ജാമ്യം ലഭിച്ച ഖാലിദ് സൈഫി വീട്ടിലെത്തുമെന്നാണ് കുട്ടികള്‍ പ്രതീക്ഷിച്ചത്!

‘ജനാധിപത്യ’ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത ഒരാള്‍ക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചാൽ, ജാമ്യം ലഭിച്ചാല്‍ പോലും പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. എങ്ങനെയും മോചനം സാധ്യമായാൽ മാവോയിസ്റ്റ് നേതാവ് ഡാനിഷിന് സംഭവിച്ചപ്പോലെ മറ്റൊരു കേസില്‍പ്പെടുത്താനുള്ള അനന്തസാധ്യതകള്‍ ‘ജനാധിപത്യത്തിനുണ്ട്.’ ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളും ‘പിഞ്ച്‌റ തോഡ്’‌ പ്രവര്‍ത്തകരുമായ ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡല്‍ഹി കലാപകേസിലാണ് ജയിലിലടച്ചത്. ദേവാംഗനക്ക് രണ്ടാഴ്ച മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. നടാഷ നര്‍വാളിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചു. പക്ഷെ മോചനം അകലെ, ജയിലിന് പുറത്തു വരില്ല. യു.എ.പി.എ ചുമത്തി വേറെയും കേസുകളുണ്ട്.

വിദ്യാര്‍ത്ഥികളായ അലനും -ത്വാഹയും ജയിലിലടക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷമായതുകൊണ്ടു അവര്‍ക്ക് പ്രിവിലേജുണ്ടെന്നും അതിന്‍റെ പരിഗണന ലഭിക്കുന്നുവെന്നുമായിരുന്നു പിന്തിരിപ്പന്‍മാരുടെ ആവലാതികള്‍. അഫ്സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നു ഉമര്‍ ഖാലിദ് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും സവര്‍ണ്ണ ലെഫ്റ്റ് പ്രിവിലേജ് ആരോപിച്ചിരുന്നു. ദേവാംഗനയും നടാഷയും ജയിലിലടക്കപ്പെട്ടപ്പോഴും ഈ വാദമുയര്‍ന്നു. പ്രിവിലേജ് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ആ വനിതാ തടവുകാര്‍ ജാമ്യം ലഭിച്ചിട്ടുപോലും പുറത്തുവരാന്‍ കഴിയാതെ ഇന്നും കുരുക്കില്‍പ്പെട്ടു കിടക്കുന്നു.

ഡല്‍ഹി കലാപ കേസില്‍ ഖാലിദ് സൈഫിക്ക് കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവളോട്, അബ്ബ എപ്പോള്‍ വരുമെന്ന് കുട്ടികള്‍ ചോദിച്ചു. സൈഫിക്ക് ജാമ്യം ലഭിച്ചതില്‍ നര്‍ഗിസ് സൈഫിയും കുട്ടികളും ആഹ്ലാദത്തിലായിരുന്നു. അദ്ദേഹം ഉടന്‍ വീട്ടിലേക്ക് വരുമെന്ന് തന്നെ കുട്ടികള്‍ പ്രതീക്ഷിച്ചു കാത്തിരുന്നു. ഖാലിദ് സൈഫിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ എണ്ണംകണ്ട് ഞാന്‍ ഞെട്ടി. അദ്ദേഹത്തിനെതിരെ വേറെയും കേസുകളുണ്ട്. കുട്ടികള്‍ ഇപ്പോള്‍ അത് മനസിലാക്കി കാണും, അബ്ബക്ക് ഉടന്‍ വരാന്‍ കഴിയില്ലെന്നും.

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷ് വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കിടപ്പിലായ പിതാവും അമ്മയും സഹോദരിയും മുത്തശ്ശനും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എ.ടി.എസ് ആ യുവാവിനെ റാഞ്ചികൊണ്ടുപോയി വീണ്ടും ജയിലിലടച്ചു. ഇതാണ് ജാമ്യം ലഭിച്ച രാഷ്ട്രീയ തടവുകാരുടെ അവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരിയ്ക്കലും പോലും, സല്‍വാ ജുദും – ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്നിവയിലൂടെ ആദിവാസികളെയും മാവോയിസ്റ്റുകളെയും കൂട്ടക്കൊല ചെയ്ത മൻമോഹൻ സിംഗിന്‍റെയോ ഗുജറാത്ത് മുസ്‌ലിം വംശഹത്യ നടത്തിയ നരേന്ദ്ര മോദിയുടെയോ ബന്ധുക്കള്‍ക്ക്, അവര്‍ ജയിലിലടക്കപ്പെടുമെന്ന ആശങ്ക ഒരിക്കലുമുണ്ടാവില്ല. അതുകൊണ്ടു തന്നെ അവരുടെ ബന്ധുക്കള്‍ക്ക് ജയില്‍, മോചനം എന്നിവയെ കുറിച്ചു ആലോചിക്കേണ്ടതേയില്ല.
_ പ്രശാന്ത് സുബ്രഹ്മണ്യന്‍

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail