അമ്മേ ഞാനിത് ചെയ്തിട്ടില്ല!

വയനാട്ടിൽ ദീപു എന്ന ആദിവാസി യുവാവിനെ വാഹനമോഷണം ആരോപിച്ചു കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. വാഹനമോടിക്കാൻ അറിയാത്ത ദീപുവിനെ അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി മർദ്ദിക്കുകയും അദ്ദേഹത്തിന്റെ കേൾവി നഷ്ടപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞു പൊലീസ് സ്റ്റേഷനിലെത്തിയ ദീപുവിന്റെ അമ്മയുടെ മുൻപിൽ വെച്ചും പൊലീസ് മർദ്ദനം തുടർന്നു. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ദീപു കുടുംബാംഗങ്ങളോട് തുറന്നു പറഞ്ഞിരുന്നു. കസ്റ്റഡിയിൽ പൊലീസ് ദീപുവിന് ഭക്ഷണം നിഷേധിച്ചുവെന്നും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോയ പോരാട്ടം നേതാവ് ഷാന്റോ ലാൽ എഴുതുന്നു….

ഡ്രൈവിംഗ് അറിയാത്ത ആദിവാസി യുവാവ് ദീപു കാർ മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ടത് അന്വേഷിക്കാനും പിന്തുണ പ്രഖ്യാപിക്കാനുമായി ഡോക്ടർ പി ജി ഹരിയോടൊപ്പം ഞാനും കെ ചാത്തു ഏട്ടനും സി പി ജിഷാദും ചേർന്ന് മീനങ്ങാടി അപ്പാട് അത്തിക്കടവ് ആദിവാസി ഊരിൽ ഇന്ന് പോയിരുന്നു. മാധ്യമ വാർത്തകളെ ശരിവക്കുന്ന വിവരങ്ങളാണ് സമീപവാസികളായ നാട്ടുകാരിൽ നിന്നും ഊരു നിവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ദീപുവിന് കാർ പോയിട്ട് ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്ന് അപ്പാട്ടെ കച്ചവടക്കാർ ഉൾപ്പെടെ എല്ലാവരും പറയുന്നു.ഇതുവരെ ഒരു കുറ്റകൃത്യത്തിലും ദീപു ഉൾപ്പെട്ടിട്ടില്ലെന്നും തൊഴിലെടുത്ത് ജീവിക്കുന്ന യുവാവാണെന്നും ദീപു ഒരു മോഷ്ടാവല്ലെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ആ പ്രദേശത്ത് അല്ലറ ചില്ലറ മോഷണക്കേസുകളിൽ പ്രതികളായവർ വേറെയുണ്ടെന്നും നാട്ടുകാരും ഊരു നിവാസികളും പറയുന്നുണ്ട്. ദീപുവിന്റെ സ്വഭാവത്തിൽ ആകെയുള്ളത് ജോലി കഴിഞ്ഞ് അൽപം മദ്യപിക്കാറുണ്ട് എന്നത് മാത്രണ്.

ബത്തേരിയിൽ ഏതോ ഒരു കാറിൽ ചാരി നിന്നിടത്ത് നിന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത ശേഷം കാർ മോഷ്ടിക്കാൻ ശ്രമിച്ചതായി കേസുണ്ടാക്കി എന്നും ദീപുവിന് വാഹനം ഓടിക്കാൻ അറിയില്ല എന്ന വിഷയം പുറത്ത് വന്നപ്പോൾ ദീപുവിന്റെ നാട്ടിൽ മുൻപ് നടന്ന രണ്ട് കേസുകളിൽ ദീപുവിനെ പ്രതിയാക്കി പോലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു.

ഒരു കേസ് ദീപുവിന്റെ നാട്ടിൽ നിന്നൊരു സ്കൂട്ടർ ഉന്തിക്കൊണ്ട് പോയി മീനങ്ങാടിയിൽ കൊണ്ടു വച്ചതാണ്. ഇത് ദീപു മദ്യലഹരിയിൽ ചെയ്തതാകാമെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. എന്നാൽ മദ്യലഹരിയിലുള്ള ഒരാൾക്ക് കയറ്റമടക്കമുള്ള റോഡിലൂടെ 4 കിലോമീറ്റർ ദൂരം സ്കൂട്ടർ തള്ളിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് ഊരുനിവാസികളും ബന്ധുക്കളും പറയുന്നു. ബന്ധുക്കൾ പറയുന്ന കാര്യത്തിനാണ് കൂടുതൽ സാധ്യത.

