വിനാശത്തിലൂടേ മാത്രമേ നമുക്ക് വികസനമുണ്ടാവുകയുള്ളോ ?

ഇങ്ങനെ വഴി മാറ്റി ടവർ ഉയർത്തി, സസ്യസമൃദ്ധിയേയും ജന്തുജീവികളേയും ഒടുക്കി
വിനാശത്തിലൂടേ മാത്രമേ നമുക്ക് വികസനമുണ്ടാവുകയുള്ളോ ?
നമ്മൾ എന്താണിങ്ങനെ ?
മനുഷ്യരെ തകർത്തു തരിപ്പണമാക്കുന്നത് സ്റ്റേറ്റിന് നമ്മോടുളള വീരോധമാണ്…


എച്ച്മുക്കുട്ടി

വഴിക്കുളങ്ങര ബസ്സ് സ്റ്റോപ്പിൽ നിന്ന് പൊരിവെയിലിലൂടെ നടന്ന് ശാന്തിവനത്തിൻറെ പച്ചപ്പിൽ ചെന്നു കയറുമ്പോൾ വേനൽ വേവിൽ വെന്തുപിളരുന്ന ദില്ലി റോഡിൽ നിന്നും ഡീർപാർക്കിലെ തണുപ്പിലെത്തിയ കുളിരു തോന്നും.

അടുക്കായി ചവറു വീണ് ഭൂമിയെ മൂടിയിരിക്കുന്ന ചവർ തണുപ്പ് പാദങ്ങളെ ചുംബിക്കാതിരിക്കില്ല. ആ ചവർ പുതപ്പിൻറെ വില അറിയുന്നവർ ശരിക്കും വളരെ കുറവാണ്. എല്ലാവരും ചവറടിച്ചു കൂട്ടി വൃത്തിയാക്കി തീയിടുന്നവരാണ്.

പോലീസുകാർ ധാരാളമുണ്ടായിരുന്നു. അവർ ലാത്തി കൈയിൽ പിടിച്ചു കൊണ്ട് തന്നെ പഴംപൊരിയും ചായയും കഴിച്ചിരുന്നു.

.65 സെൻറിലാണ് കെ എസ് ഇ ബി ടവർ ഇടുന്നതെന്നാണ് ഭാഷ്യം. അമ്പതിലധികം അടി ഭൂമിയിലേക്ക് കുഴിച്ചെടുത്ത മണ്ണ് അവിടെ ഒരു ഭീമൻ മലയായി കിടപ്പുണ്ട്. ആ ഭാഗത്ത് ഒരു പുൽക്കൊടി പോലും ഇല്ല. അത് പറഞ്ഞ അളവിലും എത്രയോ കൂടുതലാണ്.

യുദ്ധകാലാടിസ്ഥാനത്തിലാണ് കെ എസ് ഇ ബി ടവർ പൊക്കുന്നത്. ഇത് പൊക്കിക്കഴിഞ്ഞ് ചത്താലും കുഴപ്പമില്ല എന്ന മട്ടിൽ. എന്നാൽ കരാർ ഏറ്റെടുത്ത ആൾ ഒരു തമാശ പറയാൻ പോലു സൈറ്റിലിതു വരെ വന്നിട്ടില്ലത്രേ.

പോലീസ് ഉള്ളതുകൊണ്ട് അറസ്റ്റ് വരുമോ ജാമ്യം കിട്ടാതിരിക്കുമോ ജയിലിൽ കിടക്കേണ്ടി വരുമോ എന്ന ഭയം നാട്ടുകാരെ ശാന്തിവനത്തിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്.

