സാമ്പത്തിക സംവരണം; ബ്രാഹ്മണ്യ-ഹിന്ദുത്വ ഫാസിസ്റ്റ് ഗൂഢാലോചന

സാമൂഹ്യ സംവരണതത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തിന്‍റെ ചതിക്കുഴിയെ കുറിച്ച് ഒരവലോകനം
_ അജയന്‍ മണ്ണൂര്‍

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണകൂട തന്ത്രം തിരിച്ചറിയാതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഓരോ പ്രവൃത്തിയിലും വ്യക്തമാകുന്നത്. പൗരത്വനിയമ ഭേദഗതി മുതൽ കർഷകബില്ല് വരെ സൃഷ്ടിക്കുന്ന ആഘാതങ്ങൾ, വിദ്യാഭ്യാസ പരിഷ്കാരം, ഓൺലൈൻ പാഠ്യപദ്ധതി, ഇവയെല്ലാം ഉണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ദം മർദ്ദിത ജനതക്കും മർദ്ദിതജാതിക്കും ദളിത്, ആദിവാസി ജനതക്കും എതിരാണ്. ഇതെല്ലാം സംഘ്പരിവാറിന്‍റെ ‘2022 ഹിന്ദു രാഷ്ട്രമാക്കും’ എന്ന അജണ്ടയുടെ ഭാഗമാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടിയായ സിപിഐഎം സാമ്പത്തിക സംവരണനയം പലഭാവത്തിൽ നടപ്പിൽ വരുത്തുമ്പോൾ ആര്‍.എസ്.എസ് തലവന്‍ മോഹൻ ഭഗവത് ആശിർവദിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആസ്തമരോഗിയെ പോലെ ഒരു വ്യക്തതയുമില്ലാതെ മോങ്ങുന്നു, ‘സംവരണ… സംവരണ…’ എന്ന് മാത്രം കേൾക്കുന്നു അയാളുടെ വായിൽ നിന്ന്.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കൊളുത്തുർ പ്രസംഗം ചരിത്രത്തിൽ ഇടം നേടിയ സംഭവമാണ്. 1958ൽ ഇ.എം.എസ് ആണ് സാമ്പത്തിക സംവരണം തുടങ്ങിവെച്ചത്. പ്രധാനപെട്ട മൂന്നു കാര്യങ്ങളാണ് അത് മുന്നോട്ട് വെച്ചത്.

1. സമുദായ സംവരണം നിലനിർത്തിയാൽ അത് ജാതി ശാക്തീകരിക്കലാവും.
2. കൂടുതൽ ജാതികൾ ഈ ആനുകൂല്യത്തിനായ് രംഗത്തിറങ്ങുകയും മുറവിളി കൂട്ടുകയും ചെയ്യും.
3. സിവിൽ സർവിസിന്‍റെ കാര്യക്ഷമത നഷ്ടപ്പെടും. അതുകൊണ്ട് ആ രീതി മാറണം, സാമ്പത്തിക സംവരണം കൊണ്ടുവരണം.

പിന്നീട് കൊണ്ടുവരുന്നത് 1967ൽ നെട്ടൂർ കമ്മിഷനെയാണ്. ആ കമ്മിഷൻ റിപ്പോർട്ട് 1970ൽ സമർപ്പിച്ചു. പിന്നെ പലരീതിയിലും ഇത് നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. മണ്ഡൽ പ്രഭാവം, ക്രീമിലയർ വാദം എല്ലാം ഉയർന്നു വന്നെങ്കിലും കേന്ദ്രത്തിൽ നരേന്ദ്ര മോദി വന്ന അനുകൂലസാഹചര്യത്തെ പിണറായി വിജയന്‍ ഫലപ്രദമായി ഉപയോഗിച്ചു എന്ന വസ്തുതക്ക് മുന്നിൽ പ്രതിപക്ഷ – ദളിത് സംഘടനകൾ പകച്ചു നിൽക്കുകയാണ്.

