ബാബരി മസ്ജിദ് മുസ്‌ലിങ്ങൾക്ക് വിട്ടുകൊടുക്കുക, പകരമുയരുന്ന ബ്രാഹ്മണ്യകോട്ട നിലംപൊത്തും

ബാബരി മസ്ജിദ് മുസ്‌ലിങ്ങൾക്ക് വിട്ടുകൊടുക്കുക, അവിടെ നിർമ്മിക്കുന്നത് ബ്രാഹ്മണ്യ കോട്ട എന്ന നിലപാട് ആണ് ജനാധിപത്യപരവും ചരിത്രപരമായി ശരിയും വിപ്ലവപരവും. ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ മാവോയിസ്റ്റ് (നക്സലൈറ്റ് )പ്രസ്ഥാനത്തിന് മാത്രമെ സാധിച്ചിട്ടൊള്ളൂ…
_ സി പി റഷീദ്

ഓർമ്മകൾ വളരെ പ്രധാനമാണ്. അത് ആപത്തിന്‍റെ നിമിഷത്തിൽ കയ്യെത്തി പിടിക്കാവുന്ന ചരിത്രപരമായ വസ്തുനിഷ്ഠമായ അറിവാണെങ്കിൽ. എന്നാൽ ഫാസിസം മറവിയിലും ചരിത്രവിരുദ്ധമായ കെട്ടുകഥകളിലും ആവേശം കൊള്ളുന്നു. നമ്മുടെ രാജ്യത്ത് അത്തരം കെട്ടുകഥകൾ വലിയ അപകടമായി പല സ്ഥലങ്ങളിലും നിലനിൽക്കുന്നു. കാശിയായാലും, രാമശ്വേരത്തെ രാമസേതു കഥയായാലും, ഹൈദ്രാബാദിലും, താജ്മഹലിനെ കുറിച്ചായാലും രണ്ട് കതിനകൾക്കിടയിൽ വർഗീയ തീ കാത്ത് കിടക്കുന്ന വെടിമരുന്നുകളാണ് അവയൊക്കെ.
ഏത് നിമിഷവും ഞെട്ടിയുണരാൻ പാകത്തിൽ തൊട്ടിലിൽ തന്നെ ശയിക്കും ശവങ്ങൾ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ബാബരി കൊണ്ട് തീരുന്നില്ല എന്നതാണ് വസ്തുത.

ഈ അവസ്ഥയുടെ ഭീകരത വേണ്ടുവോളം ബോധ്യപ്പെടുത്തി തന്നതാണ് ബാബരി മസ്ജിദ്. ഇപ്പോഴത്തെ ശിലാന്യാസത്തിൽ കോൺഗ്രസിന്‍റെ നിലപാട് കണ്ട് ഞെട്ടിയവരോടും സി.പി.എം നിലപാടിൽ തൃപ്തിക്കുറവ് തോന്നിയവരോടും ഇതിലെന്ത് അത്ഭുതം എന്നെ ഓർമ്മിപ്പിക്കാനുള്ളൂ.നാളിതുവരെ സംഘികളും കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള എല്ലാ ഭരണവർഗ്ഗ പാർട്ടികളും തുടർന്ന് വന്ന നിലപാടുകൾ ഇപ്പോൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.

കോൺഗ്രസ് രാമക്ഷേത്രത്തിൽ തങ്ങളുടെ പങ്ക് ചോദിക്കുന്നതിൽ എന്തിന് ഞെട്ടണം. രാജീവിന്‍റെ, റാവുവിന്‍റെ കോൺഗ്രസ്സിന് അതിനവകാശമില്ലെ ? സംഘികൾ തീവ്രമായ ഹിന്ദുത്വം മുമ്പേ പോലെ ശിലാന്യാസത്തിലും പയറ്റുന്നു. കോൺഗ്രസ് ഒന്നുകൂടി കടുപ്പിച്ചു. സി.പി.എം പതിവ് അവസരവാദം തുടർന്നു.

ബാബരി മസ്ജിദ് മുസ്‌ലിങ്ങൾക്ക് വിട്ടുകൊടുക്കുക, അവിടെ നിർമ്മിക്കുന്നത് ബ്രാഹ്മണ്യ കോട്ട എന്ന നിലപാട് ആണ് ജനാധിപത്യപരവും ചരിത്രപരമായി ശരിയും വിപ്ലവപരവും. ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ മാവോയിസ്റ്റ് (നക്സലൈറ്റ് )പ്രസ്ഥാനത്തിന് മാത്രമെ സാധിച്ചിട്ടൊള്ളൂ.

