വിവേചനങ്ങൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ പോലും വിവേചനമുണ്ട്

നിങ്ങളുടെ സ്ത്രീപക്ഷ ചിന്തകളിൽ സഫൂറ വരാത്തതിന്റെ കാരണം എന്തെന്ന് നന്നായറിയാം. അവൾ മുസ്‌ലിമാണ്, കശ്മീരിയാണ് !

ഫ്രണ്ട്സ് ലിസ്റ്റിൽ നിരവധി സ്ത്രീപക്ഷ എഴുത്തുകാരുണ്ട്. പലരും ഒരുപാടിഷ്ടമുള്ളവർ. ഉറപ്പായും രാജ്യത്ത് -ലോകത്ത് മത ന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും, ദലിതുകളും ആദിവാസികളും നേരിടുന്ന കയ്യേറ്റങ്ങൾക്കും വിവേചനകൾക്കും ഒപ്പം തന്നെ പ്രശ്നങ്ങൾ നേരിടുന്നവരാണ് സ്ത്രീ സമൂഹവും.

പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മനസിലായ ഒരു കാര്യമുണ്ട് . വിവേചനങ്ങൾ അനുഭവിക്കുന്നവരുടെ കാര്യത്തിൽ പോലും വിവേചനമുണ്ട് . പൊരിച്ച മീൻ കിട്ടാത്തതിന്റെ കാര്യത്തിൽ പോലും സ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ കാണാതെ പോകുന്ന കാര്യമാണ് മുസ്‌ലിം സ്ത്രീകൾക്ക് നേരെ നടക്കുന്ന ഭരണകൂട വേട്ടയാടലുകൾ.

പറഞ്ഞു വന്നത് സഫൂറ സർഗാറിനെ കുറിച്ചാണ്. ജാമിയ മില്ലിയ്യയിലെ ഗവേഷണ വിദ്യാര്‍ത്ഥി സഫൂറയെ ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് പേരിലാണ് രാജ്യദ്രോഹകുറ്റം ചുമത്തി ഇരുമ്പഴിക്കുള്ളിലാക്കിയത്.

സഫൂറ മൂന്നര മാസം ഗർഭിണിയാണ്. ഗർഭിണിയായിരിക്കെ താനനുഭവിക്കുന്ന വേദനകളുടെ കഥകൾ ഫേസ്ബുക്കില്‍ ചിലരെങ്കിലും എഴുതുന്നത് കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട് . അങ്ങനെ എഴുതിയ ആളുകൾക്ക് പോലും സഫൂറ ഒരു വിഷയമേയല്ല.

നിങ്ങളുടെ സ്ത്രീപക്ഷ ചിന്തകളിൽ സഫൂറ വരാത്തതിന്റെ കാരണം എന്തെന്ന് നന്നായറിയാം. അവൾ മുസ്‌ലിമാണ്, കശ്മീരിയാണ് !

ഓൺലൈനിലിരുന്ന് ഫാസിസത്തിനെതിരെ ഘോരഘോരം എഴുതുന്ന, നെറ്റിയിലെ സിന്ദൂരം ഒന്ന് നീട്ടിയിട്ടാൽ, കയ്യിലൊരു കാവിച്ചരട് കെട്ടിയാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങൾ മാത്രമുള്ള നിങ്ങൾക്കിടയിൽ,

ആർ.എസ്.എസിന്‍റെ മൂക്കിന്‍ തുമ്പിൽ, ഡൽഹിയിലെ തെരുവീഥികളിൽ സംഘ്‌വാദ് സെ ആസാദി മുഴക്കിയ സഫൂറ ഒരു മുസ്‌ലിമാണ്,

അവൾ കാശ്മീരിയാണ് !


_ സുൾഫിക്കർ ചുപ്പി

Click Here