മുസ്‌ലിം ലീഗ്, ജനത പരിവാരത്തിന്, ബഹുജന സംഘങ്ങൾക്ക് എല്ലാം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സഹായം നൽകണം, അതിനായി സംവരണം കൂട്ടണം എന്ന വഞ്ചനാപരമായ തീരുമാനത്തിൽ എത്തുന്നു. എന്നാൽ ഇതിന്‍റെ രാഷ്ട്രീയത്തെ സ്പർശിക്കാൻ തയ്യാറാവുന്നില്ല. ഇതിനെ തുറന്നു കാണിക്കുമ്പോൾ ഐക്യം, വിഭാഗീയത, എന്നെല്ലാം പറയുന്നത് ഹിന്ദുത്വ – ഫാസിസത്തെ സഹായിക്കലായിരിക്കും.

ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാജ്യത്ത് സംവരണനയം നടപ്പിലാക്കുന്നത് 1947ന് ശേഷമാണ്. വാസ്തവത്തിൽ 1920 മുതൽ ചിലയിടങ്ങളിൽ ചില പിന്നോക്ക ജാതികൾക്ക് കൊളോണിയൽ അധികാരികൾ സംവരണം നൽകാൻ തുടങ്ങിയിരുന്നു. 1943ൽ ആണ് പട്ടികജാതി സംവരണ നയം അവതരിപ്പിച്ചത്. പക്ഷേ, അധികാരികൾ 1960 പകുതി വരെ ഈ നയം അഖിലേന്ത്യാതലത്തിൽ നടപ്പിൽ വരുത്തിയത് അർദ്ധമനസ്സോടെ ആയിരുന്നു.

ഈ സമയം ദക്ഷിണേന്ത്യയിൽ ഒരു വലിയ ശതമാനം സീറ്റുകളിലും ഗവണ്‍മെന്‍റ് ജോലികളിലും ഒബിസിക്ക് സംവരണം ചെയ്യപ്പെട്ടു. 1980ന് ശേഷം ഈ നയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കി. അബ്രാഹ്മണ ജാതികളിലെ ഉയർന്ന വിഭാഗം അധികാരമാർജ്ജിച്ചതും ശക്തമായ അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സമ്മർദ്ദവുമാണ് തെക്കേ ഇന്ത്യയിൽ പ്രൊഫഷണൽ സ്ഥാപനങ്ങളിലടക്കം സംവരണനയം നടപ്പിലാവാൻ കാരണം.

ഇന്ത്യ അസമമായ വികാസമുള്ള ഒരു പിന്നോക്ക രാജ്യമാണ്. വ്യവസായം, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, കച്ചവടം, നിർമ്മാണ കമ്പനികൾ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം പോലുള്ള സംരംഭങ്ങളിലെ മൂലധനം സവർണ്ണജാതികളിലെ വരേണ്യ വിഭാഗങ്ങളുടേയും അല്ലെങ്കിൽ ധനികവർഗ്ഗമായി മാറിയിട്ടുള്ള മറ്റ് ജാതികളിലെ വരേണ്യ വിഭാഗങ്ങളുടെ കയ്യിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവരിൽ ഭൂരിഭാഗവും സാമ്രാജ്യത്വവുമായി ഒത്തുചേർന്നു കൊണ്ട് ദല്ലാളുകളായി വർത്തിക്കുകയാണ്. ഫലത്തിൽ, രാജ്യത്തിനകത്ത് നടന്ന സാമ്രാജ്യത്വശക്തികളുടെ വൻനിക്ഷേപങ്ങൾ മൂലം പൊതുമേഖലയിൽ ഉള്ളതിനേക്കാൾ കുടുതൽ തൊഴിലും ജീവനക്കാരും ഉള്ളത് സ്വകാര്യ മേഖലയിലാണ്. തൊഴിൽ നിയമങ്ങൾ ഒട്ടുമിക്കപ്പോഴും ജാതി-ബന്ധുത്വ പരിഗണനകളെ അടിസ്ഥാനമാക്കിയാണ്.

