118A സ്ത്രീ സുരക്ഷക്കല്ല, സെെബറിടം നിയന്ത്രിക്കാൻ!

സൈബർ കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനുള്ള പിണറായി സർക്കാർ നീക്കം ജനാധിപത്യവിരുദ്ധം
_ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

സൈബർ കുറ്റകൃത്യങ്ങളെ തടയാനെന്ന പേരിൽ കേരളാ പോലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പിണറായി സർക്കാർ നീക്കം ജനാധിപത്യ വിരുദ്ധവും അപലപനീയവും പ്രതിഷേധാർഹവുമാണ്.

കേരളാ പോലീസ് ആക്ടിൽ പുതിയതായി 118 A എന്ന ഒരു വകുപ്പ് കൂടി കൂട്ടി ചേർത്തു കൊണ്ട് സൈബർ കുറ്റകൃത്യങ്ങളെ നേരിടാനാണ് സർക്കാർ നീക്കം. സഭാ സമ്മേളന കാലമല്ലാത്തതിനാൽ ഓർഡിനൻസ് ആയി നിയമം പ്രാബല്യത്തിൽ കൊണ്ട് വരാനാണ് ശ്രമം. ദൂരവ്യാപകമായ പ്രത്യാഖാതങ്ങൾ ഉണ്ടാക്കുന്നതും പൊലീസിന് അപരിമിതമായ അധികാരങ്ങൾ നൽകുന്നതുമായ ഒരു നിയമ ഭേദഗതി കാര്യമായ ചർച്ചകളില്ലാതെ നിയമമാക്കാൻ ശ്രമിക്കുന്നത് തന്നെ ജനാധിപത്യവിരുദ്ധ സമീപനമാണ്. ഇതിനോടകം തന്നെ ഈ നിർദ്ദിഷ്ട ഭേദഗതിയുടെ ജനാധിപത്യ വിരുദ്ധ ഉള്ളടക്കം വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ ‘കീർത്തി’ക്ക് ഭീഷണിയാകുന്നതോ, ഹാനികരമാകുന്നതോ, അപായപ്പെടുത്തുന്നതോ ആയ ഉള്ളടക്കമുള്ള കാര്യങ്ങൾ വാർത്താവിനിമയ മാധ്യമങ്ങൾ വഴി ഉണ്ടാക്കുകയോ, പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് നിർദിഷ്ട ഭേദഗതി. അപ്രകാരമുള്ള പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസിന് സ്വമേധയാ കേസ്സെടുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ 5 വർഷം തടവോ അല്ലെങ്കിൽ 10000 രൂപ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. എന്നാൽ ഈ വകുപ്പിൽ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന പ്രവർത്തികൾ നിലവിലെ നിയമങ്ങൾ പ്രകാരം നടപടിയെടുക്കാവുന്നതാണ്. ഉദാഹരണത്തിന് അപകീർത്തിപ്പെടുത്തൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499ആം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനും നിലവിലെ നിയമങ്ങളിൽ വ്യവസ്ഥകളുണ്ട്. നിയമം ഇല്ലാത്തതല്ല വാസ്തവത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനു കാരണം. മറിച്ച് അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കുന്നതിൽ ഭരണകൂടം അനുവർത്തിക്കുന്ന നിസംഗതയും നിഷ്ക്രിയത്വവുമാണ്. പോക്സോ പോലുള്ള നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് പാലക്കാട് വാളയാറിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ലൈംഗിക പീഡനങ്ങൾക്ക് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിലവിലെ വകുപ്പനുസരിച്ച് അപകീർത്തിപ്പെടുത്തുന്നതിനെതിരെ അപകീർത്തിപ്പെടുത്തപ്പെട്ട ആൾക്ക് മാത്രമേ കേസ്സു കൊടുക്കാൻ കഴിയു. മാത്രവുമല്ല, അപകീർത്തിപ്പെടുത്തൽ എന്ന കുറ്റത്തിന്റെ നിർവചനത്തിൽ തന്നെ പത്തോളം കാര്യങ്ങളെ അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത് നിയമത്തിൽ പറയുന്ന ഈ പത്തു അപവാദങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പരിധിയിൽ വരുന്നതാണ് തന്റെ അഭിപ്രായപ്രകടനം എന്ന് തെളിയിച്ചാൽ അപകീർത്തിപ്പെടുത്തി എന്ന കുറ്റാരോപണം നിലനിൽക്കുകയില്ല. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ വിമർശനങ്ങളെയും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം സംവിധാനങ്ങളൊന്നും തന്നെ പിണറായി സർക്കാരിന്റെ ഭേദഗതിയിൽ ഇല്ല. ഉദാഹരണത്തിന് ഒരു പൊതു പ്രശ്നത്തിൽ ഒരാളുടെ പെരുമാറ്റം സംബന്ധിച്ച് നടത്തുന്ന പ്രസ്താവനകൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തിപ്പെടുത്തൽ എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ല. പക്ഷെ, അതെ പ്രവർത്തി വേണമെങ്കിൽ പിണറായി സർക്കാർ കൊണ്ട് വരുന്ന നിർദിഷ്ട ഭേദഗതി പ്രകാരം കുറ്റകരമായി മാറാം. കൊളോണിയൽ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തിപ്പെടുത്തൽ കുറ്റകരമാക്കുന്ന വകുപ്പ് നിയമത്തിൽ നിന്നും നീക്കം ചെയ്യണം എന്നത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തന്നെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഒരു ഇനമായിരുന്നു എന്ന് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതായത് സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ് ആ പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ ഇപ്പോൾ ഈ ഭേദഗതിയുമായി വന്നിരിക്കുന്നത് എന്നർത്ഥം.

