എന്നെ പോലുള്ള കറുത്ത ശരീരങ്ങളെ ഇൻസ്പയർ ചെയ്യുന്ന സി കെ ജാനു

#SelectedArticles

സി കെ ജാനുവിനെ പോലൊരു സ്ത്രീ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ ? വയനാട്ടിലെ അടിയർ കുടുംബത്തിൽ ജനിച്ച്, ഏഴാം വയസിൽ ഒരു സ്കൂൾ ടീച്ചറുടെ വീട്ടിൽ വേലക്കാരി ആയും പതിമൂന്നാം വയസ് മുതൽ ദിവസം രണ്ടു രൂപക്ക് കൂലിപ്പണിക്കാരിയായും പിന്നീട് തയ്യൽക്കാരിയായും തൊഴിലെടുത്ത്, സാക്ഷരതാ പദ്ധതിയിലൂടെ എഴുത്തും വായനയും പഠിച്ച് കേരളത്തിലെ ആരും കേട്ടിട്ടില്ലാത്ത അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സി കെ ജാനു.

1970കളിലെ ആദിവാസി സമരങ്ങളിലൂടെ പൊതുരംഗത്ത് വന്ന സി കെ ജാനു 2003ലെ മുത്തങ്ങ ഭൂസമരത്തിൽ പോലീസിൽ നിന്നും അതിക്രൂരമായ ആക്രമണമാണ് നേരിട്ടത്. 75 കേസുകൾ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട അവരോടൊപ്പം 240ഓളം ആദിവാസികളും അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് 18 റൗണ്ട് വെടിയുതിർക്കുകയും രണ്ടുപേർ തൽക്ഷണം മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 860ഓളം കുടിലുകളിലായി ആയിരത്തി ഒരുനൂറ് ആദിവാസി കുടുംബങ്ങളാണ് അന്നവിടെ ഉണ്ടായിരുന്നത്. ആക്രമണത്തിൽ പൊട്ടിയ, ചതഞ്ഞ മുഖവുമായി സി. കെ. ജാനു പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിവരുന്ന ചിത്രം എത്ര മായ്ക്കാൻ ശ്രമിച്ചാലും മാഞ്ഞുപോവില്ല.

‘സിനിമാല’ ഉൾപ്പെടെ അന്നത്തെ മുഖ്യധാരാ മാധ്യമങ്ങളിലെ കോമഡിഷോകൾ കളിയാക്കിയ ആദിവാസികളുടെ സമരത്തിനു മുമ്പിൽ സർക്കാരിനു കീഴടങ്ങേണ്ടി വരികയും പതിനായിരത്തോളം കുടുംബങ്ങൾക്ക് 4000 ഹെക്ടർ ഭൂമി ലഭിക്കുകയും ചെയ്തു.

സി കെ ജാനു, സെലീന പ്രക്കാനം മുതലായ കരുത്തരായ സ്ത്രീകളൊന്നും എന്തുകൊണ്ടാണ് വനിതാദിനങ്ങൾ പോലെ സ്ത്രീശക്തിയെ ആഘോഷിക്കുന്ന ദിവസങ്ങളിലെ മുഖങ്ങൾ ആകാത്തത് എന്നെനിക്ക് മനസിലാകും (എന്‍റെ കുഞ്ഞുമോൾ ശ്രീക്കുട്ടി വരച്ച വനിതാദിന പോസ്റ്റർ ഒഴികെ). മാർജിനുകളിൽ നിന്ന് കയറി വരാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള ആയിരക്കണക്കിന് കറുത്ത ശരീരങ്ങളെ ഇൻസ്പയർ ചെയ്തുകൊണ്ടാണ് സി കെ ജാനു ഇന്നും പബ്ലിക് സ്പെയ്സിൽ നിൽക്കുന്നത്.
_ അലീന ആകാശമിഠായി

Leave a Reply