വിശേഷാധികാരങ്ങൾ ഇല്ലാത്ത സാമൂഹികമായും സാമ്പത്തികമായും ജാതീയമായും മറ്റ് താഴ്ന്ന വിഭാഗങ്ങൾക്ക് തൊഴിലിനുള്ള പ്രാഥമിക ഉറവിടം സർക്കാർ മേഖലയാണ്. ദളിതരിലും മറ്റ് പിന്നോക്ക ജാതികളിൽ നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്ന യുവാക്കൾ, യുവതികൾ ആഗ്രഹിക്കുന്നത് സാമൂഹികമായി തങ്ങളുടെ നില മെച്ചപ്പെടുത്താൻ ഒരു സർക്കാർ- പൊതുമേഖലയാണ് തൊഴിലിനുള്ള സ്രോതസ്സ് എന്നതാണ്. അതേസമയം തന്നെ ഇന്ത്യൻ സമ്പദ് മേഖലയിൽ വർദ്ധിച്ചു വരുന്ന സാമ്യാജ്യത്വ നീരാളിപിടുത്തം ഉണ്ടാക്കുന്ന പ്രതിസന്ധിയും ആശ്രിതത്വവും വികലമായ വികസനനയവും. ആവശ്യത്തിന് തൊഴിൽ സൃഷ്ടിക്കാൻ കഴിയാതിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനോ, വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവിന്‍റെ ഭാഗമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനോ സർക്കാർ- പൊതുമേഖലക്ക് കഴിയുന്നില്ല. ഈ തൊഴിലിനായുള്ള മൽസരം സവർണ്ണ ജാതികളിലെ മധ്യവർഗ്ഗത്തിന് ദളിതർക്ക് അനുവദിക്കപ്പെട്ട സംവരണത്തിൽ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്.

സവർണ്ണ സങ്കുചിത ശക്തികളും ഉദ്യോഗസ്ഥമേധാവികളും വരേണ്യ ഭരണകർത്താക്കളും സംവരണം നടപ്പിലാക്കുന്നതിനെ ഏതു മാർഗ്ഗേനയും മുക്കിക്കളയാനും ഭരണഘടനപരമായി നിയമപ്രകാരമുള്ള ദളിതരുടെ അവകാശങ്ങളെപ്പോലും നിഷേധിക്കാനും ശ്രമിക്കുന്നു. ഇതിനായി മർദ്ദിതജനതയെ ജാതികളുടെ അതിരുകൾക്കൊപ്പം ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നു. അതിനുള്ള ഉപകരണമാണ് ഇന്ന് സാമ്പത്തിക സംവരണത്തിന്‍റെ രൂപത്തിൽ വന്ന് നമ്മുടെ കതകിൽ മുട്ടുന്നത്.

സംവരണം സവർണ്ണജാതികളിലെ നഗര പെറ്റിബൂർഷ്വാസികളും ദളിതരും തമ്മിലുള്ള സംഘർഷത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. ജനങ്ങൾക്കിടയിലെ ഈ വൈരുദ്ധ്യം ശത്രുതാപരമാവുകയും വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും ദളിതരെ ഒന്നടങ്കം ആക്രമിക്കുന്നതിലേക്കും നയിച്ചു. സവർണ്ണർക്കിടയിലെ ആധുനിക തലമുറ എന്ന് വിളിക്കപ്പെടുന്ന വിദ്യാസമ്പന്നർക്കിടയിലെ ജാതി മനോഘടനയും മുൻവിധികളും സംവരണ വിരുദ്ധ സമരത്തിലൂടെ വ്യക്തമായി വെളിപ്പെട്ടതാണ്.

