ഫാസിസം ഇ അബൂബക്കറിന്റെ ജീവനെടുക്കരുത്!
യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് മുൻ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാൻസറും പാർക്കിൻസൺസം കടുത്ത പ്രമേഹവും ഉൾപ്പടെ വിവിധ രോഗങ്ങൾകൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുവെന്നും കോടതി നിർദ്ദേശമുണ്ടായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുന്നില്ലെന്നും കുടുംബം പറയുന്നു.
ഇ അബൂബക്കറിന്റെ ശരീരത്തിന്റെ ചലനങ്ങളെയും ഓർമകളെയും അസുഖം ബാധിച്ചു
_ മുനീബ് തയ്യിൽതൊടി, ഇ അബൂബക്കറിന്റെ മരുമകൻ
സെപ്റ്റംബർ 22ന് പുലർച്ചെ 3 മണിക്കാണ് അബുസാഹിബിനെ വീട്ടിൽ വെച്ച് UAPA വകുപ്പുകൾ ചുമത്തി NIA അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. രോഗിയാണെന്ന പരിഗണന പോലും നൽകാതെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പോലും പറയാതെയാണ് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അവർ കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു ഇന്നേക്ക് 45 ദിവസങ്ങൾ കഴിഞ്ഞു. ഇപ്പോൾ തീഹാർ ജയിലിൽ എട്ടാം നമ്പർ ബ്ലോക്കിലാണ് വിചാരണ തടവുകാരനായി അദ്ദേഹം കഴിയുന്നത്.
അർബുദ രോഗിയായ അബുസാഹിബിന് മൂന്നു വർഷം മുന്നേ ഒരു മേജർ സർജറി കഴിഞ്ഞതാണ്. അർബുദം ബാധിച്ച ആമാശയത്തിന്റെ ഒരു ഭാഗം ആ സർജറിയിൽ ഒഴിവാക്കിയതാണ്. അതുകൊണ്ട് തന്നെ ഒരു സാധാരണ മനുഷ്യൻ കഴിക്കുന്നത് പോലെയുള്ള ഭക്ഷണം അദ്ദേഹത്തിനു കഴിക്കാനാവില്ല.പ്രത്യേക ഭക്ഷണങ്ങൾ പ്രത്യേക സമയങ്ങളിൽ കഴിക്കണം.
കാൻസറിന് പുറമെ ദീർഘകാലമായുള്ള പ്രമേഹ രോഗിയും കൂടിയാണ് അദ്ദേഹം. പ്രമേഹം നിയന്ത്രിക്കുന്നത് ഇൻസുലിന്റെ കൂടെയുള്ള ഭക്ഷണ ക്രമീകരണവും കൂടി നിലനിർത്തിയാണ്. ഇതിന്റെയൊക്കെ കൂടെ ഏറ്റവും പ്രയാസകരം അദ്ദേഹത്തിനു ബാധിച്ച പാർക്കിൻസൺസ് അസുഖമാണ്. ശരീരത്തിന്റെ ചലനങ്ങളെയും ഓർമകളെയും ഈ അസുഖം ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പരസഹായമില്ലാതെ സ്വന്തമായി ഒരു കാര്യവും ചെയ്യാനാവില്ല. കുളിക്കാനും വസ്ത്രം ധരിക്കാനും മറ്റൊരാളുടെ സഹായം വേണം.
കഴിക്കുന്ന മരുന്നിന്റെ പേരോ കഴിക്കേണ്ട സമയമോ ഓർത്തുവെക്കാനാവില്ല. കഴിഞ്ഞ മൂന്നു വർഷങ്ങളായി ബന്ധുക്കളുടെ കൃത്യമായ പരിചരണയിലും ശ്രദ്ധയിലുമാണ് അദ്ദേഹം ജീവിച്ചത്. ഇന്നലെ ജയിലിൽ സന്ദർശിക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ പ്രയാസപ്പെടുത്തുന്നതാണ്. നിരവധി തവണ അപേക്ഷ കൊടുത്തിട്ടും കോടതിയുടെ പ്രത്യേക നിർദേശം ഉണ്ടായിട്ടുപോലും രോഗിയാണെന്ന പരിഗണന അവിടെ നിന്ന് ലഭിക്കുന്നില്ല. മറ്റു തടവുകാരെ പോലെ തന്നെ തറയിലാണ് കിടക്കുന്നത്. രോഗം പരിഗണിച്ചുള്ള പ്രത്യേക ഭക്ഷണമോ പരിചരണമോ ലഭിക്കുന്നില്ല. പ്രമേഹത്തിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം നന്നായി കുറയുന്നുമുണ്ട്. കൂടാതെ ആ ശരീരത്തിന് താങ്ങാനാവാത്ത ഡൽഹിയിലെ കാലാവസ്ഥയും. ഈ അവസ്ഥയിൽ ജയിൽ ജീവിതം അദ്ദേഹത്തിന്റെ ശരീരം എത്രത്തോളം മുന്നോട്ട് കൊണ്ടുപൊകുമെന്ന് അറിയില്ല.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാണിച്ചു നൽകിയ അടിയന്തര ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കേണ്ടതയിരുന്നു. പക്ഷെ NIA സ്പെഷ്യൽ കോർട്ട് ജഡ്ജ് ലീവ് ആയതിനാൽ കേസ് അടുത്ത അഴ്ച്ചയിലേക്ക് മാറ്റി. ഇനിയും എത്രയോ മാറ്റിവെക്കലുകൾ ഉണ്ടാകുമെന്ന് നമുക്ക് അറിയാവുന്നതാണ്. UAPA കേസ് ചുമത്തപ്പെട്ടവർക്ക് മാനുഷിക പരിഗണനപോലും അതിവിദൂര സാധ്യതയാണല്ലോ.