ശ്രേയാ സിംഗാൾ കേസിൽ സുപ്രീം കോടതി കേരളാ പോലീസ് ആക്ടിലെ 118(d) എന്ന വകുപ്പും വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 66A എന്ന വകുപ്പും മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ട് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് റദ്ദാക്കിയിരുന്നു. ഇപ്പോൾ പിണറായി സർക്കാർ കൊണ്ട് വന്നിരിക്കുന്ന നിർദ്ദിഷ്ട ഭേദഗതിക്ക് സമാനമായതാണു റദ്ദു ചെയ്യപ്പെട്ട വകുപ്പുകൾ. എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് സർക്കാർ ഭേദഗതി നിയമവുമായി വന്നിരിക്കുന്നത്. ‘അസൗകര്യം’ പോലുള്ള അവ്യക്തവും അയഞ്ഞതുമായ പദങ്ങൾ ഉപയോഗിച്ച് ക്രിമിനൽ നിയമങ്ങൾ കൊണ്ട് വരുന്നതിലെ അപകടം വിശദമായി ചർച്ച ചെയ്യുന്നതാണ് ശ്രേയാ സിംഗാൾ കേസ്. ഇവിടെ പിണറായി സർക്കാരിന്റെ നിർദിഷ്ട ഭേദഗതിയിലും അത്തരം അയഞ്ഞതും അവ്യക്തവുമായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്, കീർത്തി എന്ന പദത്തിന്റെ നിർവചനം എന്താണെന്ന് ഭേദഗതിയിൽ പറയുന്നില്ല. സൈബർ കുറ്റകൃത്യങ്ങളെ തടയാൻ ആണ് നിയമം എന്ന് പറയുമ്പോഴും എല്ലാ തരം വാർത്താ വിനിമയ ഉപാധികളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നിട്ടുമുണ്ട്. ഇതെല്ലം നിയമത്തിനു പിന്നിലെ ദുഷ്ടലാക്കിനെ തന്നെയാണ് വെളിപ്പെടുത്തുന്നത്. സർക്കാരിനെയും മുഖ്യമന്ത്രി പിണറായിയേയും സാമൂഹ്യമാധ്യമങ്ങളിൽ വിമർശിച്ചു എന്ന കാരണത്താൽ നിരവധി പേർക്കെതിരെ കേസ്സെടുത്ത സംഭവങ്ങൾ ഇതിനു മുൻപ് തന്നെ ഉണ്ടായിട്ടുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ മാനിക്കുന്നതിൽ കേരളം പോലിസിന്റെ ട്രാക് റെക്കോർഡ് വളരെ മോശമാണെന്നു കാണിക്കുന്ന നിരവധി സംഭവങ്ങൾ സമീപകാലത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും വ്യാജ ഏറ്റുമുട്ടൽ കൊലയ്ക്കു ഉത്തരവാദികളായ പോലീസുകാർക്കെതിരെ സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കൊലക്കുറ്റത്തിന് കേസ്സെടുക്കണം എന്നാവശ്യപ്പെട്ടും പോസ്റ്റർ പ്രചാരണം നടത്തിയതിനുമൊക്കെ യുഎപിഎ എന്ന ജനവിരുദ്ധ ഭീകര നിയമം ചുമത്തി കേസ്സെടുക്കുന്ന പൊലീസാണ് കേരളത്തിലേത്. കേരളത്തിലെ യുഎപിഎ കേസുകളിൽ ബഹുഭൂരിപക്ഷവും ഇത്തരത്തിൽ ആശയപ്രചരണത്തിനും അഭിപ്രായ പ്രകടനത്തിനും എതിരെ ചുമത്തിയിട്ടുള്ളതാണ്. മനുഷ്യാവകാശ സംരക്ഷണ കാര്യത്തിൽ ഇത്ര മോശം പ്രതിച്ഛായയുള്ള ഒരു ഭരണകൂടം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിരന്തരം ലംഘിക്കുന്ന ഒരു ഭരണകൂടം പോലീസിനെ ഉപയോഗിച്ച് നഷ്ടമായി കൊണ്ടിരിക്കുന്ന പ്രസക്തി നിലനിറുത്താൻ വേണ്ടി നടത്തുന്ന നീക്കമായി വേണം നിർദ്ദിഷ്ട ഭേദഗതിയെ കാണാൻ.

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സൈബർ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചും ചർച്ചയായ പശ്ചാത്തലത്തിലാണ് നിർദ്ദിഷ്ട ഭേദഗതി അവതരിപ്പിക്കപ്പെടുന്നത്. വാസ്തവത്തിൽ ഈ നിയമ ഭേദഗതി സൈബർ ഇടങ്ങളിലെ പോലീസിങ്ങിനു സൗകര്യം ചെയ്യുന്നു എന്നതിനപ്പുറം സ്ത്രീ സുരക്ഷക്ക് യാതൊരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാനാകും. സ്ത്രീ സമത്വം എന്നത് ഒരു ക്രമസമാധാന പ്രശ്നം മാത്രമല്ലെന്നും അതൊരു രാഷ്ട്രീയ പ്രശ്നം കൂടിയാണെന്നുമുള്ള മിനിമം ചരിത്രബോധമെങ്കിലും ഇടതുപക്ഷം എന്നവകാശപ്പെടുന്ന സർക്കാരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷയെ നിർലജ്ജം കയ്യൊഴിഞ്ഞാണ് പിണറായി സർക്കാർ നിർദിഷ്ട ഭേദഗതിയുമായി മുന്നോട്ടു പോകുന്നത്. അടിമുടി പുരുഷാധിപത്യ ബോധം പേറുന്ന ഒരു സമൂഹത്തിൽ ആണ്കോയ്മയെ തരിമ്പും ചോദ്യം ചെയ്യാതെ നടത്തുന്ന ഇത്തരം നിയമനിർമ്മാണ കസർത്തുകൾ ദീര്ഘകാലാടിസ്ഥാനത്തിൽ തീർത്തും പരാജയപ്പെടും എന്നത് ഉറപ്പാണ്. ‘കീർത്തി’യെ സാമൂഹ്യനിയന്ത്രണത്തിനുള്ള ഒരു ഉപാധിയാക്കുമ്പോൾ നിലവിലുള്ള സാമൂഹ്യ ബോധത്തെ അതേപടി സ്വീകരിക്കുന്ന ഒരു നിലപാട് കൂടി അതിലുണ്ട് എന്നതിനാൽ പ്രത്യേകിച്ചും. അതുകൊണ്ട് ഈ നിർദിഷ്ട നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയർത്താൻ എല്ലാ പുരോഗമന ജനാധിപത്യ വിശ്വാസികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

തീർത്തും ജനാധിപത്യ വിരുദ്ധമായ കേരളാ പോലീസ് ആക്ടിലെ നിർദിഷ്ട ഭേദഗതി നീക്കം പിൻവലിക്കാൻ തയ്യാറാകണമെന്ന് കേരള സംസ്ഥാന സർക്കാരിനോട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

#Repeal118A

Related Articles
118 A കേരളത്തിന്‍റെ UAPA ! പിൻവലിക്കുക

പുകസയുടെയും സിപിഎമ്മിന്‍റെയും പ്രതിലോമ ദൗത്യം

Like This Page Click Here

Telegram
Twitter