സംവരണ വിരുദ്ധ സമരവും സാമ്പത്തിക സംവരണവും വ്യക്തമാക്കുന്നത് സാമൂഹ്യ പ്രശസ്തിയും പണവും ലഭിക്കുന്ന ഉദ്യോഗങ്ങളെ കുത്തകവൽക്കരിക്കാനുള്ള സവർണജാതികളിലെ പ്രതിലോമകരമായ വിഭാഗത്തിന്‍റെ ശ്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് ഒബിസിയിലെ താഴ്ന്ന വിഭാഗത്തേയും കീഴ്പ്പെട്ടവരായി നിലനിർത്താനും തങ്ങളുടെ ഇഷ്ടപ്രകാരം ചൂഷണം ചെയ്യാനും അതുവഴി ജാതിവ്യവസ്ഥ നിലനിർത്താനുള്ള ഭരണ വർഗ്ഗങ്ങളുടേയും സവർണ്ണജാതി സങ്കുചിതവാദികളുടേയും ഗൂഢാലോചനയാണ് സാമ്പത്തിക സംവരണത്തിന് പിന്നിൽ.

ആര്‍.എസ്.എസ് സാമ്പത്തിക സംവരണ നീക്കം ആരംഭിച്ച ഘട്ടത്തിൽ തന്നെയാണ് സംവരണത്തെ കുറിച്ച് പുതിയ പ്രവണത രൂപപ്പെട്ടു വന്നത്. രാജസ്ഥാനിലെ ഗുജ്ജറുകൾ, ആന്ധ്രപ്രദേശിലെ ഖാപ്പുകൾ, ഗുജറാത്തിലെ പട്ടീദാർ, ഹരിയാനയിലെ ജാട്ടുകൾ, മഹാരാഷ്ട്രയിലെ മറാത്തകൾ എന്നിവർ സംവരണത്തിനായി സമരം ആരംഭിച്ചിരിക്കുന്നു. വാസ്തവത്തിൽ വർഗ്ഗപരമായി ഈ ജാതികളിലെ ഉയർന്ന വിഭാഗം ഭരണവർഗ്ഗത്തിന്‍റെ ഭാഗവും അനേകം പേർ മധ്യവർഗ്ഗവും അതിൽ കൂടുതൽ പേർ ദരിദ്രവർഗ്ഗങ്ങളിലുമാണ്. എന്തൊക്കെ ആയാലും ഈ ജാതികൾ സാമൂഹ്യമായി പിന്നോക്കമല്ല. ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടാൽ SC,ST, OBC വിഭാഗങ്ങളെയാണ് ബാധിക്കുന്നത്.

പുതിയ വിദ്യാഭ്യാസ നയം NEP 2020(National Education Policy 2020), ഓൺലൈൻ പഠനപദ്ധതി എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയെ ബ്രാഹ്മണ്യവൽക്കരിക്കുന്നതിന് വേണ്ടിയാണ്. നിലവിൽ ദരിദ്ര-ദളിത്-ആദിവാസി ജനതക്ക് വളരെ പരിമിതമായ വിദ്യാഭ്യാസമേ ലഭിക്കുന്നുള്ളു. ഉന്നത വിദ്യാഭ്യസത്തിനുള്ള അവസരം കുറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്രാജ്യത്വ-ഭരണവർഗ്ഗ അനുകൂല നയങ്ങൾ മൂലം പ്രാഥമിക തലം തൊട്ട് പ്രൊഫഷണൽ തലം വരെ വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കുന്നത് തീവ്രമാക്കിയിരിക്കുന്നു. ”ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്താൻ എല്ലാവർക്കും ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നു ”എന്ന് NEP 2020 പറയുന്നതിലൂടെ കാര്യം കൂടുതൽ വ്യക്തമാകുന്നു. ജനങ്ങളെ വഴിതെറ്റിക്കുന്ന, സംവരണ വിഷയത്തിൽ അധികാരത്തിൽ ഇരിക്കുമ്പോഴും അതിന് പുറത്തായിരിക്കുമ്പോഴും, വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന ഭരണവർഗ്ഗ പാർട്ടികളുടെ താല്‍പര്യം നാം തിരിച്ചറിയണം.

