ഫെലോഷിപ്പ് തുക ലഭിക്കാന്‍ ബാങ്ക് ലോണെടുത്ത് സര്‍വ്വകലാശാലയിലെ കടം വീട്ടേണ്ട അവസ്ഥയാണ് സഖാവേ
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാരിന്‍റെ ഫെലോഷിപ്പ് തുക ലഭിക്കണമെങ്കില്‍ ഒരു ലക്ഷത്തോളം രൂപ ബാങ്ക് ലോണെടുത്ത് സര്‍വ്വകലാശാലയിലെ കടം വീട്ടേണ്ട അവസ്ഥ !
“ഇതൊന്നും ഇപ്പോഴും സര്‍കാരിന്‍റെയോ പൊതു സമൂഹത്തിന്‍റെയോ പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ രോഹിത് പറഞ്ഞത് പോലെ ഫെലോഷിപ്പിന് പകരമായി ഒരു 10ഗ്രാം സോഡിയം അസൈഡോ ഒരു ബലമുള്ള കയറോ എങ്കിലും അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുകയാണ് സഖാവെ… ” ഗവേഷണ വിദ്യാര്‍ത്ഥി ശ്രുതീഷ് കണ്ണാടി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്ത്;
ബഹുമാനപ്പെട്ട കേരള മുഖമന്ത്രി ശ്രീ. പിണറായി വിജയന് Pinarayi Vijayan ഒരു തുറന്ന കത്ത്.
സഖാവെ,
പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ഞാന്‍. ബിരുദവും, ബിരുദാനന്തരബിരുദവും ശേഷം പിഎച്ച്ഡി വരെയുമൊക്കെ എത്താന്‍ ഒരു ദലിത് വിദ്യാര്‍ഥിക്ക് എത്രത്തോളം സാമൂഹികവും സാംസ്കാരികവുമായ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നിരിക്കുമെന്ന് തൊഴിലാളി വര്‍ഗ്ഗ നേതാവായ അങ്ങയോട് കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല.
സഖാവെ, എങ്കിലും പറഞ്ഞു പോവുകയാണ്. 2016ല്‍, സര്‍വ്വകലാശാലയുടെ ദേശീയ തലത്തില്‍ നടന്ന പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയിരുന്നു ഞാന്‍. ജനറല്‍ കാറ്റഗറിയില്‍ തന്നെ പ്രവേശനം നേടാന്‍ യോഗ്യതയുണ്ടായിട്ടും ജാതീയ വിവേചനങ്ങള്‍ കൊണ്ട് ആദ്യം എനിക്ക് സീറ്റ് നിഷേധിക്കപ്പെടുകയാണുണ്ടായത്. ശേഷം ചെന്നൈ ഹൈക്കോടതിയിലും പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും വരെ പോയി പരാതി കൊടുത്തതിനു ശേഷം മാത്രമാണ് എനിക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാന്‍ സാധിച്ചത്. എന്നാല്‍ അപ്പോഴേക്കും കേസ് നടത്തുന്നതിനിടയില്‍ ഏകദേശം ഒരു അക്കാദമിക വര്‍ഷത്തോളം എനിക്ക് നഷ്ടമായിരുന്നു. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെയുള്ള ഒരു കുടുംബത്തെയും സമുദായത്തെയും പ്രതിനിധീകരിക്കുന്ന ഒരു ദലിത് വിദ്യാര്‍ഥിക്ക് ഈ കാല താമസം ഉണ്ടാക്കിയ നഷ്ടത്തിന്‍റെ ആഴം പറഞ്ഞറിയിക്കാനാവില്ല സഖാവെ.
എങ്കിലും അത്തരം പ്രശ്നങ്ങളില്‍ നിന്നെല്ലാം വളരെ വേഗം തന്നെ മാനസികമായി പുറത്തു കടക്കാന്‍ എനിക്ക് സാധിച്ചു. ഒരുപക്ഷേ ദലിത് വിദ്യാര്‍ഥികളോട് നമ്മുടെ സമൂഹം കാണിക്കുന്ന ഒരേയൊരു ‘നന്മ’ ഇത് മാത്രമാണെന്ന് തോന്നുന്നു. നിരന്തരം വിവേചനങ്ങളും വേര്‍തിരിവുകളും കാണിച്ചു കൊണ്ട് ഏത് സാമൂഹിക പ്രതിസന്ധികളെയും മറികടക്കാന്‍ ഈ സമൂഹം അവരെ പ്രാപ്തരാക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ സമൂഹത്തോട് ഞങ്ങള്‍ ഓരോ ദലിത് വിദ്യാര്‍ഥികളും കടപ്പെട്ടിട്ടുണ്ട് സഖാവെ. എന്തായാലും അങ്ങയോട് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത് മറ്റൊരു വിഷയമാണ്.
കേരളത്തിനു പുറത്ത് എംഫില്‍/പിഎച്ച്ഡി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പിന് 2017ല്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. യുജിസി നല്‍കുന്ന ജെആര്‍എഫിന്‍റെ എഴുപത്തഞ്ചു ശതമാനമാണ് ഈ ഫെലോഷിപ്പ് തുക. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള യുജിസിയുടെ ആര്‍.ജി.എന്‍.എഫ് ഫെലോഷിപ്പ് അനുവദിക്കാത്തതിനാലും കേരളത്തില്‍ നിന്നുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍കാരിന്‍റെ ഈ ഫെലോഷിപ്പ് വലിയൊരു ആശ്വാസം തന്നെയാണ് എന്നതാണ് സത്യം.
