സ്വപ്നങ്ങളുടെ ബില്ലടക്കാതെ എങ്ങോട്ടാണ് നീ തിരക്കിട്ട് ഓടിപ്പോകുന്നത്

ഇറാക്കി കവി അദ്നാൻ അൽ സയഗിന്റെ മൂന്ന് കവിതകൾ
മൊഴിമാറ്റം_ കമറുദ്ദീൻ ആമയം

പരാതി

ആകാശത്തേക്ക് നോക്കി
മുടന്തൻ
നിലവിളിച്ചു:
ദൈവമേ
നിന്റെ കൈയിൽ
വേണ്ടത്ര കളിമണ്ണ്
ഇല്ലായിരുന്നുവെങ്കിൽ
എന്തിനാണ്
എന്നെ സൃഷ്ടിക്കാൻ
നീയിത്ര തിടുക്കം കാട്ടിയത്.

അസാന്നിദ്ധ്യം

മേശവിരിയിൽ
അയാളൊരു രാജ്യം വരച്ചു
പ്രകാശം വിതറും ചെറുവീടുകൾ, പാലങ്ങൾ, മരങ്ങളും പൂച്ചകളും.
പിന്നെ ഒരു ടിക്കറ്റ് വാങ്ങി
അവിടേക്ക് അയാൾ യാത്രയായി
തന്റെ ലഗേജുകളും മക്കളേയും ചുമന്ന്

അതിർത്തിയിൽ വെച്ച്
ഇൻസ്പെക്ടർ
ഒരു ബാർ‌ടെൻഡറെപ്പോലെ
അയാളെ കുലുക്കിയുണർത്തി
അക്രോശിച്ചു :
കണ്ട സ്വപ്നങ്ങളുടെ
ബില്ലടക്കാതെ
എങ്ങോട്ടാണ് നീ
തിരക്കിട്ട് ഓടിപ്പോകുന്നത്.

അസ്ത്രം

പെട്ടെന്നുള്ള മോചന നിമിഷത്തിൽ
ഒരസ്ത്രം എന്തിനെക്കുറിച്ചായിരിക്കും
ചിന്തിക്കുക
ഇരയെക്കുറിച്ചോ
അതോ സ്വാതന്ത്ര്യത്തെക്കുറിച്ചോ

Click Here