ആസിഡും മാരകായുധങ്ങളുമായി അക്രമത്തിനിറങ്ങിയെന്ന് പരസ്യമായി സമ്മതിച്ചിട്ടും അറസ്റ്റില്ല

ഇത് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്, ജെ.എൻ.യു ആക്രമിക്കപ്പെട്ട രാത്രിയിൽ ട്വിറ്ററിൽ ചുരുക്കം ചില മാധ്യമ പ്രവർത്തകർ മിനിറ്റുകൾ വച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ചിലത് ഇവിടെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അക്കൂട്ടത്തിൽ ഒരിക്കലും സംഭവിക്കാനിടയില്ല എന്ന് കരുതിയ, അത്രയ്ക്ക് അവിശ്വസനീയമായ ചില വാർത്തകൾ എഴുതാതെ വിട്ടിരുന്നതാണ്. അതിലൊന്നാണ് സുപ്രിയ ശർമ (എക്സിക്യുട്ടീവ് എഡിറ്റർ,സ്ക്രോൾ ഡോട്ട് ഇൻ) ട്വീറ്റ് ചെയ്ത, അക്രമകാരികൾ ആസിഡ് ഉപയോഗിച്ചിരുന്നു എന്ന ട്വീറ്റ്.

പിന്നീട് സ്വതന്ത്രമായി അന്വേഷണം നടത്തിയപ്പോൾ അതെക്കുറിച്ച് സ്ഥിരീകരണം നടത്താൻ അവർക്ക് കഴിയാഞ്ഞതിനാൽ അത് വാർത്തയായി വന്നിരുന്നില്ല. എന്നാൽ ഇന്നലെ ടൈംസ് നൗവിലെ ഡിബേറ്റിനിടെ എ.ബി.വി.പിയുടെ അനിമ സോൻകർ പറഞ്ഞത് അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു..

” വാട്സാപ് ഗ്രൂപ്പുകളിൽ ഒരുപാട് ഭീതി പരന്നിരുന്നു. അതുകൊണ്ട്പുറത്തിറങ്ങുമ്പൊ കൂട്ടമായിറങ്ങുക…വടികളുമായി ഇറങ്ങുക…

ഉപയോഗിക്കാവുന്നതെന്തും ഉപയോഗിക്കുക..പെപ്പർ സ്പ്രേ..ആരുടെയോ കയ്യിൽ ആസിഡ്…”

സ്വയരക്ഷയ്ക്കാണ് അങ്ങനെ ചെയ്യുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. ആസിഡുപയോഗിച്ച് സ്വയരക്ഷ നടത്തുന്നവരെക്കുറിച്ച് ജീവിതത്തിൽ ആദ്യമായി കേൾക്കുകയാണ്. ആസിഡ് ആക്രമണമേറ്റ വിക്ടിമുകളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളായിരിക്കുമ്പൊഴാണ് ഒരു ദേശീയ ചാനലിൽ ഒരു പെൺകുട്ടി വന്ന് ആസിഡുപയോഗിച്ച് സ്വയരക്ഷ നടത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.

ഒരു ദേശീയ ചാനലിൽ ഇരുന്ന് തങ്ങളുടെ കൂടെയുള്ളവർ മാരകായുധങ്ങളും പെപ്പർ സ്പ്രേയും ആസിഡുമായി ഇറങ്ങിയിരുന്നുവെന്ന് സമ്മതിച്ചതിനു മേൽ എന്തെങ്കിലും തുടരന്വേഷണമുണ്ടായോ ? ഇത്രയധികം വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ട്, ദേശീയ ചാനലുകളടക്കം ലൈവായി സമ്പ്രേഷണം ചെയ്തിട്ട് ഇതെഴുതുന്നതുവരെ അറസ്റ്റുകൾ എന്തെങ്കിലുമുണ്ടായോ ?

അത് മാത്രമല്ല, ആക്രമണത്തിന് ഒരു ദിവസം മുൻപത്തെ പ്രശ്നത്തിൻ്റെ പേരിലെന്ന് പറഞ്ഞ് അയ്ഷെ ഘോഷിനും 19 പേർക്കുമെതിരായി യൂണിവേഴ്സിറ്റിയുടെ സെർവർ റൂം നാശനഷ്ടം വരുത്തിയതിനും സെക്യൂരിറ്റി ഗാർഡിനെ കയ്യേറ്റം ചെയ്തതിനുമെന്ന പേരിൽ അഡ്മിനിസ്റ്റ്രേഷൻ്റെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതെന്ത് നാടാണ് ?
_ ഡോ. നെൽസൺ ജോസഫ്

Leave a Reply