മറിച്ച് കോൺഗ്രസ് മുതൽ സി.പിഎം വരെ അവസരവാദപരവും ഹിന്ദുത്വത്തെ പ്രീണിപ്പിക്കുന്നതുമായ നിലപാട് ആണ് സ്വീകരിച്ചത്. ക്ഷേത്ര നിർമ്മാണത്തിലും അത് തന്നെ തുടരുന്നു. കമൽനാഥ് മുതൽ പ്രിയങ്ക വരെ നടത്തിയ പ്രസ്താവനകൾ നിർമ്മാണത്തിൽ തങ്ങൾക്കുള്ള പങ്ക് നിഷേധിക്കുന്നതിലെ വേവലാതിയെ ആണ് പ്രകടിപ്പിച്ചത്.സി.പി എം ആവട്ടെ ക്ഷേത്ര നിർമ്മാണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിൽ മാത്രമെ കുഴപ്പം കാണുന്നൊള്ളൂ.ലീഗിന്‍റെ കരച്ചിൽ വെറും നാടകം മാത്രം. മെയിൻ പാർപ്പിന് അവർ ബിരിയാണി വിളമ്പും എന്ന ട്രോൾ ചിലപ്പോ സംഭവിച്ചാലും അത്ഭുത പെടേണ്ട.

കാരണം ഇതാണ് ഭരണവർഗ്ഗരാഷ്ട്രീയം. ബ്രാഹ്മണ്യവാദമാണ്. ഇന്ത്യൻ ഭരണ വർഗ്ഗത്തിന്‍റെ ആശയം. എല്ലാ പാർട്ടികളും ഈ ആശയത്തെ ആഴത്തിൽ ആന്തരികവത്ക്കരിച്ച് കഴിഞ്ഞു. അതാണ് എല്ലാവർക്കും വഴിയും വെളിച്ചവും.

ബാലഗംഗാധര തിലകിന്‍റെ അക്രമാസക്തമായ ബ്രാഹ്മണ്യവാദ നിലപാടുകൾ കൊളോണിയൽ വിരുദ്ധ ഒത്തുതീർപ്പ് മുന്നേറ്റത്തെ ദുർബ്ബലപ്പെടുത്തിയ, ഒറ്റപ്പെടുത്തിയ സാഹചര്യത്തിൽ ആണല്ലോ മൃദു ബ്രാഹ്മണ്യ നിലപാടുയർത്തി കൊളോണിയൽ വിരുദ്ധ, ഒത്തുതീർപ്പ് സമരത്തെ ഗാന്ധി നയിച്ചത്. ഇതിലൂടെ വളർന്ന് വന്ന കോൺഗ്രസ് എല്ലാ കാലത്തും മൃദു ബ്രാഹ്മണ്യം കാത്ത് സൂക്ഷിച്ചു.പിന്നീട് ഈ മൃദുഭാവം മതിയാവാതെ വന്നപ്പോ അതുവരെ തങ്ങൾ മൂലയിലിരുത്തിയ ആക്രമാസക്ത ബ്രാഹ്മണ്യാവദത്തിന്‍റെ വക്താക്കളായ സംഘപരിവാരത്തെ ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ തന്നെ ഉത്തേജിപ്പിച്ചു.

ഇന്ദിര ഗാന്ധിയുടെ ഭരണത്തിന്‍റെ അവസാനം ഹിന്ദുത്വ ശക്തികളെ അവർ ഏറെ പ്രോത്സാഹിപ്പിച്ചു. പിന്നീട് രാജീവ് ഭരണത്തിൽ ആ ബന്ധം തീവ്രമായി. ഡെൽഹി സിഖ് കൂട്ടകൊല ഈ രണ്ട് കൂട്ടരും പ്രാദേശികമായി ഐക്യപ്പെട്ട് നടത്തിയതായിരുന്നു. ആ കാലത്ത് സംഘ നേതാവ് നാനാജി ദേശ്മുഖിന്‍റെ സിഖുകാരോട് സംയമനം പാലിക്കാൻ പറഞ്ഞ് നടത്തിയ എഴുത്ത് ഈ ബന്ധത്തിന്‍റെ ആഴം വേണ്ടുവോളം വ്യക്തമാക്കുന്നതാണ്. പിന്നീട് ബാബരി മസ്ജിദ് തുറന്ന് കൊടുത്തതും പഥ് മുതൽ റാവു വരെ എടുത്ത സമീപനവും പകൽ പോലെ വ്യക്തം.