എല്ലാം അല്ലാഹുവിലർപ്പിച്ചു ജീവിതം നയിച്ചവരുടെ കൂടെ അല്ലാഹു ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം മാത്രമാണ് ഞങ്ങളുടെ കരുത്ത്. സർവ്വ ലോക രക്ഷിതാവായ നാഥാ ജയിലിൽ കഴിയുന്ന അബുസാഹിബ് ഉൾപെടെയുള്ള ഞങ്ങളുടെ നേതൃത്വങ്ങൾക്കും സഹോദരങ്ങൾക്കും ആരോഗ്യവും സമാധാനവും നൽകണമേ… എത്രയും പെട്ടെന്ന് ഇസ്സത്തുള്ള ജയിൽ മോചനവും നൽകണമേ…
_ നവംബർ 5
ഇ അബൂബക്കറിന്റെ നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുക
_ കെ കെ കൊച്ച്, ചിന്തകൻ, എഴുത്തുകാരൻ
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായ തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട രോഗിയും വൃദ്ധനുമായ ഒരു ഇസ്ലാമിക പണ്ഡിതനെ സ്റ്റാന്‍ സ്വാമിയുടെ വിധിയിലേക്ക് തള്ളിവിടുന്നതിനെ പ്രതിരോധിക്കേണ്ടതു നീതി ബോധമുള്ള പൗരസമൂഹത്തിന്റെ കടമയാണ്. ഇത് ഇ അബൂബക്കറിന്റെ മാത്രം പ്രശ്‌നമല്ല; നിരോധിക്കപ്പെട്ട സംഘടനയിലെ മുഴുവന്‍ പേരെയും നീതി പീഠത്തിന്റെ മുമ്പില്‍ ഹാജരാക്കി നിരോധന കാരണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കടമ ഭരണകൂടത്തിന്റേതാണ്. ഇക്കാര്യം നിര്‍വ്വഹിക്കാത്ത ഫാസിസത്തിന്റെ മുഖമാണ് തിരിച്ചറിയേണ്ടത്. അതുകൊണ്ട് തന്നെ ഇ അബൂബക്കറിന് ലഭിക്കുന്ന നീതി ജനാധിപത്യത്തിന്റേതാണ്.
_ നവംബർ 6
ചികിത്സ ലഭ്യമാക്കണം
_ അബ്ദുന്നാസിർ മഅ്‌ദനി, പിഡിപി ചെയർമാൻ, ബാംഗ്ലൂർ,
യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ അടക്കപ്പെട്ടിരിക്കുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് ജനാബ്. ഇ അബൂബക്കറിന്റെ ആരോഗ്യനില അതീവമോശമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു. ക്യാൻസറും പാർകിൻസന്സും കടുത്ത പ്രമേഹവും ഉൾപ്പടെയുള്ള വിവിധ രോഗങ്ങൾ കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നു എന്നും കോടതി നിർദ്ദേശമുണ്ടായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുന്നില്ലായെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരിക്കുന്നത്. സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇത്തരം ഘട്ടങ്ങളിൽ നിശബ്ദത പുലർത്തുന്നതിനുള്ള കാരണം ആയിക്കൂടാ. അദ്ദേഹത്തിന് അർഹമായ ചികിത്സ നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അടിയന്തിരമായ ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
അബ്ദുന്നാസിർ മഅ്‌ദനി, ബാംഗ്ലൂർ
നവംബർ 9
ഫാസിസം ഇ അബൂബക്കറിന്റെ ജീവനെടുക്കരുത്
_ ശ്രീജ നെയ്യാറ്റിൻകര, സിറ്റിസൺസ് ഫോർ ഡെമോക്രസി
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് 70 വയസുള്ള ഇ അബൂബക്കർ തീഹാർ ജയിലിനുള്ളിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പൊതുബോധത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നല്ല എന്ന് നന്നായറിയാം. എന്നാൽ നീതിബോധമുള്ള മനുഷ്യർക്കത് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. ആമാശയ ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ ജീവൻ ഒരു മേജർ സർജറിയിലൂടെയാണ് നിലനിർത്തിയിരിക്കുന്നത്. വീട്ടിലായിരുന്നപ്പോൾ കൃത്യമായ മരുന്നും ഭക്ഷണ രീതികളും പിന്തുടർന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ വലിയ അപകടത്തിലാണെന്ന് ബന്ധുക്കൾ പറയുന്നു. വളരേക്കാലമായി പ്രമേഹരോഗിയായ അദ്ദേഹം പാർക്കിൻസൺസ് രോഗത്തിന്റെ ദുരന്തങ്ങൾ കൂടെ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ 3 വർഷമായി പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ ജയിലിലെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്.