ഫെലോഷിപ്പിന് അപേക്ഷിച്ച് ആദ്യ അക്കാദമിക് വര്‍ഷത്തിലെ തുക ലഭിക്കുകയും ചെയ്തു. പത്തുമാസത്തോളം പാലക്കാട് പട്ടികജാതി ഓഫീസില്‍ പലവട്ടം കയറി ഇറങ്ങിയും, ഉദ്യോഗസ്ഥരുടെ നിഷേധ സമീപനത്തിന് മുന്നില്‍ പലപ്പോഴും തലകുനിക്കേണ്ടി വന്നും, ഒടുവില്‍ ഗത്യന്തരമില്ലാതെ സംസ്ഥാന പട്ടികജാതി കമ്മിഷന്‍ അംഗം എസ്.അജയകുമാറിന് നേരിട്ട് വിളിച്ചു പരാതി പറഞ്ഞതിനും ശേഷമാണ് തുക അനുവദിക്കപ്പെട്ടതെന്നതും എടുത്തു പറയേണ്ടതുണ്ട് സഖാവെ. (ഇത് കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ഒരു പൊതു സമീപന രീതിയാണെന്നതും സഖാവിനോട് ഈയവസരത്തില്‍ സൂചിപ്പിക്കട്ടെ).
എന്നാല്‍ നിലവില്‍ എല്ലാ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും യുജിസിയില്‍ നിന്നും ലഭിക്കുന്ന നോണ്‍-നെറ്റ് ഫെലോഷിപ്പ് തുക എനിക്കും ലഭിച്ചിരുന്നതിനാല്‍ ഒരു അക്കാദമിക വര്‍ഷത്തില്‍ ലഭിച്ച അത്രയും തുക റദ്ദ് ചെയ്തു കൊണ്ട് ബാക്കി തുക മാത്രമാണ് ഫെലോഷിപ്പായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. അതേസമയം പുതിയതായി ഒരു ഫെലോഷിപ്പ് ലഭിക്കുമ്പോള്‍ ആദ്യം ലഭിച്ച നോണ്‍-നെറ്റ് ഫെലോഷിപ്പ് തുക സര്‍വ്വകലാശാലയില്‍ തിരിച്ചടക്കണമെന്നാണ് യുജിസി നിയമം. എന്നാല്‍ സര്‍വ്വകലാശാലയില്‍ തിരിച്ചടയ്ക്കേണ്ട ഈ തുക സര്‍ക്കാര്‍ പിടിച്ചു വച്ചതിനാല്‍ ഈ വിഷയം പാലക്കാട് ജില്ലാ പട്ടികജാതി ഓഫീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ സര്‍വ്വകലാശാലയില്‍ തിരിച്ചടയ്ക്കേണ്ട തുകയായ 94,934/- രൂപ ഞാന്‍ സ്വന്തം കൈയ്യില്‍ നിന്നും തിരിച്ചടക്കണമെന്നാണ് ജില്ലാ പട്ടികജാതി ഓഫീസിന്‍റെ നിലപാട്. ശേഷം ആ തുക കഴിയുമെങ്കില്‍ ഫണ്ടില്‍ നിന്നും അനുവദിച്ചു തരാമെന്നുമാണ് അവര്‍ പറയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയോളം സ്വന്തം കൈയ്യില്‍ നിന്നും എടുക്കാന്‍ സാധിക്കുന്ന ഒരു ദലിത് വിദ്യാര്‍ഥിക്ക് ഇത് പോലൊരു ഫെലോഷിപ്പിന് അപേക്ഷിക്കേണ്ട ആവശ്യമുണ്ടോ സഖാവെ. ദലിത് വിദ്യാര്‍ഥികളെ ഏതൊക്കെ രീതിയില്‍ ക്രൂശിക്കാമെന്ന് പഠിക്കണമെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഓഫീസുകളില്‍ ഒരു ദിവസം കയറിയിറങ്ങിയാല്‍ മതിയാകും.
നിലവില്‍ സംസ്ഥാന സര്‍കാരിന്‍റെ ഫെലോഷിപ്പ് തുക ലഭിക്കാന്‍ ആദ്യം ഒരു ബാങ്ക് ലോണ്‍ എടുത്ത് സര്‍വ്വകലാശാലയിലെ കടം വീട്ടേണ്ട അവസ്ഥയാണ് എനിക്കുള്ളത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത് സഖാവെ. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പഠനം നടത്തുന്ന പല സുഹൃത്തുക്കള്‍ക്കും സംസ്ഥാന സര്‍കാരിന്‍റെ ഫെലോഷിപ്പ് വൈകുന്നതും കൃത്യമായി അനുവദിക്കാത്തതുമായ പ്രശ്നങ്ങള്‍ ഉള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. മുന്‍പ് സൂചിപ്പിച്ചത് പോലെ കുടുംബത്തിന്‍റെ, സമുദായത്തിന്‍റെ അങ്ങനെ നിരവധി പേരുടെ സ്വപ്നങ്ങളാണ് സഖാവെ രണ്ടാം തലമുറ ബിരുദധാരികളായ ഞങ്ങളുടെയൊക്കെ ചുമലില്‍ ഇരിക്കുന്നത്. ഇതൊന്നും ഇപ്പോഴും സര്‍കാരിന്‍റെയോ പൊതു സമൂഹത്തിന്‍റെയോ പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ രോഹിത് പറഞ്ഞത് പോലെ ഫെലോഷിപ്പിന് പകരമായി ഒരു 10ഗ്രാം സോഡിയം അസൈഡോ ഒരു ബലമുള്ള കയറോ എങ്കിലും അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുകയാണ് സഖാവെ.
നന്ദി,
ജയ്ഭീം