ദളിത് വിമോചനത്തിന്‍റെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ സംവരണനയത്തിന് ഗൗരവപരമായ പരിമിതികൾ ഉണ്ട്. ദളിതർക്കിടയിൽ ഒരു പെറ്റിബൂർഷ്വാ വർഗ്ഗത്തെ ഉറപ്പിക്കുന്നതിനും അവർക്കിടയിൽ നിന്ന് ചെറുതാണെങ്കിലും പക്ഷേ, സ്വാധീനമുള്ള ഒരു വരേണ്യവർഗ്ഗത്തെ സ്വാംശീകരിക്കാനും ഭരണവർഗ്ഗങ്ങൾ സംവരണനയത്തെ ഉപയോഗിക്കുന്നു. ഈ നയം ഭരണകൂടത്തിനു മേലുള്ള അവരുടെ ആശ്രിതത്വത്തെ സംരക്ഷിക്കുന്നതാണ്. ജാതിവ്യവസ്ഥയുടെ അടിത്തറയായി വർത്തിക്കുന്ന അർദ്ധ നാടുവാഴിത്ത- അർദ്ധ അധിനിവേശ വ്യവസ്ഥയേയും ചൂഷണാത്മക അടിത്തറയെ ആശ്രയിച്ചു നിൽക്കുന്ന സാമ്പത്തിക- രാഷ്ട്രീയ സംവിധാനങ്ങൾ തകർക്കാതെ തന്നെ തങ്ങൾക്ക് സമത്വം കിട്ടുമെന്ന വ്യാമോഹം ദളിതർക്കിടയിൽ സൃഷ്ടിക്കുന്നതിൽ ഈ ചെറിയ വിഭാഗം ചെലുത്തുന്ന സ്വാധീനം മൂലം, ”സംവരണം ആശ്വാസം നൽകും, വിമോചനം സാധ്യമാക്കില്ല” എന്നതിനെ ബോധപൂർവ്വം മറച്ചുവെക്കുന്ന കുഴപ്പം ഉണ്ട്.

മര്‍ദ്ദിത ജാതികളിലെന്നപോലെ ഉയര്‍ന്ന ജാതികളിലും ഇത് പ്രതിഫലിക്കും. സംവരണത്തിന്‍റെ ജാതിവിരുദ്ധ ഉള്ളടക്കത്തെ ഇല്ലാതാക്കുകയും ജാതിശ്രേണിയെ ശക്തിപ്പെടുത്തുകയും മര്‍ദ്ദിതജാതികളെ വീണ്ടും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യും. കേവല വോട്ടും തെരഞ്ഞെടുപ്പും മാത്രമാണ് ലക്ഷ്യം എന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഈ രാഷ്ട്രീയ നീക്കമാണ് കാണാതെ പോകുന്നത്. ഇതില്‍ ഭരണ-പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഒരേ ശബ്ദവും ഒരേ നാവുമാണ്. മുന്നോക്ക ജാതിയിലെ ദരിദ്രരായ ജനങ്ങള്‍ തങ്ങളനുഭവിക്കുന്ന വര്‍ഗ്ഗപരമായ ചൂഷണങ്ങള്‍ക്കും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുമെതിരെ നടത്തുന്ന സമരങ്ങളെ മുരടിപ്പിക്കാനും വര്‍ദ്ധിതമായ തോതില്‍ മര്‍ദ്ദിത ജനതയുടെ ഐക്യസമരങ്ങളില്‍ നിന്നും ചെറുത്തുനില്‍പ്പുകളില്‍ നിന്നും ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവും ഈ സംവരണ നിയമ ഭരണഘടനാ ഭേദഗതി ലക്ഷ്യം വെയ്ക്കുന്നു.

Like This Page Click Here

Telegram
Twitter