മറ്റൊരു കേസ് സമീപത്തെ ഒരു വീട്ടിൽ നിന്നും പേഴ്സ്, കമൽ, മൊബൈൽ ഫോൺ എന്നിവ കാണാതായ വിഷയമാണ്. ഈ വീട്ടുകാർ ആദ്യം കാണാതെ പോയി എന്നു പറഞ്ഞ വസ്തുക്കളല്ല രണ്ടാമത് പറഞ്ഞത് എന്ന് ബന്ധുക്കൾ പറയുന്നു. അതായത് കാണാതായ സാധനങ്ങളെപ്പറ്റി രണ്ടു തരത്തിൽ പറഞ്ഞെന്ന്. കാർ മോഷ്ടിക്കാൻ ശ്രമിച്ച ദീപു 200 മീറ്റർ വാഹനം ഓടിച്ചെന്ന് ആദ്യവും 70 മീറ്റർ റിവേഴ്സ് എടുക്കുകയാണ് ചെയ്തതെന്ന് പിന്നീടും പോലീസ് രണ്ട് തരത്തിൽ പറഞ്ഞെന്നും ബന്ധുക്കൾ പറയുന്നു. വാഹനമേ ഓടിക്കാൻ അറിയാത്തയാൾ ഇതെങ്ങനെ ചെയ്യുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.

ദീപുവിന് ചെറിയ വിക്കുണ്ടെന്നും, മദ്യലഹരിയിലും പോലീസ് കസ്റ്റഡിയിലായതിന്റെ ഭയം മൂലവും തന്റെ ഭാഗം പോലീസിൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല എന്നും ബന്ധുക്കൾ പറയുന്നു. ദീപു പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് ബത്തേരി പോലീസ് സ്റ്റേഷനിൽ ചെന്ന ദീപുവിന്റെ അമ്മയോട് “അമ്മേ ഞാനിത് ചെയ്തിട്ടില്ല” എന്ന് പറഞ്ഞ ദീപുവിനെ തങ്ങളവിടെ നിൽക്കെ പോലീസ് അകത്ത് കൊണ്ടുപോയി മർദ്ദിച്ചെന്നും പിന്നീട് വന്ന ദീപു ഞാൻ കുറ്റം ചെയ്തതാണെന്നും പറഞ്ഞെന്ന് അമ്മയും ദീപുവിന്റെ ഭാര്യയും സഹോദരങ്ങളും പറഞ്ഞു. പോലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, ബൈക്ക് ഓടിക്കാത്ത, സ്വന്തം വീട്ടിൽ നിന്നു പോലും പത്ത് രൂപ പറഞ്ഞിട്ട് മാത്രം എടുക്കാറുള്ള ദീപു മോഷ്ടിക്കില്ലെന്ന് കുടുംബാഗങ്ങളും ഊര് നിവാസികളും തറപ്പിച്ച് പറയുന്നു.

കസ്റ്റഡിയിൽ മർദ്ദനമേറ്റ ദീപുവിന്റെ ചെവി കേൾക്കുന്നില്ലെന്നും, ചുണ്ടുകൾ പൊട്ടിയിട്ടുണ്ടെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കൈകളിൽ വിലങ്ങു വെച്ച് വലിച്ചിഴച്ച് കൊണ്ടുവരികയും മരച്ചുവട്ടിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുക്കുന്ന, മോഷണം നടന്ന വീട്ടിലെ ചുവരുകളിൽ പിടിപ്പിച്ച ശേഷം വിരലടയാളം ശേഖരിച്ച് കൃത്രിമ തെളിവ് ഉണ്ടാക്കുന്ന സ്വയം രക്ഷപ്പെടാനും നിരപരാധി ആയ ആളെ കുറ്റം ചുമത്താനും ഉണ്ടാക്കിയ നാടകമായിരുന്നു തെളിവെടുപ്പിന്റെ പേരിൽ അരങ്ങേറിയതെന്നാണ് ഊരു നിവാസികൾ പറയുന്നത്.

രാത്രി സമയത്ത് സംശയാസ്പദമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്ത പോലീസ് യാതൊരു പരിശോധനയും നടത്താതെ കാർ മോഷണക്കേസ് ചുമത്തുകയും അത് പൊളിഞ്ഞ് തിരിച്ചടിയായപ്പോൾ ജാള്യത മറക്കാനും സ്വയം രക്ഷപ്പെടാനും ഒരു നിരപരാധിയെ കരുവാക്കിയതായി ഇവിടെ വ്യക്തമാവുകയാണ്. ശക്തമായ പ്രതികരണം ഇക്കാര്യത്തിൽ സമൂഹത്തിൽ നിന്ന് ഉയർന്നുവരണം. ഈ വിഷയം ജനങ്ങളിലെത്തിക്കാൻ മുൻകൈ എടുത്ത സാമൂഹ്യ പ്രവർത്തക കെ അമ്മിണി വയനാടിന്റെ നേതൃത്വത്തിലുള്ള ആദിവാസി വനിതാ പ്രസ്ഥാനം തിങ്കളാഴ്ച്ച കലക്ടറേറ്റിന് മുന്നിൽ ഒരു ദിവസ പ്രതിഷേധം തീരുമാനിച്ചിട്ടുണ്ട്. ആ സമരം ജനപങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുക എന്നതാണ് നമ്മുടെ കടമ. പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ ഈ സമരത്തിൽ അണിചേരാൻ തീരുമാനിക്കുന്നു. എല്ലാ പുരോഗമന ജനാധിപത്യ ശക്തികളും വ്യക്തികളും അണിചേരണമെന്നും അഭ്യർത്ഥിക്കുന്നു.
_ ഷാന്റോ ലാൽ
പോരാട്ടം

Follow | Facebook | Instagram Telegram | Twitter