ഇന്നും ഔദ്യോഗിക രേഖകളിൽ ഈ പെൺകുട്ടി കുറ്റവാളിയാണ് !

പതിനൊന്നുവയസ്സുള്ള ആ കുഞ്ഞനുജത്തിയെ മുന്നിൽ കാണാനാവുന്നുണ്ട്‌. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന ആറാം ക്ലാസിലെ പെൺകുട്ടി. ബാബരി മസ്‌ജിദിനെക്കുറിച്ചോ അത്‌ തകർക്കാൻ മുരളീമനോഹർ ജോഷി നടത്തിയ ഏകതായാത്രയെക്കുറിച്ചോ അറിയാത്ത ഒരു സ്കൂൾക്കാരി.

‘ഐ വാണ്ട്‌ ഡെഡ്‌ബോഡീസ്‌ ഓഫ്‌ മുസ്‌ലിംസ്’ എന്ന് രമൺ ശ്രീവാസ്തവ വിളിച്ചുപറഞ്ഞത്‌ അവളെങ്ങനെ അറിയാനാണു. അതുകേട്ട്‌ വെടി വയ്ക്കാൻ ഉത്തരവിട്ട ബി സന്ധ്യയെയും അവൾക്ക്‌ അറിയില്ലായിരുന്നു. പൊലീസിന്റെ വെടിയുണ്ട തലയിൽ തുളച്ചുകയറി അവൾ ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

പക്ഷെ, പൊലീസ്‌ പറഞ്ഞത്‌ അവൾ കലാപകാരിയാണെനാണ്. കലാപകാരികളുമായി ജാഥ നടത്തി എന്നാണു എഫ്‌.ഐ.ആറിൽ എഴുതിയിരുന്നത്‌. വീട്ടുമുറ്റത്തെ പോസ്റ്റിൽ കൊണ്ട വെടിയുണ്ട തെറിച്ച്‌ മരിച്ചതാണെന്നും യോഹന്നാൻ കമീഷൻ കണ്ടുപിടിച്ചു. അവിടെയന്ന് പോസ്റ്റ്‌ പോലും ഉണ്ടായിരുന്നില്ല. രണ്ടുമാസം കഴിഞ്ഞൊരു അർദ്ധരാത്രിയിൽ തൊട്ടടുത്ത ഇലക്ട്രിക്‌ പോസ്റ്റ്‌ അവളുടെ വീടിന്റെ മുറ്റത്തേക്ക്‌ മാറ്റി സ്ഥാപിക്കുകയായിരുന്നു.

മകളെ നഷ്ടപ്പെട്ട വേദനയിൽ തകർന്ന മനസ്സുമായി കിടപ്പിലായ ഉമ്മ ഏറെ താമസിയാതെ ഇഹലോകം വെടിഞ്ഞു. കൊല്ലപ്പെട്ട്‌ ഒൻപതു വർഷങ്ങൾക്ക്‌ ശേഷം അവളുടെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുത്തു, പതിനായിരം രൂപ! മകൾ നഷ്ടപ്പെട്ട ബാപ്പ നീതിക്ക്‌ വേണ്ടി അലയാത്ത വഴികളില്ല. ഇന്നും ഔദ്യോഗിക രേഖകളിൽ അവൾ കുറ്റവാളിയാണ്!

27 വർഷങ്ങൾ, സിറാജുന്നിസയെന്ന പെൺകുട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല. അവളുടെ കൊലയാളികൾ ഭരണകൂടത്തിന്റെ കാവലാളാകുമ്പോൾ പ്രത്യേകിച്ചും.

#Collective_Remembrance_Against_Selective_Amnesia
_ യൂനസ് ഖാൻ
ഡിസംബർ 15 2018

Like This Page Click Here

Telegram
Twitter

Leave a Reply