ഒരമ്മയുടേയും മകളുടേയും സ്വകാര്യ ഭൂമിയാണിത്. അവിടെ കെ എസ് ഇ ബി കൂറ്റൻ ടവറിനും ഇലക്ട്രിക് കോറിഡോറിനും എന്ത് കാര്യം എന്ന് ചോദിച്ചാൽ സായിപ്പുണ്ടാക്കിയ ടെലിഗ്രാഫ് നിയമമാണുത്തരം. അതനുസരിച്ച് കെ എസ് ഇ ബിക്ക് നമ്മുടെ അടുക്കള മുറ്റത്ത് ടവർ പണിയാം

ഈ കൂറ്റൻ ടവർ കൃത്യമായും ആ വീടിൻറെ പുരക്ക് തൊട്ടരികേയാണ്. വീട്ടിലിരുന്ന് കൈ നീട്ടിയാൽ തൊടാം. ടവറിൽ ഇലക്ട്രിസിറ്റി എത്തുമ്പോൾ ടവർ സംസാരിച്ചു തുടങ്ങും. അത് വിൻഡ്മില്ലിൻറെ സംസാരം പോലേ നല്ല മുഴക്കത്തോടെ തന്നെയായിരിക്കും.

ഈ ടവറിന് ഇവിടെ തന്നെ വരണമെന്നത് രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ടാണെന്ന് പറഞ്ഞു കേൾക്കുന്നു. ടവർ അപ്പുറത്തെ ജനവാസമില്ലാത്ത ആരുടേ എന്ന് പോലും അറിയാത്ത ഭൂമിയിലേക്ക് മാറ്റിക്കൂടെ എന്ന പരിസരവാസികളുടെ അന്വേഷണം മുറുകിയപ്പോൾ ആരുടെ എന്നറിയാത്ത ഭൂമിയുടെ ഉടമസ്ഥൻ പഴയ കെ എസ് ഇ ബി ചെയർമാനാണെന്ന് വ്യക്തമായി.

അപ്പോൾ പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരമ്മയുടേയും മകളുടേയും ഭൂമി തന്നെയാണ് കെ എസ് ഇ ബിക്ക് ടവർ നാട്ടാൻ നല്ലത്.

നാല് പാഴ്മരങ്ങൾ വെട്ടി എന്നാണ് പാണപ്പാട്ട്. വെളുത്ത പൈൻ മരങ്ങളാണ് നശിപ്പിച്ചത്. എത്രയോ പാമ്പുകളേയും അരണ പോലെയുള്ള ഉരഗജീവികളേയും അടിച്ച് കൊന്നു.

ശാന്തി വനത്തിലെ കുളം പെട്ടെന്ന് ക്ഷീണിച്ചു വൃദ്ധയായി. അതിനു തൊട്ടപ്പുറത്താണ് അമ്പതടി താഴ്ചയിൽ കുഴിച്ച ചെളി ഒഴിച്ചത്. ചെളി ഒരടിപ്പൊക്കത്തിൽ മരങ്ങളുടെ ചുറ്റും കെട്ടിക്കിടക്കുകയായിരുന്നു. സൈറ്റ് സന്ദർശിച്ച ജില്ലാ കളക്ടർ ചെളി കോരി മാറ്റാൻ നിർദ്ദേശിച്ചതുകൊണ്ട് ഉണക്കം തട്ടിയ മരങ്ങൾ മെല്ലെ ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ട്. പക്ഷേ, അടിക്കാടുകൾ മുഴുവനും നശിച്ചു പോയി.

ഇങ്ങനെ വഴി മാറ്റി ടവർ ഉയർത്തി, സസ്യസമൃദ്ധിയേയും ജന്തുജീവികളേയും ഒടുക്കി
വിനാശത്തിലൂടേ മാത്രമേ നമുക്ക് വികസനമുണ്ടാവുകയുള്ളോ ?

നമ്മൾ എന്താണിങ്ങനെ ?

മനുഷ്യരെ തകർത്തു തരിപ്പണമാക്കുന്നത് സ്റ്റേറ്റിന് നമ്മോടുളള വീരോധമാണ്. മറ്റെല്ലാം സഹിക്കാം. എന്നാൽ ഇക്കാര്യം സഹിക്കുക ഏറെ ബുദ്ധിമുട്ടാണ്.

ശാന്തി വനം സംരക്ഷിക്കപ്പെടണമെന്നുണ്ട്. വൈദ്യുതി ക്ഷാമവും പരിഹരിക്കപ്പടണം. പക്ഷെ, വിനാശങ്ങളിലൂടെ ആവരുത് നമ്മുടെ വികസനം.

Leave a Reply

Web Design Services by Tutochan Web Designer