഉള്ളു പുകയ്ക്കുന്നില്ലേ ?
ജ്ഞാനപ്പഴത്തിലെ പുഴുവിൽ നിന്നു നീയൊരു തക്ഷശിലയായ് തെരുവിലിറങ്ങുക

അനാചാരങ്ങൾ നിന്നെ അപമാനിക്കുന്നതായ് തോന്നുന്നില്ലേ ?
ആനന്ദഭിക്ഷുവിന്റെ തെരുവിൽ
നീയിനി ബുദ്ധന്റെ അമ്മയാവുക

വർഗ്ഗീയതയുടെ വിഷഗന്ധം മണക്കുന്നില്ലേ..
പുതച്ചു മൂടിയവളേ
നീയിനി ഐക്യത്തിന്റെ സുവിശേഷം ഈ തെരുവിൽ വായിക്കുക”

വംശഹത്യയുടെ കത്തി രാകിത്തുടങ്ങിയാൽ
പിന്നെ
തെരുവു തന്റെ ഒടുക്കത്തെ അത്താഴമുണ്ണും
തകർക്കപ്പെട്ട പള്ളിയുടെ പാദങ്ങൾ ചുംബിക്കും
ഒറ്റിക്കൊടുക്കപ്പെട്ട ബുദ്ധവിഹാരങ്ങൾക്ക് അപ്പം പങ്ക് വയ്ക്കും

തനിക്കേറ്റവും
പ്രിയപ്പെട്ടവളെ കെട്ടിപ്പിടിക്കും
ഒരു മറയുമില്ലാതെ…

ജിബ്രീൽ മാലാഖ മുഹമ്മദിനെ എന്ന പോലെ……

എന്നിട്ടിങ്ങനെ പറയും
പുതച്ചു മൂടിയവളേ
നീയിനി ഐക്യത്തിന്റെ സുവിശേഷം ഈ തെരുവിൽ വായിക്കുക

നിരക്ഷരനായ മുഹമ്മദിനെ പോലെ ഞാൻ നിലവിളിച്ചു….
എനിക്കു വായിക്കാനറിയില്ല..
എനിക്കു വായിക്കാനറിയില്ല
എനിക്ക് …….

രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പ് എനിക്ക് വായിക്കാനറിയില്ല.
സിറജുന്നിസയുടെ തെരുവിലെ കളിവാക്കുകൾ വായിക്കാനറിയില്ല
അഖ്ലാക്കിനെയും ജുനൈദിനെയും ഓർക്കാനാവുന്നില്ല.
ഹേമന്ദ് കർക്കറെയും ഗൗരിലങ്കേഷിനെയും
കുറിച്ചൊന്നുമറിയില്ല.
നജീബ് തിരിഞ്ഞു പോയ വഴി കാണാൻ കഴിയുന്നേയില്ല.
മദനിയുടെ ഒറ്റക്കാലുള്ള കുറ്റപത്രത്തിലെ ഭാഷ മനസ്സിലാവുന്നില്ല.
സഞ്ചീവ് ഭട്ട് എവിടെ എന്നു പോലുമറിയില്ല.

എനിക്ക് വായിക്കാൻ കഴിയില്ല
എനിക്ക് വായിക്കാൻ കഴിയില്ല.

അടുത്ത നാൾ……
ഈ തെരുവിലൂടെത്തന്നെ നമ്മൾ നടക്കും

ഒറ്റ വോട്ട് !

ഒറ്റ വോട്ട് മതിയാവും
ഒരു വംശത്തിന്റെ കഥ കഴിയാൻ

പിന്നെ മൂന്നാം നാൾ പ്രഭാതത്തിൽ
ഉറുമ്പുകളുടെ ഭാഷ അറിയുന്നവൻ
ദാവീദിന്റെ പുത്രനെപ്പോലൊരുവൻ
വരും

തെരുവിന്റെ
ഉറുമ്പരിച്ച കണ്ണുകളിൽ നിന്നും
അതേ കവിത കണ്ടെടുക്കും.

തന്റെ മിസ്മാറിലൂതി
സ്പാനിഷ് തെരുവിനെ പറ്റിയുള്ള വിഖ്യാതമായ ആ കവിത വീണ്ടും
ഇങ്ങനെ പാടും…
ഇതാ എന്റെ പ്രിയപ്പെട്ടവളുടെ രക്തം
വരൂ… ഈ തെരുവിലെ രക്തം കാണൂ…

പിന്നെ എത്ര നൂറ്റാണ്ടുകൾ കഴിയണം…..
ഇതു പോലൊരുവൾ തന്റെചിതറിയ മുടി ചിക്കി
പതറിയ നോട്ടം നോക്കി..
ഈ തെരുവിലൂടെ ഇങ്ങനെ പരതിപ്പാടി നടക്കാൻ…..

“കാണുന്നുണ്ടനേക വംശത്തിൻ ചരിത്രം
കാണുന്നീലൊരക്ഷരവും എന്റെ വംശത്തെ പറ്റി..”

Leave a Reply