എൻഐഎ കസ്റ്റഡിയിലായിരുന്ന 20 ദിവസങ്ങളിൽ 15 ദിവസവും അദ്ദേഹം ആശുപത്രിയിലായിരുന്നു. ജയിലിലായ ശേഷം അദ്ദേഹത്തിന് മെഡിക്കൽ ചെക്കപ്പല്ലാതെ കൃത്യമായ ചികിത്സയോ രോഗം പരിഗണിച്ചു കൊണ്ടുള്ള ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ബന്ധുക്കൾ കോടതിയെ സമീപിച്ച് നേടിയെടുത്ത ആനുകുല്യങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ജയിലധികൃതർ ലഭ്യമാക്കുന്നില്ല. പ്രമേഹത്തിന്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ നൽകുകയും ഇൻസുലിൻ കുറയുമ്പോൾ പഞ്ചസാര കലക്കി കൊടുക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
സ്റ്റാൻ സ്വാമിയെ ഫാസിസം വേട്ടയാടിയത് നമുക്ക് മുന്നിലുണ്ട്. മറ്റൊരാൾക്കും സ്റ്റാൻ സ്വാമിയുടെ ഗതി ഉണ്ടാകരുത്. മനുഷ്യത്വം എന്നൊന്നുണ്ട്. പാർക്കിൻസൺസ് രോഗം ഓർമ്മയെ പോലും മറയ്ക്കുമ്പോൾ ജയിലിൽ കിടന്ന് നരകിക്കേണ്ടി വരുന്ന ഒരു വൃദ്ധന്റെ അവസ്ഥ അത്യന്തം വേദനാജനകമാണ്.
സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഇസ്ലാമിക പണ്ഡിതനുമൊക്കെയായ ഒരു മനുഷ്യനെ തീവ്രവാദ മുദ്ര ചാർത്തി യുഎപിഎ ചുമത്തി ജയിലിലിട്ട് കൊല്ലാക്കൊല ചെയ്യുകയാണ് ഫാസിസ്റ്റ് ഭരണകൂടം.
ഒരു വിചാരണ തടവുകാരന് കിട്ടേണ്ട എല്ലാ മനുഷ്യാവകാശങ്ങളും അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി വേണ്ട ചികിത്സകൾ നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണം. അതിനായി നീതിബോധമുള്ള സകല മനുഷ്യരും ശബ്ദമുയർത്തണം.
അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് മുനീബ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ
ന്യൂസ് പോർട്ട് എന്നൊരു ഓൺലൈൻ മീഡിയ ഈ ഭരണകൂട വേട്ട വാർത്തയാക്കുകയും അതെന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുമ്പോഴാണ് ഞാനിതറിയുന്നത്. തുടർന്ന് ഞാൻ മുനീബിനെ ഫോണിൽ ബന്ധപ്പെടുമ്പോഴാണ് വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. ഹിന്ദുത്വ പൊതുബോധത്തിന് ഓശാന പാടുന്ന മീഡിയകൾ ഈ മനുഷ്യന്റെ ജീവന് വിലകൽപ്പിക്കും എന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, മാനവികതയുടെ രാഷ്ട്രീയം ഉള്ളിൽ പേറുന്ന കുറച്ചു മനുഷ്യരെങ്കിലും ചുറ്റുമുണ്ട് എന്ന വിശ്വാസത്തിലാണ് ഞാനീ കുറിപ്പെഴുതിയത്. ശ്രദ്ധിക്കുക ഇ അബൂബക്കറിന്റെ ജീവൻ അപകടത്തിലാണ്!
_ നവംബർ 6