മുസ്‌ലിങ്ങൾക്ക് എതിരെയുള്ള വിചിത്ര സത്യവാങ്മൂലങ്ങൾ
നാസര്‍ മാലിക്
സിദ്ധീഖ് കാപ്പനെതിരെ യുപി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്
“സിദ്ധീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ പത്രമായ തേജസിൽ ജോലി ചെയ്തിട്ടുണ്ട്, പോപ്പുലർ ഫ്രണ്ടിന് നിരോധിത സംഘടനകളുയമായി ബന്ധമുണ്ട്. അതുകൊണ്ട് ഭീകരനായ സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി തള്ളണം…”
എന്തൊരു വിചിത്രവും ദുർബ്ബലവും ബാലിശവുമായ വാദങ്ങളാണ് യോഗി സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിങ്ങൾക്ക് എതിരെ ഇത്തരം വിചിത്ര സത്യവാങ്മൂലങ്ങൾ വിചാരണ കോടതി തൊട്ട് സുപ്രീംകോടതി വരെ നൽകുന്നത് ഒന്നര പതിറ്റാണ്ടായുള്ള വളരെ പ്രത്യക്ഷ്യമായ ഒരു ആചാരമാണ്. ഈ കോടതികൾ ആ വാദങ്ങൾ മുഖവിലക്ക് എടുത്തുകൊണ്ട് അതിലും വലിയ വിചിത്ര വിധികൾ പറഞ്ഞിട്ടുണ്ട്.
കോയമ്പത്തൂർ കേസിൽ പ്രത്യേക കോടതി ജഡ്ജി തനികാചലം മഅദനിയുടെ ജാമ്യ ഹർജി പരിഗണിക്കുന്ന നേരം അത് തള്ളാൻ കാരണമായി പറഞ്ഞ കാര്യം ഇതായിരുന്നു,
“ബോംബേറിൽ വലത് കാൽ തകർന്ന മഅദനി ബോംബ് സംസ്‌കാരം രക്തത്തിൽ അലിഞ്ഞു ചേർന്ന ആളാണ്. അതുകൊണ്ട് ജാമ്യം നൽകിയ മഅദനി രാജ്യത്തിന് ഭീഷണിയാണ്.”
ബാംഗ്ലൂർ കേസിൽ ചികിത്സക്ക് വേണ്ടി ജാമ്യം തേടി പോയ നേരം മഅദനി ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ തുറന്ന് പോലും നോക്കാതെ സദാശിവം അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞത് ഇങ്ങനെയാണ്,
“ജാമ്യത്തിന് ആണെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വരണ്ടാ, വേറെ വല്ലതും പറയാൻ ഉണ്ടോ?”
പലപ്പോഴും വാദം കേൾക്കും മുൻപെ നിശ്ചയിച്ച വിധികളാണ് മുസ്‌ലിങ്ങളുടെ കാര്യത്തിൽ നീതി പീഠങ്ങളിൽ നിന്നും വരുന്നത്.
ഇരയാക്കപ്പെട്ട മുസ്‌ലിം യുവാക്കളെ ഏഴ് വർഷത്തിന് ശേഷം വെറുതെ വിട്ട ഹൂബ്ലി കേസിൽ യഹിയ അഞ്ച് തവണയാണ് ജാമ്യത്തിനായി സുപ്രീം കോടതി വരെ പോയത്. അന്നേരം ജാമ്യം നിഷേധിക്കാൻ കാരണമായി സർക്കാർ പറഞ്ഞതും ഇത്തരം ദുർബ്ബലവും വിചിത്രവുമായ കാര്യങ്ങളാണ്. ഹൂബ്ലി കേസിലെ സ്റ്റേറ്റ് ആരോപണം തന്നെ അതീവ ദുർബ്ബലമാണ്. കുറ്റകരമായ ഗൂഢാലോചന നടത്തി എന്നതാണ് പ്രോസിക്യുഷൻ വാദം. അല്ലാതെ എന്തെങ്കിലും അക്രമണത്തിന്റെ പുറത്തോ, ആരെങ്കിലും കൊല്ലപ്പെട്ടതിന്റെ പുറത്തോ, ആർക്കെങ്കിലും പരിക്ക് ഏറ്റതിന്റെ പുറത്തോ ആയിരുന്നില്ല ഏഴ് വർഷക്കാലം യഹിയ അടക്കമുള്ളവരെ വേട്ടയാടിയത് എന്നത് ഓർക്കുമ്പോൾ സിദ്ധീഖ് കാപ്പന്റെ കാര്യത്തിലും നാം ഭയക്കണം.
അർണാബിന് നീതി ഉറപ്പാക്കാൻ ഞങ്ങൾ ഉണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി തീർത്തും യുക്തിരഹിതമായ ആരോപണം സിദ്ധീഖ് കാപ്പനെതിരെ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടും അതിനെ ചോദ്യം ചെയ്തില്ല എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. അർണാബിന് എതിരെ പ്രോസിക്യുഷൻ ഉന്നയിച്ച ആരോപണങ്ങളിലെ കാര്യങ്ങൾ ഓരോന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ചോദ്യം ചെയ്ത കോടതി കാപ്പനെതിരെ ആഴ്ചകൾ അന്വേഷിച്ച ശേഷം ജാമ്യം തടയാനായി ഉയർത്തിയ വാദങ്ങളിലെ പൊള്ളത്തരത്തെ പറ്റി മൗനം പാലിച്ചു.
മുസ്‌ലിങ്ങൾ വേട്ടയാടപ്പെടുന്ന ഭീകരവാദ കേസുകളുടെ നിയമ വ്യവഹാരങ്ങളുടെ ചരിത്രവും താവഴിയും പരിശോധിച്ചാൽ ഇവിടെ എത്രത്തോളം ജനാധിപത്യവും മതേതരത്വവും ഒക്കെ നിയമ വാഴ്ചയിൽ വരെ നില നിൽക്കുന്നുവെന്നത് കൃത്യമായി ബോധ്യമാവും!
Photo courtesy_ Prashanth Vishwanathan, Reuters