അക്രമാസക്ത ബ്രാഹ്മണ്യവാദത്തിന്‍റെയും സാമ്രാജ്യത്വസേവയുടെയും ലക്ഷണമൊത്ത മുഖം


_ സി പി റഷീദ്

പ്രണബ് കുമാർ മുഖർജി അന്തരിച്ചു. നരേന്ദ്ര മോഡിക്ക് അദ്ദേഹം വികസന വഴിയിലെ വലിയ അടയാളമായിരുന്നെങ്കിൽ ആർ.എസ് എസ് നേതാവിന് പണ്ഡിതനും രാജ്യസ്നേഹിയും വലിയ ഉപദേശങ്ങൾ നൽകി തങ്ങളെ മുന്നോട്ട് നയിച്ച സംഘ് പരിവാർ കുടുംബത്തിലെ തന്നെ മുതിർന്ന അംഗവുമായിരുന്നു. ബജ്റംഗദളിനെയും മറ്റും ഇന്ദിരയും കോൺഗ്രസ്സും വലിയ അളവിൽ സഹായിച്ച് ഉത്തേജിപ്പിച്ച കാലത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് എങ്ങനെ മറക്കും. കൈപ്പത്തിക്കും കാവിക്കുമിടയിലെ അന്തർധാരയായി നമ്മുക്കാ ദുഃഖത്തെ മനസ്സിലാക്കാം.

എ കെ ആന്‍റണിക്ക് ആവട്ടെ താനും കരുണാകരനും തമ്മിലെ പഴയ പോരിനിടയിലെ നീതിമാനായ മധ്യസ്ഥൻ. ഒട്ടും മോശമല്ല കപട ഇടതന്മാരും. പിണറായിക്ക് ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയമായി ഉയർത്തിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ്. എങ്ങനെയാണ് മുഖർജി ഇന്ത്യയുടെ യശസ്സുയർത്തിയത് എന്നോ? എന്തായിരിക്കണം നമ്മുടെ യശസ്സ് എന്നോ? ഇടതനും വലതനും രാജ്യത്തിന്‍റെ യശസ്സിനെ പറ്റി ഒരേ സങ്കല്‍പനം തന്നെ ആണോ എന്നൊന്നും ചോദിക്കരുത്. കാരണം ചാവിന് ബന്ധുത്വം ഏറുമല്ലോ? .

സ്പീക്കർ ശ്രീരാമകൃഷ്ണന് അദ്ദേഹം ഒരു ജ്ഞാന വൃദ്ധൻ തന്നെ ആയിരുന്നു . അങ്ങനെ പല കൊടി നിറങ്ങൾ പേറിയ ഭരണവർഗ്ഗ പാർട്ടി നേതാക്കളും അധികാരികളും വാഴ്ത്തി പാടുന്ന ഈ മുഖർജി ശരാശരി ഇന്ത്യകാരന്, മർദ്ദിത വർഗ്ഗ , ജാതിയിൽപെടുന്ന ദരിദ്ര ജനതയ്ക്ക് യഥാർത്ഥത്തിൽ എന്തായിരുന്നു. അത് മാത്രം ആരും പറയില്ല. അങ്ങനെ ഒരു ഓഡിറ്റിങ്ങിനാണ് യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റുകാർ എങ്കിലും ശ്രമിക്കേണ്ടത്.

അക്രമാസക്ത ബ്രാഹ്മണ്യവാദത്തിന്‍റെയും സാമ്രാജ്യത്വ സേവയുടെയും ലക്ഷണ യുക്ത മുഖം മാത്രമാണ് പ്രണബ് എന്ന രാഷ്ട്രീയ നേതാവ്. ജനവിരുദ്ധ രാഷ്ട്രീയത്തിന്‍റെ ആ മുഖം ഒട്ടും മങ്ങാതെ തന്നെ ബംഗാൽ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള തന്‍റെ ജീവിത യാത്രക്കിടയിൽ കർക്കശമായി തന്നെ കാത്ത് പോന്നു. ഇന്ദിരാഗാന്ധിക്കൊപ്പം അടിയന്തിരാവസ്ഥയിൽ ഉറച്ച് നിന്ന് ജനാധിപത്യത്തെ കശാപ്പു ചെയ്ത പ്രണബ്. കർഷക ആത്മഹത്യകൾ തീവ്രമാക്കിയ, പൊതുമേഖലകൾ വിറ്റുതുലക്കുന്ന, സമ്പദ്ഘടനയെ പൂർണ്ണമായും ആശ്രിതമാക്കിയ ആഗോള, ഉദാര, സ്വകാര്യവത്ക്കരണങ്ങൾ തീവ്രമായി നടപ്പിലാക്കിയ ധനമന്ത്രി. പുത്തൻ കൊളോണിയൽ കൊള്ളയുടെ ഈ പതാക വാഹകൻ വിദേശകാര്യ മന്ത്രിയായ കാലത്താണ് അമേരിക്കൻ ആണവകരാറിൽ ഇന്ത്യ ഒപ്പിട്ടത്. സാക്ഷാൽ മൻമോഹനെ റിസർവ്വ് ബാങ്കിന്‍റെ തലപ്പത്ത് കുടിയിരിത്തിയതും മറ്റാരുമല്ല.

കോൺഗ്രസ്സ് വിലക്ക് വകവെക്കാതെ നാഗ്പൂരിൽ ചെന്ന് ആർ. എസ്.എ.സിനെ വാരി പുണർന്ന് വാഴ്ത്തി പാടിയ ഈ ബ്രാഹ്മണൻ ജനങ്ങൾയ്ക്കെതിരെ, ജനാധിപത്യത്തിനുമെതിരെ നടത്തിയ നീക്കങ്ങൾ അത്രയെളുപ്പം തീരില്ല. രാഷ്ട്രപതിയായിട്ടും ടിയാന്‍റെ വീര്യം കുറഞ്ഞില്ല. 4 വർഷത്തിനുള്ളിൽ 30 ലധികം ദയാഹരജികൾ തള്ളി നിരവധി മനുഷ്യരെ കൊലകയറിലേക്ക് എറിഞ്ഞ് കൊടുത്ത മുഖർജി ആ കാര്യത്തിലും ഒരു റെക്കാർഡ് തന്നെയാണ്. വെറുതെ ആണോ ഭരണവർഗ്ഗങ്ങൾ തങ്ങളുടെ ഭാരതത്തിലെ രത്നമായി അദ്ദേഹത്തെ കൊണ്ടാടിയത്. അനുശോചന പ്രവാഹങ്ങൾ ഒഴുകുന്നത്. ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചത്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail