സിദ്ദിഖ് കാപ്പൻ്റെ മോചനമാവശ്യപ്പെട്ട് മന്ത്രിസഭാംഗങ്ങൾക്ക് കത്ത്
ഉത്തർപ്രദേശ് ഭരണകൂടം അന്യായമായി തടവിലാക്കിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്പീക്കർ ഉൾപ്പെടെയുള്ള കേരള മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും “സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി” അയച്ച രജിസ്ട്രേഡ് കത്ത്:
സർ,
ഡൽഹിയിൽ അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടലിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ മലയാളി മാധ്യമ പ്രവർത്തകനാണ് സിദ്ദിക്ക് കാപ്പൻ. ഇന്ത്യയിൽ തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു സംസ്ഥാനമായ ഉത്തർപ്രദേശിൽ സവർണ്ണ താക്കൂർ വിഭാഗത്തിപ്പെട്ടവർ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് വാർത്ത തയ്യാറാക്കാനാണ് ഒക്. 5 ന് ഹദ്രാസിലേയ്ക്ക് ഒക്ടോബർ അഞ്ചിന് പുറപ്പെട്ടത്. എന്നാൽ സംഭവ സ്ഥലമെത്തുന്നതിനു മുൻപ് സിദ്ദിക്കിനെയും ഒപ്പം സഞ്ചരിച്ചവരെയും അറസ്റ്റ് ചെയ്ത് ആദ്യം നിസാര വകുപ്പുകൾ ചുമത്തിയ പോലീസ് പിന്നീട് മറ്റൊരു എഫ് ഐ ആർ തയ്യാറാക്കി; യു എ പി എ പോലുള്ള ഭീകര നിയമ ചാർത്തി ജയിലിൽ അടയ്ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ രണ്ടു ദിവസം യാതൊരു കേസിനെക്കുറിച്ചുള്ള യാതൊരു വിവരവും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്നില്ല. ഒരു കൊടും ഭീകരനാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഉത്തര പ്രദേശിലെ യോഗി സർക്കാർ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം ഇരുപത് ദിവസങ്ങൾ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു. അറസ്റ്റും തുടർന്നുണ്ടായ നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പു തരുന്ന മൗലീക അവകാശങ്ങളുടെയും ലംഘനങ്ങളാണ്. ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ അദ്ദേഹത്തിന്റെ തൊഴിൽ നിർവഹിക്കാൻ പുറപ്പെടുന്ന ഉദ്യമത്തിനിടയിലാണ് വ്യാജമായ കുറ്റം ചാർത്തപ്പെട്ട് ജയിലിലായത്. ഏറ്റവും ഒടുവിൽ ഹദ്രാസിൽ കലാപം നടത്താൻ ശ്രമിച്ചു എന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥലത്തു പോകുന്നത് അഞ്ചാം തീയതിയും കേസ് നാലാം തീയതിയുമാണ് എടുത്തിരിക്കുന്നത്.
ദൽഹി കെ.യു.ഡബ്ലി.യൂജെയുടെ സെക്രട്ടറി പദം വഹിക്കുന്ന ഒരു പത്രപ്രവർത്തകൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും താങ്കളുടെ സർക്കാർ ഇടപെട്ടില്ല എന്ന് മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് സിദ്ദിഖിൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന നിരുത്തരവാദപരമായ സമീപനം എല്ലാ കാര്യത്തിലും ഉടനടി നടപടികൾ സ്വീകരിച്ചു പരിഹാരം കാണാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ്. ആയതിനാൽ കേരള മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ താങ്കൾ ശ്രീ. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
:സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതിക്കു വേണ്ടി,
എൻ പി ചെക്കുട്ടി, ചെയർപേഴ്‌സൻ
ശ്രീജ നെയ്യാറ്റിൻകര, കൺവീനർ