ഗോഡ്‌സെ വെറുക്കപ്പെട്ട വാക്കല്ലതായി മാറ്റപ്പെടുന്നതിന് പിന്നിൽ

ആര്‍.എസ്.എസ് ശ്രമിച്ചത് ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിച്ചെടുക്കാനാണ്, ഇപ്പോള്‍ അവര്‍ക്ക് അത്തരം ഒരു കളവ് പറയേണ്ട സാഹചര്യം ഇല്ലെന്ന് തോന്നിയിരിക്കുന്നു…


എൻ കെ ഭൂപേഷ്

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ബി.ജെ.പി നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയും ഭീകരപ്രവര്‍ത്തനകേസിലെ പ്രതിയുമായ പ്രഗ്യാ സിംങിന്റെ പരസ്യപ്രസ്താവന, ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തിലെ ഒരു ഘട്ടം കഴിയുന്നുവെന്നതിന്റെ സൂചനയാണ്.

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന നുണയാണ് അവര്‍ ഇതുവരെ ആവര്‍ത്തിച്ചുപോന്നത്. ഈ നുണ നാഥൂറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെ തള്ളികളയുന്നുണ്ട്. ഒരു ഘട്ടത്തിലും നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസ് വിട്ടിട്ടില്ലെന്നും ഗോള്‍വല്‍ക്കറിനെയും ആര്‍.എസ്.എസിനെയും രക്ഷിക്കാന്‍ അങ്ങനെ ഒരു കളവ് പറയുക മാത്രമാണ് ചെയ്തതെന്നുമാണ് അയാള്‍ പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് അരവിന്ദ് രാജഗോപാലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ( ഫ്രണ്ട്‌ലൈന്‍ മാഗസിനിലാണ് ഇത് അച്ചടിച്ചുവന്നത്). ഈ ബന്ധം മറച്ചുപിടിച്ചതോടൊപ്പം ആര്‍.എസ്.എസ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത് ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കറിന് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു. ഗാന്ധിവധവുമായി ചേർത്തു നിര്‍ത്തപ്പെടുന്നത് അവര്‍ക്ക് അന്ന് അത്രയും ഭയമായിരുന്നു.

സവര്‍ക്കറിനെതിരെ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹത്തിനെ വെറുതെ ടാര്‍ഗറ്റ് ചെയ്യുകയാണെന് വാദിക്കുകയാണ്‌ നെഹ്‌റു മന്ത്രിസഭയിലെ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി എന്ന ഹിന്ദുത്വവാദി ശ്രമിച്ചത് (ജനസംഘത്തിന്റെ സ്ഥാപകന്‍). ഇദ്ദേഹം സവര്‍ക്കരിനെ പ്രതിയാക്കുന്നത് തടയാന്‍ ശ്രമിച്ചുകൊണ്ട് സര്‍ദാര്‍ പട്ടേലിന് എഴുതിയ കത്തും അതിന് പട്ടേല്‍ നല്‍കിയ മറുപടിയും എ. ജി നൂറാനി എഴുതി ഈയിടെ പുറത്തുവന്ന The RSS: A Menance to India എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. സവര്‍ക്കറിന്റെ പങ്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നതെന്ന സൂചനയാണ് പട്ടേല്‍ നല്‍കുന്നത്. അദ്ദേഹത്തിനെതിരായ മുഖ്യ സാക്ഷികളെ വിസ്തരിക്കാത്തതുകൊണ്ട് സവര്‍ക്കര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഗാന്ധി വധം അന്വേഷിച്ച ജസ്റ്റീസ് ജീവന്‍ ലാല്‍ കപുര്‍ കമ്മീഷന്‍ അയാളുടെ പങ്ക് എടുത്തു പറയുന്നുണ്ട്.

എന്തായാലും അന്നൊക്കെ ആര്‍.എസ്.എസ് ശ്രമിച്ചത് ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിച്ചെടുക്കാനാണ്. ഇപ്പോള്‍ അവര്‍ക്ക് അത്തരം ഒരു കളവ് പറയേണ്ട സാഹചര്യം ഇല്ലെന്ന് തോന്നിയിരിക്കുന്നു. അതുകൊണ്ട് ഗാന്ധിയെ വെടിവെച്ചു കൊന്നവന്‍ മഹാനായ രാജ്യസ്‌നേഹിയായി പരസ്യമായി പുകഴ്ത്തപ്പെടുന്നു. ഇനി ഗോഡ്‌സെ അത്ര വെറുക്കപ്പെട്ട വാക്കല്ലതായി മാറ്റപ്പെടും. കുറെ കഴിഞ്ഞാല്‍ ചിലപ്പോള്‍ സവര്‍ക്കറിനൊപ്പം അയാളുടെ പ്രതിമ പാര്‍ലമന്റില്‍ സ്ഥാപിച്ചെന്നും വരും. സവര്‍ക്കറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരമാനമെടുത്ത സമിതിയില്‍ പ്രണബ് മുഖര്‍ജിയും ശിവരാജ് പാട്ടീലും ഉണ്ടായിരുന്നതുപോലെ ഗോഡ്‌സെയെ ആരാധിക്കാന്‍ തീരുമാനിക്കുന്ന ചടങ്ങിനും ബിജെപിക്കാരോടൊപ്പം ഏതൊക്കെ കോണ്‍ഗ്രസുകാരാണ് പങ്കെടുക്കാന്‍ പോകുന്നതെന്ന് അറിഞ്ഞാല്‍ മതി.

Leave a Reply