ചില വിഷാദികൾ ലാപ്ടോപിൽ സൂക്ഷിക്കുന്ന മരുന്ന്

പെട്ടെന്നുള്ള ഇല്ലാതാവലുകൾ‌, കൂടുതൽ സംസാരിക്കാനോ കൂടുതൽ കാണാനോ മനസ്സിലാക്കാനോ കഴിയാതെയുള്ള വേർപെടലുകളാണ്‌ ഇങ്ങനെ ഇനിയില്ലല്ലോ ജീവിതമാകെ എന്ന് വേദനിപ്പിക്കുക. എന്തൊരു വേട്ടയാണതെന്നോ. അതിൽനിന്നാണ്‌ ഓടിക്കോണ്ടേയിരിക്കേണ്ടിവരിക. അത്‌ ജീവിതസംബന്ധിയായ എല്ലാത്തിനേയും ഉൾക്കൊള്ളുന്നതാണ്‌. ചില്ലുകൊണ്ട്‌ ചീന്തിപ്പോയ വിരൽതുമ്പുപോലെ അതിന്റെ നീറ്റൽ ശേഷിക്കുന്നു. മുറിവ്‌ അതിന്റെ ഓർമ്മയെ ഉണക്കുകയില്ലല്ലോ.

അപ്പോഴൊക്കെയും നമ്മെ ജീവിപ്പിക്കുന്നതെന്താണ്‌. ഒപ്പമുണ്ടെന്ന് നമ്മെ ആരൊക്കെയാണ്‌ തോന്നിപ്പിച്ചിട്ടുള്ളത്‌. നമ്മെപ്പോലെ ജീവിക്കുന്നവർ. നമ്മെപ്പോലെ കരയുന്നവർ. എവിടെയെങ്കിലും അവരെ കാണാതെ പോകാനാവില്ല.

അയാളെ ആദ്യമായി കാണുന്നതെപ്പോഴാണ്‌, മഞ്ഞനിറമുള്ള അംബാസിഡർ ടാക്സി കാറിൽ കനം തൂങ്ങിനിൽക്കുന്ന ഒരു തെരുവിൽ നിന്ന് മേഘങ്ങളുടെ സ്വകാര്യം പോലെ സംസാരിച്ചു നിൽക്കുകയായിരുന്നു.

തീയേറ്ററിൽ കുനിഞ്ഞിരുന്ന് അയാൾക്കൊപ്പം നമ്മൾ കരഞ്ഞിട്ടുണ്ട്‌. ഗെറ്റിംഗ്‌ ഹോമിലെ കഥാപാത്രം പറയുന്നത്‌ പോലെ നിങ്ങൾക്കുവേണ്ടിയും എനിക്കുവേണ്ടിതന്നെയും. ആഹ്ലാദിക്കുമ്പോൾ സംശയിച്ചിട്ടുണ്ട്‌. വരാൻ പോവുന്ന ഒരപകടം പോലും തന്നെത്തന്നെ സാദൃശ്യപ്പെടുത്തി നാം ഊഹിച്ചെടുത്തിട്ടുണ്ട്‌.

അയാളുടെ കണ്ണുകളും ചിരിയും നോക്കൂ, എന്തൊരാഴമാണ്‌.

അയാളിൽ നിങ്ങളെ തന്നെ കാണുന്നത്‌ കൊണ്ടാണ്‌ സ്വയം നഷ്ടപ്പെടുന്നതു പോലെ ഇപ്പോൾ വേദനിക്കേണ്ടി വരുന്നത്‌.
ലഞ്ച്‌ ബോക്സിൽ അയാൾ തന്റെ പ്രണയത്തിന്റെ രുചി അനുഭവിക്കുന്നത്‌ കാണൂ. പ്രണയത്താലും വിഷാദത്താലും ആഹ്ലാദം കൊണ്ടും ഉടയുന്ന മനുഷ്യൻ.

അയാളുടെ ചില ഫോട്ടോകളോ എന്തൊക്കെയോ കഴിഞ്ഞ ദിവസങ്ങളിൽ എവിടെയൊക്കെയോ നിങ്ങൾ കണ്ടിട്ടില്ലേ, അവിടെയുണ്ടെന്ന് അത്രയും ഉറപ്പുള്ളൊരാൾ.

സൂക്ഷമവും ആഴമേറിയതുമായ മനുഷ്യഭാവങ്ങളുടെ ഉടയോന്‌,

ഞങ്ങൾ, ചില വിഷാദികൾ കൂടിയായ മനുഷ്യർ ലാപ്ടോപ്പുകളിൽ സൂക്ഷിക്കുന്ന മരുന്നിന്‌,

നന്ദി…
_ എസ്തപ്പനോസ്

Follow | Facebook | Instagram Telegram | Twitter