പാലക്കാട് കാവിവത്കരിക്കപ്പെടുന്നതിൻ്റെ കാരണങ്ങൾ

പാലക്കാട് നഗരസഭയിലെ ബിജെപിയുടെ വിജയവും അതു പ്രതിഫലിപ്പിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ ആപത്തും ജനാധിപത്യ കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. നഗരസഭാ കെട്ടിടത്തിൽ തൂക്കിയ ജയ് ശ്രീറാം എന്ന ബാനർ കേരള സമൂഹത്തിന്റെ മേൽ രൂപം കൊള്ളുന്ന അപായത്തിന്റെ വിളംബരം കൂടിയാണ്. വാസ്തവത്തിൽ ഹിന്ദുത്വ ഫാസിസത്തിന്റെ ഈ വേരോട്ടം പാലക്കാട് നഗരസഭയിൽ മോഡി ഭരണത്തോടെ ഉണ്ടായ ഒന്നല്ല. ദീർഘകാലത്തെ സാമൂഹ്യ രാഷ്‌ട്രീയ പ്രക്രിയയുടെ ഫലമാണത്. അതു വിശദമായ പഠനം നടത്തേണ്ട ഒരു വിഷയമാണ്. ആ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയെ സംബന്ധിച്ച ചില നിരീക്ഷണങ്ങൾ പങ്കുവെക്കുന്നു. ഇതു വിശദമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ എഴുതിയ ഒന്നല്ല. പതിനഞ്ചു വർഷത്തോളം പാലക്കാട് സി.പി.എമ്മിന്റെ ഭാഗമായി നിന്നും പ്രവർത്തിച്ചും ഉണ്ടായ അനുഭവങ്ങളിൽ നിന്നുമുണ്ടായ നിരീക്ഷണങ്ങൾ മാത്രമാണ്…

അഡ്വ. തുഷാർ നിർമ്മൽ സാരഥി

പാലക്കാട് നഗരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ജാതിയടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട ജനവാസ കേന്ദ്രങ്ങളുടെ സവിശേഷതയാണ്. പണ്ട് പാലക്കാട് ഭരിച്ചിരുന്ന നാടുവാഴി ഒരു ആദിവാസി യുവതിയെ പ്രേമിക്കുകയും കല്ല്യാണം കഴിക്കുകയും ചെയ്തുവെന്നും അതിൽ പ്രതിഷേധിച്ചുകൊണ്ട് ബ്രാഹ്മണർ പ്രദേശത്തെ അമ്പലങ്ങളിൽ പൂജാകർമ്മങ്ങൾ ബഹിഷ്ക്കരിച്ചെന്നും തോറ്റു കൊടുക്കാൻ തയ്യാറാകാതിരുന്ന നാടുവാഴി പൂജാകർമ്മങ്ങൾ നടത്താനായി തഞ്ചാവൂരിൽ നിന്നും തമിഴ്‌ ബ്രാഹ്മണരെ കൊണ്ടുവന്നു കുടിയിരുത്തിയെന്നുമുള്ള ഒരു കഥ തമിഴ് ബ്രാഹ്മണരുടെ വരവിനെ സംബന്ധിച്ചു പ്രചാരത്തിലുണ്ട്. നാടുവഴിയുടെ അഭ്യർത്ഥന സ്വീകരിച്ചു കുടിയേറാൻ തയ്യാറായ പട്ടന്മാർ (തമിഴ് ബ്രാഹ്മണരെ വിളിക്കുന്നത് അങ്ങനെയാണ്) നാടുവാഴിയോട് ഒരു നിബന്ധന വച്ചു. തഞ്ചാവൂരിൽ അവർ ജീവിക്കുന്ന അതേ ജാത്യാചാരങ്ങൾ പാലിച്ചുകൊണ്ടും അതേ നിലവാരത്തിലുള്ള ഭൗതിക സാമൂഹിക ജീവിത പരിസരത്തിലും ജീവിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കണം എന്നായിരുന്നു അത്‌. നാടുവാഴി അതിനു സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പട്ടന്മാരുടെ കുടിയേറ്റം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഈ വാമൊഴി ചരിത്രത്തിന്റെ സത്യം ഇനിയും അന്വേഷിക്കപ്പെടേണ്ടതുണ്ട്. എങ്കിലും തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ പട്ടന്മാർ താമസിക്കുന്ന 64 ആഗ്രഹാരങ്ങൾ (പട്ടന്മാരുടെ വാസസ്ഥലങ്ങൾ) പാലക്കാട് ഉണ്ട്. ഈ ആഗ്രഹാരങ്ങൾ കേന്ദ്രമാക്കി കൊണ്ട് അതിനു ചുറ്റുമായി മറ്റു ജാതികളുടെ വാസസ്ഥലങ്ങൾ നിലകൊള്ളുന്നത്. ആഗ്രഹാരങ്ങൾക്കടുത്തു അവരുടെ വീട്ടിലെ പണികളും മറ്റും ചെയ്തിരുന്ന നായർ സമുദായത്തിന്റെ നായർത്തറകൾ, അവർക്കാവശ്യമായ എണ്ണ ഉണ്ടാക്കിയിരുന്ന ചക്കാലന്മാർ താമസിച്ചിരുന്ന ഇടങ്ങൾ, അവർക്കാവശ്യമായ മൺപാത്രങ്ങൾ നിർമ്മിച്ചിരുന്ന കുശവൻമാർ, ചത്ത പശുവിനെ നീക്കം ചെയ്തിരുന്ന പറയന്മാർ, കച്ചവടക്കാരായ മൂത്താന്മാർ, സ്വർണ്ണ പണിക്കാരായ തട്ടാൻമാർ എന്നിങ്ങനെ ഓരോ ജാതിക്കും കൃത്യമായ അകലത്തിൽ വേർതിരിക്കപ്പെട്ട വാസസ്ഥലങ്ങൾ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും ഇടങ്ങളിൽ അവരവരുടെ ദേവതകളും ആരാധനാലയങ്ങളും ഉണ്ട്. അതിനെ കേന്ദ്രീകരിച്ചാണ് ഓരോ ജാതിയുടെയും വാസസ്ഥലങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. മേൽപ്പറഞ്ഞ ജാതിയടിസ്ഥാനാത്തിലുള്ള ജനവാസകേന്ദ്രങ്ങൾക്കു സമാനമായി പഠാണിത്തെരുവ്, പുതുപ്പള്ളിത്തെരുവ്, മേലാമുറി, ഒലവക്കോട്, നീലിക്കാട്, വലിയങ്ങാടിയുടെ ചില പ്രദേശങ്ങൾ, കൽമണ്ഡപം തുടങ്ങിയ സ്ഥലങ്ങളിൽ മുസ്‌ലിങ്ങളുടെ വാസസ്ഥലങ്ങളും നമുക്ക് കാണാൻ കഴിയും. പാലക്കാട് നഗരസഭയ്ക്ക് കീഴിലെ ജനവാസകേന്ദ്രങ്ങൾ ഇപ്രകാരം രൂപപ്പെട്ടവയാണ്. ഈ ഘടന ഇപ്പോഴും കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

64 അഗ്രഹാരങ്ങളിലായി കഴിയുന്ന പട്ടന്മാർ ഭൂരിപക്ഷവും കോൺഗ്രസിന് വോട്ട് ചെയ്തിരുന്നവരാണ്. ഒരു ചെറിയ വിഭാഗം ജനസംഘത്തിനും പിന്നീട് ബിജെപിക്കും വോട്ട് ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ചി രുന്ന സി.എം സുന്ദരം പട്ടർ വോട്ട് ബാങ്കിന്റെ ബലത്തിലാണ് ജയിച്ച് പോന്നിരുന്നത്. പട്ടന്മാരുടെ വോട്ടിനൊപ്പം മറ്റു വിഭാഗങ്ങളുടെ കൂടി വോട്ട് ഉറപ്പിക്കാനും ജാതീയമായ മേൽക്കോയ്മ ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു. പാലക്കാട് നഗരസഭയിലെ ശംഖുവാരമേട് എന്ന സ്ഥലത്തിനടുത്തുള്ള മധുരവീരൻ കോളനി ചക്ലിയ സമുദായത്തിലെ ആളുകൾ താമസിച്ചിരുന്ന ഇടമാണ്. സി.എം സുന്ദരം മത്സരിക്കുമ്പോൾ ഇലക്ഷന് തലേദിവസം ചക്ലിയ സമുദായത്തിന്റെ മൂപ്പൻ വിളക്കു കൊളുത്തി സത്യം ചെയ്‌ത് സമുദായത്തിന്റെ വോട്ട് ഉറപ്പാക്കുന്ന സമ്പ്രദായം ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും പട്ടന്മാരുടെയും മുസ്‌ലിം വിഭാഗത്തിന്റെയും കീഴാള ജാതികളുടെയും വോട്ടു കോൺഗ്രസിന് ലഭിച്ചിരുന്നു. നായർത്തറകളിലെ ഒരു ന്യൂനപക്ഷത്തിലും ഈഴവ സമുദായത്തിലും മുസ്‌ലിങ്ങളിലെ ഒരു ന്യൂനപക്ഷവുമായിരുന്നു സിപിഎമ്മിന്റെ വോട്ട് ബാങ്ക്. ബിജെപിയാകട്ടെ പട്ടന്മാരിലും, നായർ സമുദായത്തിലെ ഒരു ന്യൂനപക്ഷത്തിലും ഇടനില ജാതികളായ മൂത്താൻ വിശ്വകർമ്മ തുടങ്ങിയ ജാതികളിലും കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്.

എന്നാൽ 1990കളോടെ ഈ വോട്ടിങ് പാറ്റേണിൽ മാറ്റം വരാൻ തുടങ്ങി. കച്ചവടക്കാരായ മൂത്താൻ സമുദായത്തിലെ ഒരു വിഭാഗം സാമ്പത്തികമായി പ്രബലരായി. പാലക്കാട് നഗരത്തിലെ ബിജെപിക്ക് ഏറ്റവും ശക്തമായ അടിത്തറ ഉള്ളത് ഈ വിഭാഗത്തിലാണ്. ബ്ലേഡ് പലിശ, സ്വർണ്ണ പണയം തുടങ്ങിയ ഇടപാടുകളിലൂടെ നഗരത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഈ വിഭാഗം വളർന്നു. കച്ചവടത്തിൽ ഈ വിഭാഗം പ്രധാനമായും മത്സരിച്ചിരുന്നത് മുസ്‌ലിങ്ങളോടായിരുന്നു.
മുസ്‌ലിങ്ങളിലെ ഒരു വിഭാഗവും കച്ചവടത്തിലൂടെ സാമ്പത്തികമായി മെച്ചപ്പെട്ടു വന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നായർ സമുദായം സാമ്പത്തികമായി പിന്നിട്ടു നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അഗ്രഹരങ്ങളിലെ വീട്ടുജോലികളും അനുബന്ധ സേവനങ്ങളും കാര്യസ്ഥ പണിയും നടത്തി ഉപജീവനം കഴിച്ചിരുന്ന ഈ വിഭാഗം വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം പോവുകയാണ് ഉണ്ടായത്. ആദ്യകാലങ്ങളിൽ ഈ വിഭാഗത്തിലെ ഒരു ന്യൂനപക്ഷം സി.പി.എമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ തുടരുന്ന പിന്നോക്കാവസ്ഥയും അവർ അനുഭവിച്ചിരുന്ന ജാതീയമായ മേൽക്കോയ്മയെ സംബന്ധിച്ച ബോധവും ഈ വിഭാഗത്തിലെ ചെറുപ്പക്കാരെ ക്രമേണ ബിജെപിയോട് അടുപ്പിക്കുന്നതിനു കാരണമായി.