സ്വയം ബ്രാഹ്മണനായി പ്രഖ്യാപിച്ച് ഇലക്ഷനെ നേരിടുന്ന രാഹുലും ദേശീയ ഐക്യം, അക്രമാസക്ത ബ്രാഹ്മണ്യവാദികളുടെ കോട്ട നിർമ്മാണത്തിൽ കാണുന്ന പ്രിയങ്കയും യഥാർത്ഥ കോൺഗ്രസിന്‍റെ തുടർച്ച തന്നെയാണ്. അന്ന് ഭരണവർഗ്ഗ താല്‍പര്യങ്ങളെ മുൻനിർത്തി മൃദുഭാവം ചൂടിയവർ ഇന്ന് വളച്ച് കെട്ടാതെ കാര്യം പറയുന്നത് ഭരണവർഗ്ഗ താല്‍പര്യങ്ങളിൽ വന്ന മാറ്റത്തിന്‍റെ ഭാഗം കൂടിയാണ്. നേതാക്കന്മാരുടെ ജീർണ്ണത മാത്രമായി ഇതിനെ ചുരുക്കാനാവില്ല.

സി.പിഎം ആവട്ടെ ഒരു ഭരണവർഗ്ഗ പാർട്ടി എന്ന നിലക്ക് കുറച്ചു മൃദുവായ ഒരു ഹിന്ദുത്വത്തിന്‍റെ മറ്റൊരു പതിപ്പ് മാത്രമായി മാറിയിട്ട് കാലമെത്രയായി. ബംഗാളിലെ ദുർഗ്ഗാ പൂജയായാലും കേരളത്തിൽ വിജയദശമി, കൃഷ്ണാഷ്ടമി ഒക്കെ ആയാലും നിലപാടുകളിൽ കാവി കാണാം. ബാബരി മസ്ജിദ് വിഷയത്തിൽ ഇം.എം.എസ് മുതൽ യച്ചൂരി വരെ എടുത്ത നിലപാടുകൾ മതേതര ജനാധിപത്യ നിലപാടിന് വിരുദ്ധവും കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് ചേരാത്തതും ഹിന്ദുത്വവാദപരവുമായിരുന്നു.

മറ്റു ചിലകാര്യങ്ങൾ കൂടി ഈ സമയത്ത് ഓർക്കാം .ഇന്ത്യൻ ദേശീയ പ്രസ്ഥാനം തന്നെ തുടക്കം മുതൽ മുസ്‌ലിം വിരുദ്ധവുമായിരുന്നു. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത സനാതനീ ഒളിപ്പോരാളികളെ കുറിച്ച് ബങ്കിം ചന്ദ്ര എഴുതിയ ആനന്ദമഠം എന്ന നോവലിലെ പാട്ടാണല്ലോ വന്ദേമാതരം. അതാണല്ലോ നമ്മുടെ രാജ്യസ്നേഹത്തെ പുളകിതമാക്കിയ ഗാനം. അത് ചിട്ടപ്പെടുത്തി ഒരുക്കി എടുത്തത് സുഭാഷ് ചന്ദ്ര ബോസിന് വേണ്ടി രവീന്ദ്രനാഥ ടാഗോറും .

1915 ൽ Hardwarൽ വെച്ചാണ് ഹിന്ദു മഹാസഭ രൂപീകരിച്ചത്. സാക്ഷാൽ ഗാഡി അന്ന് അതിന്‍റെ സബ്ജക്ട് കമ്മിറ്റി മെമ്പറായിരുന്നു. രാജേന്ദ്രപ്രസാദും ഉണ്ടായിരുന്നു കൂടെ. ഒടുവിൽ ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

“അയോധ്യയിൽ കല്ലിടുന്നത് സവർണ്ണകോട്ടക്കാണ്. ബ്രാഹ്മണ്യകോട്ടകളെ ഇടിച്ചുതകർത്ത പാരമ്പര്യമുള്ള ഈ നാട്ടിൽ അതും നിലംപൊത്തും.”

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail