93 വയസ്സുള്ള ആ മനുഷ്യൻ നമ്മളെ ആകെ ചിന്തിപ്പിക്കുകയാണ്, ഒരർത്ഥത്തിൽ പ്രകോപിപ്പിക്കുകയാണ്


അലൻ ഷുഹൈബ്

എന്റെ ഓർമ്മയിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി അച്ഛൻ പറഞ്ഞ് തരാറുള്ള സഖാവ് വർഗ്ഗീസിന്റെ കഥയിലെ വാസു ഏട്ടനെ ആദ്യമായി കാണുന്നത്. എന്നോട് പന്ത് കളിക്കണമെന്ന് പറഞ്ഞു. ഞാൻ കേട്ട ആവേശത്തിൽ തന്നെ ഫുട്‍ബോൾ ക്യാമ്പിന് പോയി. കൊമ്പൻ മീശ വെച്ച വെള്ളയും വെള്ളയും ഇട്ട, എന്തോ ഒരു ഭംഗിയുള്ള ശബ്ദമുള്ള സഖാവ് അപ്പൂപ്പൻ. കോഴിക്കോട്ടെ ഒട്ടനവധി പരിപാടികളിലും അച്ഛന്റെ സൗഹൃദ സദസുകളിലും ഞാൻ അദ്ദേഹത്തെ പിന്നെയും കണ്ടു, സംസാരിച്ചു, അദ്ദേഹത്തെ കുറിച്ച് വായിച്ചു.

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാസു ഏട്ടൻ SDTU സംസ്ഥാന സെക്രട്ടറി ആകുന്നത്. അന്ന് എന്തുകൊണ്ട് എന്ന എന്റെ വളരെ പരിമിതമായ രാഷ്ട്രിയ അറിവോടെ ഉള്ള ചോദ്യത്തിന്, “ഞാൻ ഇന്നും സാർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മാർക്സിന്റെ വചനങ്ങളിലാണ് വിശ്വസിക്കുന്നത് ” എന്ന ലളിതവും ആഴമേറിയതുമായ ഉത്തരമാണ് കിട്ടിയത്. അതിന്റെ ആഴം തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടിവന്നു. ജയിലിൽ പോകുന്നതിന് മുൻപും വാസു ഏട്ടൻ്റെ പൊറ്റമ്മലിലെ വീട്ടിൽ ഞാൻ പോകാറുണ്ട്. പഴയ സഖാവിന്റെ മകൻ എന്ന ആ സ്നേഹവും സ്വാതന്ത്ര്യവും ഞാൻ ഒരുപാട് അനുദവിച്ചിട്ടുണ്ട്.

ജയിലിൽ നിന്ന് ഇറങ്ങി താഹ വീണ്ടും തിരിച്ച് പോയ സമയത്ത് ഒറ്റപെടലുകളിൽ വാസു ഏട്ടന്റെ വാക്കുകൾ നൽകിയ ആശ്വാസം ചെറുതൊന്നുമല്ല. എപ്പൊ പോയാലും ഹോർലിക്സും അവിലും പഴവുമൊക്കെ കഴിപ്പിച്ചെ വിടു. കേസിന്റെയും രാഷ്ട്രിയ നിലപാടിന്റെയും പേരിൽ വീട്ടിൽ അച്ഛനോടും അമ്മയോടും അടികൂടി ഇറങ്ങിയ എന്നോട് “അവരെ പരിഗണിക്കണം പക്ഷേ പറയുന്നത് മുഴുവനും കേൾക്കരുത്” എന്നാണ് പറഞ്ഞത്. പുസ്തകങ്ങൾ വായിച്ച് തലക്കനം വെച്ചിട്ട് കാര്യമൊന്നുമില്ല ശരിയായ കമ്മ്യൂണിസ്റ്റിന് അനുഭവങ്ങളും പ്രധാനമാണെന്ന് പഠിപ്പിച്ചു തന്നു. എപ്പൊ കണ്ടാലും പഠിച്ച് വേഗം വക്കീലാകാൻ പറയും. ഇങ്ങനെ എന്റെ ജീവിതത്തിൽ ആ മനുഷ്യൻ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. എന്നെ ചീത്ത പറയാൻ ഞാൻ അനുവാദം കൊടുത്ത ഒരു സഖാവാണ് വാസു ഏട്ടൻ. ഒരുപാട് കേട്ടിട്ടുമുണ്ട്. ഇനിയും കേൾക്കും.

തലക്കനം വെച്ച് മുരടിച്ച് പോയ കമ്മ്യുണിസ്റ്റല്ല വാസു ഏട്ടൻ, മനുഷ്യബന്ധങ്ങളിലൂടെ സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ഒരു ജൈവിക ബുദ്ധിജീവിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് 8 പേരെ വെടിവെച്ചു കൊന്നവർക്കെതിരെ കേസ്സെടുക്കാതെ അതിനെതിരെ പ്രതിഷേധിച്ചതിന് കേസെടുത്തതിൽ ഇങ്ങനെ “ശാഠ്യം” പിടിച്ച നിലപാട് അദ്ദേഹം എടുത്തത്. 93 വയസ്സുള്ള ആ മനുഷ്യൻ നമ്മളെ ആകെ ചിന്തിപ്പിക്കുകയാണ്, ഒരർത്ഥത്തിൽ പ്രകോപിപ്പിക്കുകയാണ്. അത് വയസ്സാൻ കാലത്തെ ഒരു കുറുമ്പോ, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ചീപ്പ് വേലയോ ആണെന്ന് തോന്നുകയാന്നെങ്കിൽ നിങ്ങളോട് എനിക്ക് സഹതാപമെ ഉള്ളു. നിങ്ങൾ ഗ്രോ വാസു എന്ന കമ്മ്യുണിസ്റ്റിനെ മനസ്സിലാക്കാൻ ഏറെയുണ്ട്. സഖാവ് വാസു ഏട്ടന് ഐക്യദാർഢ്യം.
_ അലൻ ഷുഹൈബ്, നിയമവിദ്യാർത്ഥി

Follow us on | Facebook | Instagram Telegram | Twitter | Threads