പേരറിവാളനെ വിട്ടയക്കണം; വിജയ് സേതുപതി
29 വർഷമായി ജയിലിൽ കഴിയുന്ന നിരപരാധിയായ തടവുകാരൻ എ ജി പേരറിവാളനെ വിട്ടയക്കണമെന്ന് തമിഴ് നടൻ വിജയ് സേതുപതി.
വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് നേരത്തെ വധശിക്ഷയാണ് വിധിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ അമ്മ അർപ്പുതമ്മാളിൻ്റെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിരന്തര പോരാട്ടത്തിന് വഴങ്ങി കോടതി 2014ൽ ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1991ൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് പ്രായം 19 ആയിരുന്നു. “ജനാധിപത്യ” ഭരണകൂടവും പൊലീസും വ്യാജമായി സൃഷ്ടിച്ച കേസിൽ ആ യുവാവിന് യൗവ്വനവും ജീവിതവും പൂർണ്ണമായും ജയിലിൽ ഹോമിക്കേണ്ടി വന്നു.
രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബിനാവശ്യമായ ബാറ്ററി വാങ്ങിയത് പേരറിവാളനാണ് എന്നായിരുന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എന്നാൽ, പേരറിവാളന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ വി ത്യാഗരാജൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. LTTE നേതാവ് ശിവരസൻ്റെ വയർലെസ് സന്ദേശത്തിൽ പേരറിവാളന് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നും ബാറ്ററി വാങ്ങിയതെന്തിനാണ് എന്നറിയില്ല എന്ന പേരറിവാളൻ്റെ മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ അദ്ദേഹം മോചിതനാവുമായിരുന്നുവെന്നും ത്യാഗരാജന്‍ കോടതിയെ അറിയിച്ചിരുന്നു.
“ജനാധിപത്യ” ഭരണകൂടവും സിബിഐയും ആസൂത്രിതമായി തയ്യാറാക്കിയ കുറ്റപത്രമാണ് ഒരു യുവാവിൻ്റെ 29 വർഷങ്ങൾ കവർന്നെടുത്തത്.
#ReleasePerarivalan
#VijaySethupathi #PoliticalPrisoners