90കൾ മുതലുണ്ടായ മറ്റൊരു പ്രധാന മാറ്റം ജാതിയെ കേന്ദ്രീകരിച്ചു രൂപപ്പെട്ട വാസകേന്ദ്രങ്ങളിൽ ഹിന്ദുത്വയുടെ നേരിട്ടുള്ള കടന്നുവരവാണ്. ഈ വാസകേന്ദ്രങ്ങൾ പ്രധാനമായും അതതു ജാതികളുടെ ആരാധനാലായങ്ങൾക്ക് ചുറ്റുമായാണ് രൂപപ്പെട്ടിരുന്നത്. ഈ ആരാധനാലയങ്ങളിൽ അതതു ജാത്യാചാര പ്രകാരമുള്ള ആരാധനക്രമങ്ങൾ ആണ് നടന്നിരുന്നത്. എന്റെ വീടിനടുത്ത് കുശവന്മാരുടെ വാസകേന്ദ്രമായിരുന്ന കൊശപ്പാളയത്ത് ഉണ്ടായിരുന്ന ആരാധനാകേന്ദ്രമായിരുന്നു പേച്ചിയമ്മൻ കോവിൽ. അവിടെ പൂജയും മറ്റും നടത്തിയിരുന്നത് അവരുടെ ഇടയിൽ നിന്നു തന്നെയുള്ള ആളുകളായിരുന്നു. എന്നാൽ പിന്നീട് ക്രമേണ പൂജാകർമ്മങ്ങൾ നടത്തുന്നത് പട്ടന്മാരായി മാറി. മൂത്താൻ, വിശ്വകർമ്മ തുടങ്ങിയ ഇടനില ജാതികളിലെ സാമ്പത്തികമായി പ്രബലമായ വിഭാഗങ്ങൾ (ഇവരാണ് ബിജെപിയുടെ അടിത്തറ) ഈ ആരാധനാലയങ്ങൾ അമ്പലങ്ങളായി പുനർനിർമ്മിക്കുന്നതിന് സാമ്പത്തിക പിൻബലം നൽകി. പാലക്കാട് നഗരത്തിലെ ജനവാസത്തിന്റെ ജാതിയെ അടിസ്‌ഥാനമാക്കിയുള്ള സവിശേഷമായ വിന്യാസത്തെയും സാമ്പത്തികമായ പിന്നാക്കവസ്ഥയെയും കൃത്യമായി ഉപയോഗപ്പെടുത്തി ആർ.എസ്.എസ്സിന് അവിടങ്ങളിൽ വേരുറപ്പിക്കാനായി.

എന്നാൽ ഈ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയെ അഭിസംബോധന ചെയ്യാൻ സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ കഴിഞ്ഞില്ല. നായർ വിഭാഗങ്ങളിൽ നിന്നും അതിന്റെ പക്ഷത്തു നിന്നിരുന്നവർ ഭരണകൂടാധികാരത്തിന്റെ മധ്യസ്ഥതയിൽ സർക്കാർ പൊതുമേഖലാ ജോലികളിൽ കയറിപ്പറ്റുകയും തങ്ങളുടെ സാമൂഹ്യ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ അടുത്ത തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം അവർ ഉറപ്പാക്കി. ഇങ്ങനെ രൂപപ്പെട്ടുവന്ന ഈ വരേണ്യവിഭാഗമാണ് പിന്നീട് 80കളുടെ അവസാനവും 90കളിലും സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിലെ പ്രബലമായ വിഭാഗമായത്. ഇവർ കീഴാള ദരിദ്ര വിഭാഗങ്ങളെ പൂർണ്ണമായി അവഗണിച്ചു. കീഴാള ജനത പ്രകടന തൊഴിലാളികൾ മാത്രമായി പരിഗണിക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനും ഡി.വൈ.എഫ്.ഐ അംഗത്വം ചേർക്കൽ, പാർട്ടി ഫണ്ട് പിരിവ് തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ചുരുങ്ങി. അവഗണിക്കപ്പെട്ട ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞില്ല.

