കർഷകവിരുദ്ധ നിയമങ്ങൾ സ്റ്റേ ചെയ്യാനല്ല പ്രക്ഷോഭം, അവ റദ്ദ് ചെയ്യാനാണ്!
സുപ്രീം കോടതി വിധിക്ക് ശേഷം
സംയുക്ത കിസാൻ മോർച്ച നേതാവ് അവിക് സാഹയുടെ പ്രസ്താവന
നിലവിൽ ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചോ, പ്രക്ഷോഭകരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നതു സംബന്ധിച്ചോ സുപ്രീം കോടതി യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല എന്നത് സുയുക്ത കിസാൻ മോർച്ച ശ്രദ്ധിക്കുകയുണ്ടായി. അത്തരത്തിൽ യാതൊരു പരാമർശവും നടത്താത്ത കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. ജനുവരി 26ന് കർഷകർ ദില്ലിയിൽ നടത്തുന്ന റിപ്പബ്ലിക് ദിന പരേഡ് നിരോധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഉന്നയിക്കുകയുണ്ടായി. റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട് ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:
ജനുവരി 26ന് ഇന്ത്യയിലെ എല്ലാ തലസ്ഥാന നഗരികളിലെയും ഒൗദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷം കർഷക പരേഡ് നടത്തണമെന്ന തീരുമാനം കർഷക സംഘടനകൾ തീരുമാനിച്ചത് ജനുവരി 2ാം തീയ്യതിയായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തോടും ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും രാജ്യത്തെ കർഷകർക്ക് അങ്ങേയറ്റത്തെ ആദരവും ബഹുമാനവും ഉണ്ട്. രാജ്യത്തെ പൗരന്മാരെന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡ് നടത്താൻ കർഷകർക്ക് പൂർണ്ണ അധികാരവും ഉണ്ട്. ദൗർഭാഗ്യവശാൽ കേന്ദ്ര ഗവൺമെന്റ് കർഷക പരേഡിനെ തെറ്റായി വ്യാഖ്യാനിക്കുകയും അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് കോടതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സർക്കാരിന്റെ ആവശ്യത്തെ സംബന്ധിച്ച് കോടതി യാതൊരു പരാമർശവും നടത്തിയില്ല എന്നത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇൗ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡ് നടത്താനുള്ള അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനുവരി 26ന് പരേഡ് നടത്തുവാൻ തന്നെയാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്.
കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിൽ താൽക്കാലിക സ്റ്റേ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയതായും അറിയുന്നു (അതിന്റെ ഒൗദ്യോഗിക രേഖകൾ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല). അതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ അത് ഒരു പരിഹാരമായി ഞങ്ങൾ കാണുന്നില്ല. അത്തരമൊരു പരിഹാരം ഞങ്ങൾ ആവശ്യപ്പെട്ടിട്ടുമില്ല. യഥാർത്ഥത്തിൽ നിയമം നടപ്പാക്കാനുള്ള തീരുമാനം ഏതു നിമിഷം വേണമെങ്കിലും സർക്കാരിന് നടപ്പിലാക്കാവുന്നതേയുള്ളൂ. സർക്കാർ ഇൗ നിയമം പൂർണ്ണമായും പിൻവലിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. രാജ്യത്തെ ജനങ്ങളും കർഷകരും ഇൗ നിയമത്തെ പൂർണ്ണമായി എതിർക്കുകയാണ് എന്ന് സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. കർഷക സംഘടനകൾ നിയമങ്ങൾ നടപ്പിലാക്കുന്നതിന്മേൽ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടല്ല പ്രക്ഷോഭം നടത്തുന്നതെന്നും അവ റദ്ദു ചെയ്യുന്നതിന് വേണ്ടിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പ്രതിഷേധം തുടരുവാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം.
കോടതി നിശ്ചയിച്ച കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും പ്രക്ഷോഭത്തിലിരിക്കുന്ന സംഘടനകൾ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കാര്യവും ഉറപ്പിച്ചുപറയാൻ കർഷക സംഘടനകൾ ആഗ്രഹിക്കുന്നു. സുപ്രീം കോടതി രൂപീകരിച്ച കമ്മറ്റിയുടെ കാര്യത്തിൽ കോടതിയെ ചില ആളുകൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയേണ്ടതുണ്ട്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയിലെ നാലംഗങ്ങളും കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളെയും പൂർണ്ണമായും പിന്തുണയ്ക്കുന്നവരാണ്.
പുത്തൻ കാർഷിക നയങ്ങളെ എല്ലാ തലത്തിലും പിന്തുണയ്ക്കുന്ന നാലുപേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്മിറ്റി പ്രക്ഷോഭത്തിലിരിക്കുന്ന കർഷകർ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് പഠിച്ച് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകണം എന്ന് പറയുന്നതിലെ യുക്തി എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇത്തരമൊരു കമ്മിറ്റിയുമായി സഹകരിക്കുവാൻ കർഷകർക്ക് യാതൊരു താൽപര്യവുമില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുവാൻ ആഗ്രഹിക്കുന്നു. പുത്തൻ കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ കോർപ്പറേറ്റ് നിയന്ത്രണത്തിലേക്ക് എത്തിക്കുമെന്നും കർഷകരെ നിത്യ ദുരിതത്തിലാഴ്ത്തുമെന്നും വളരെ വിശദമായി തന്നെ കേന്ദ്ര സർക്കാരിനെ എഴുതി അറിയിക്കുകയുണ്ടായി.
_ സുപ്രീം കോടതി വിധിക്ക് ശേഷം
സംയുക്ത കിസാൻ മോർച്ച നേതാവ് അവിക് സാഹയുടെ പ്രസ്താവന,
മൊഴിമാറ്റം _ കെ സഹദേവൻ