കർഷക സമരം ഫാസിസ്റ്റു വിരുദ്ധ പോരാട്ടം

അനിഷേധ്യമായ മനുഷ്യശക്തിക്ക് മുന്നിൽ ഫാസിസ്റ്റ് ഭരണാധികാരികൾക്ക് മുട്ടുകുത്തേണ്ടി വരും എന്നതിന്റെ ചരിത്രപ്രഖ്യാപനമായി മാറുകയാണ് ഇന്ത്യയിലെ കർഷകർ കഴിഞ്ഞ 7 മാസമായി നടത്തിവരുന്ന സമരം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ സമരമായി ഇത് മാറുന്നു. കോവിഡ് കാലത്തിന് മുമ്പ് സമാനമായ രീതിയിൽ കൂടുതൽ തീഷ്ണമായി പൗരത്വ സമരം നൽകിയ പാഠങ്ങൾ കർഷകർ അവരുടെ സമരത്തിൽ പ്രയോഗിക്കുന്ന സവിശേഷത നമുക്ക് കാണാൻ കഴിയും. ഈ സമരത്തെ പിന്തുണയ്ക്കുക എന്നത് 143 കോടി ജനതയുടെ പ്രഥമ കടമയാണ്.
ഫെഡറിലസത്തെ തകർത്തെറിഞ്ഞ്, കാർഷിക ഉല്പന്നങ്ങളുടെ താങ്ങുവില എടുത്ത് കളഞ്ഞ്, അഗ്രി ബിസിനസ്സിൽ തുടങ്ങി ഭൂമിയുടെ വെട്ടിപ്പിടിത്തത്തിലൂടെ ഭക്ഷ്യസുരക്ഷാ പദ്ധതികളെ ഇല്ലാതാക്കി കാർഷികരംഗത്തേക്ക് കടന്നുകയറ്റം നടത്തുന്ന നിയോ ലിബറിലിസത്തിന്റെ ഭീകരമുഖമാണ് നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്.

കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പിന് നിയമസംരക്ഷണം നൽകുന്ന, കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, നിർബന്ധിപ്പിക്കുന്ന കാർഷിക വിപണിനിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നിവ തള്ളിക്കളയുക, കാർഷിക ഉല്പന്നങ്ങളുടെ താങ്ങുവില പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷകസമരം മുന്നേറുന്നത്.

രക്തം മരവിപ്പിക്കുന്ന ശൈത്യത്തെ അവഗണിച്ച് ഉഷ്ണപ്രവാഹമായി ഡൽഹിയെ വിയർപ്പിക്കുകയാണ് കർഷകർ. ഇതിനോടകം തന്നെ 43 പേർ സമരത്തിൽ രക്തസാക്ഷികളായി. “എന്റെ അവയവങ്ങൾ വിറ്റ് കുടിശ്ശിക എടുത്തോളൂ…” എന്ന് കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത മുനേന്ദ്ര രാജ്പുതിന്റെ ജീവത്യാഗം കർഷക ജീവിതത്തിന്റെ പൊള്ളുന്ന നേർചിത്രവും കർഷകരോടുള്ള ഉദ്യോഗസ്ഥ- ഭരണകൂടങ്ങളുടെ മനോഭാവം വ്യക്തമാക്കുന്നതുമാണ്.

കർഷകർ ജീവത്തായ മറ്റൊരു പ്രശ്‌നം പരിഷ്‌കൃത നഗരവാസികൾക്കും ഇന്ത്യൻ മധ്യവർഗ്ഗത്തിനും മുന്നിലേക്ക് എടുത്തെറിഞ്ഞു. അത് കേവലം വോട്ട് ചെയ്യൽ മാത്രമല്ല ജനാധിപത്യമെന്നാണ്. രാഷ്ട്രീയ തടവുകാരാൽ നിറയപ്പെട്ട ഇന്ത്യൻ ജയിലുകളെ ചൂണ്ടിക്കാട്ടി ഭരണകൂട പ്രതികാര നിർവ്വഹണത്തിന്റെ ഇരകളായവരുടെ മോചനം ആവശ്യപ്പെട്ട കർഷകർ ഒരു പുത്തൻ രാഷ്ട്രീയ സന്ദേശം ജനങ്ങൾക്ക് നൽകുന്നു. 2021 ജനുവരി 1 ന് 3 വർഷം തികയ്ക്കുകയാണ് വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് കേസിൽ ഉൾപ്പെട്ടവർ. എൻ.ആർ.സി. – സി.എ.എ. വിരുദ്ധ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, അമ്മമാർ, യുവതികൾ, യുവാക്കൾ തടവറയിലാണ്. ജെ.എൻ.യു., ജാമിയ മിലിയ, ഹൈദ്രാബാദ്, ഡൽഹി യൂണിവേഴ്‌സിറ്റികളിൽ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർ മുതൽ യു.പി.യിലെ ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളിയായ പത്രപ്രവർത്തകൻ വരെ ഇന്ന് ജയിലിലാണ്. ഇവരുടെ മോചനം ആവശ്യപ്പെടുന്ന കർഷകരെ വളരെ പെട്ടെന്ന് അർബൻ നക്‌സലുകൾ ആക്കി മാറ്റിയിരിക്കുകയാണ് ഭരണകൂടവും ബ്രാഹ്‌മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകളും.

എന്നാൽ ഇതൊന്നും കർഷകരുടെ തീരുമാനത്തെ ഉലക്കാൻ പോന്ന ഫാസിസ്റ്റ് ആയുധമായിരുന്നില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകജനത അനുഭവിക്കുന്ന ദുരിതപൂർണ്ണവും ദയനീയവുമായ അർദ്ധനാടുവാഴിത്തത്തിലെ നിലനില്പിനെയും അതിനെ തുടർന്ന് മൂർച്ഛിക്കുന്ന ബ്രാഹ്‌മണ്യവാദ ജാത്യാധിഷ്ടിത സാമൂഹ്യമർദ്ദനത്തെയും ഇല്ലായ്മ ചെയ്ത് മാത്രമേ ഇന്ത്യൻ കർഷകജനതയുടെ മോചനം സാധ്യമാകൂ എന്ന തിരിച്ചറിവിലേക്ക് കർഷകർ നടന്നടുക്കുന്നതിന്റെ ആവേശകരമായ ഏടാണ് ഈ സമരം. ഭരണകൂടവും ഭരണവർഗ്ഗവും ഭയചകിതരാണ്. അവർ നിശബ്ദമായി ഈ സമരത്തെ തകർക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ മുന്നോടിയാണ് അടിക്കടി നടത്തുന്ന ചർച്ചകളും നുണപ്രചരണങ്ങളും. ഇവിടെ നമ്മൾ ജാഗ്രത യോടെ കർഷകസമരത്തെ പിന്തുണയ്‌ക്കേണ്ടതുണ്ട്.

പുതുവർഷം രാഷ്ട്രീയതടവുകാരോടും പോരാടുന്ന കർഷകജനതയ്ക്കുമൊപ്പം.
ഇന്ത്യൻ ചക്രവാളത്തിൽ വസന്തം വിരിയുന്നു. സമരം ചെയ്യുക, കരുത്താർജ്ജിക്കുക. ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വകുത്തകകൾക്കുമെതിരെ ശക്തമായ പ്രതിരോധം ഉയർത്തുക…
_ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി

Like This Page Click Here

Telegram
Twitter