ഞാൻ പാലക്കാട് എസ്.എഫ്.ഐ ഏരിയ കമ്മറ്റി അംഗമായി പ്രവൃത്തിച്ചിരുന്ന കാലത്ത് എനിക്കും മറ്റൊരു സഖാവിനും കുമരപുരം സർക്കാർ ഹൈസ്‌കൂളിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ ചാർജ് ഉണ്ടായിരുന്നു. ഒരു അദ്ധ്യയന വർഷാരംഭത്തിൽ അവിടത്തെ പി.ടി.എ യോഗത്തിൽ ഒരു തീരുമാനമുണ്ടായി. ഇനി അവിടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അനുവദിക്കേണ്ട എന്നായിരുന്നു തീരുമാനം. പി.ടി.എ പ്രസിഡന്റ് കെ.എസ്. ആർ.ടി.സിയിൽ ജോലി ചെയ്യുന്ന ഒരു സിപിഎം പ്രാദേശിക നേതാവായിരുന്നു. അതുകൊണ്ട് പി.ടി.എ തീരുമാനത്തെ കുറിച്ചുള്ള ഞങ്ങളുടെ വിമർശനം അറിയിക്കാനും അതു പിൻവലിപ്പിക്കാനും പുള്ളിയെ ചെന്നു കാണാൻ ഞങ്ങൾ തീരുമാനിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന സഖാവ് കെ.എസ്.ടി.എയുടെ സംസ്ഥാന നേതാവിന്റെ മകൾ ആയിരുന്നതിനാൽ പി.ടി.എ പ്രസിഡന്റ് വീട്ടിൽ കയറ്റി ഇരുത്തി സംസാരിക്കാൻ തയ്യാറായി. പുള്ളിയുടെ മകൾ പത്തം ക്ലാസ്സിൽ പഠിക്കുന്നുണ്ട്. തൽക്കാലം ഈ വർഷം സംഘടനാ പ്രവർത്തനം ഒന്നും വേണ്ട എന്നു പുള്ളിക്കാരൻ തറപ്പിച്ചു പറഞ്ഞു. സംസാരത്തിനിടയിൽ അയാൾ പറഞ്ഞ ഒരു കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഞങ്ങളെ പോലുള്ള ആളുകൾ കടന്നു വന്നപ്പോഴാണ് പാർട്ടിക്ക് ജനങ്ങളുടെ ഇടയിൽ ഒരു വിലയുണ്ടായത്. അതിനു മുൻപ് ഈ പാർട്ടിയിൽ ആരും അംഗീകരിക്കാത്ത ചുമട്ടു തൊഴിലാളികളും കൂലിപ്പണിക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് അയാൾ പറഞ്ഞത്. ഞങ്ങൾക്ക് കടുത്ത അമർഷം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു. ഇത്തരം ഒരു മനോഘടന പൊതുവിൽ ആ പാർട്ടിക്ക് അവിടെ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. സിപിഎം ഇപ്രകാരം അകറ്റി നിറുത്തിയ ഇടങ്ങളിൽ ക്ഷേത്ര പുനരുദ്ധാരണം, ചെറിയ സാമ്പത്തിക സഹായങ്ങളും തൊഴിലും, പുതുപ്പള്ളിത്തെരുവ്, മേലാമുറി, കൽമണ്ഡപം, പറക്കുന്നം, വലിയങ്ങാടിയിലെ വിവിധ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെ മുസ്‌ലിങ്ങളെ ചൂണ്ടിക്കാട്ടിയുള്ള വർഗ്ഗീയ പ്രചാരണം തുടങ്ങിയവ വഴി ആർ.എസ്.എസ് കൃത്യമായി തങ്ങളുടെ സ്വാധീനം വികസിപ്പിച്ചെടുത്തത്.

എന്റെ കോളേജ് പഠനകാലത്ത് കൽമണ്ഡപം കേന്ദ്രീകരിച്ചുള്ള ഒരു ക്രിമിനൽ സംഘവും വടക്കന്തറ കേന്ദ്രീകരിച്ചുള്ള ഒരു ക്രിമിനൽ സംഘവും തമ്മിൽ ഉണ്ടായിരുന്ന മത്സരത്തിനു കൃത്യമായ വർഗ്ഗീയ സ്വഭാവം ആയിരുന്നു ഉണ്ടായിരുന്നത്. ദരിദ്ര മുസ്‌ലിം വിഭാഗങ്ങൾ താമസിച്ചിരുന്ന ഒരു കോളനി ഞങ്ങളുടെ പ്രദേശത്തു ഉണ്ടായിരുന്നു. സുന്ദരം കോളനി എന്നറിയപ്പെട്ടിരുന്ന ആ കോളനി പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉണ്ടാക്കിയതാണ്. ദരിദ്ര മുസ്‌ലിങ്ങളും ദലിതരും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷെ ഈ കോളനിയിലെ
മുസ്‌ലിങ്ങളെ ചൂണ്ടിക്കാണിച്ചാണ് ആർ.എസ്.എസ് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത്. പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് ജയിച്ചപ്പോൾ പടക്കം പൊട്ടിച്ചു ആഘോഷിച്ചു. പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയങ്ങൾ ആഘോഷിക്കുന്നു എന്നത് സ്ഥിരമായി ചെറുപ്പക്കാർക്കിടയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു സംഗതിയായിരുന്നു. ഇത്തരം ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണങ്ങളും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിലൂടെ ലക്ഷ്യംവെച്ച ഹിന്ദു വോട്ട് ബാങ്ക് ഏകീകരണവും വിജയകരമായി നടപ്പിലാക്കാൻ ആർ.എസ്.എസിന് കഴിഞ്ഞു. ഇതിനു സഹായകമായ മറ്റൊരു മാറ്റം കൂടി സമാന്തരമായി നടന്നു. അതു അഗ്രഹാരങ്ങളിലെ പട്ടന്മാർക്കിടയിലെ രാഷ്ട്രീയ മാറ്റം ആയിരുന്നു. ദേശീയ തലത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം, ബാബരി മസ്ജിദ് തകർത്തതും അതിനു മുന്നോടിയായി നടന്ന രഥയാത്രയും ഒക്കെ ക്രമേണ ഈ വിഭാഗത്തെ അതിന്റെ സ്വാഭാവിക രാഷ്ട്രീയപ്രസ്ഥാനമായ ബി.ജെ.പിയിലേക്കു നയിച്ചു. കോൺഗ്രസ്സിന്റെ തകർച്ച ഈ പ്രക്രിയക്ക് ആക്കം കൂട്ടുകയും അവർ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു കൂടുമാറുകയും ചെയ്തു.

ഈ പ്രദേശത്ത് ജാതിയുടെയും സാമ്പത്തിക ബന്ധങ്ങളുടെയും മണ്ഡലങ്ങളിൽ ഉണ്ടായ മാറ്റങ്ങളെ കാണാനോ ഇടപെടാനോ സിപിഎമ്മിന് കഴിഞ്ഞില്ല എന്നതാണ് അവരുടെ പിന്നോട്ടടിക്കു പ്രധാന കാരണമായത്. ആർ.എസ്.എസിനാകട്ടെ അവരുടെ ഹിന്ദു ഏകീകരണമെന്ന ലക്ഷ്യം മുൻ നിറുത്തി വലിയൊരളവിൽ മുന്നോട്ടു പോകാൻ സാധിച്ചു. പക്ഷെ, ഇത് ജാതിഘടനയെ പൊളിച്ചു കൊണ്ടല്ല. സവർണരുടെ അധികാരത്തെ ഉറപ്പിച്ചെടുത്തു കൊണ്ടുള്ള ഒരു പരിവർത്തനമായിരുന്നു അത്. നാലമ്പലത്തിനകത്ത് പൂണൂൽധാരികൾക്കല്ലാതെ മറ്റു ജാതികൾക്കു പ്രവേശനമില്ലാത്ത അമ്പലങ്ങൾ പാലക്കാടുണ്ട്. ജാതിയെ പുതിയ തരത്തിൽ ഉറപ്പിച്ചുകൊണ്ട് തന്നെയാണ് ആർ.എസ്.എസ് അതിന്റെ ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ട മുന്നോട്ടു കൊണ്ടു പോയത്. അതെസമയം ഇതേ ജാതി മത ധ്രുവീകരണങ്ങളെ മുതലെടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. നഗരത്തിനു പുറത്തുള്ള തങ്ങളുടെ ഈഴവ, മറ്റു പിന്നോക്ക ജാതി വോട്ടു ബാങ്കും നഗരത്തിലെ മുസ്‌ലിം വോട്ടുകളും ഏകീകരിക്കുക എന്ന തെരഞ്ഞെടുപ്പ് തന്ത്രം സിപിഎമ്മിന് ഇടക്കാലത്ത് വിജയം നേടിക്കൊടുത്തിരുന്നു. പക്ഷെ, അതിന്റെ നേതൃത്വത്തിൽ ആന്തരികവത്ക്കരിക്കപ്പെട്ട ജാതി ബോധവും, വരേണ്യതയും സൃഷ്ടിച്ച പരിമിതിയിൽ നിന്നും പുറത്തു കടക്കാൻ അതിനു കഴിഞ്ഞില്ല. കൃത്യമായ ലക്ഷ്യത്തോടെയുള്ള ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിന്റെ രാഷ്ട്രീയപദ്ധതിയുടെ മുന്നിൽ അത് ദുർബലമായി. ഈ സാമൂഹ്യ രാഷ്ട്രിയ പ്രക്രിയയുടെ ഫലമാണ് ഇപ്പോൾ നഗരസഭാ കെട്ടിടത്തിൽ ഉയർന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിന്റെ ബാനർ. പാലക്കാട് കേരളത്തിലെ ഗുജറാത്ത് ആണെന്ന് സംഘികളുടെ അവകാശവാദം പൊള്ളയായ ഒന്നല്ല. ആ വെല്ലുവിളി മറികടക്കണമെങ്കിൽ ഇലക്ഷൻ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം മതിയാവുകയില്ല. അതു തിരിച്ചറിയുന്നിടത്താണ് വിമോചനത്തിന്റെ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നത്.

Like This Page Click Here

Telegram
Twitter