കശ്മീരി മാധ്യമപ്രവര്‍ത്തകനെ വീണ്ടും വേട്ടയാടുന്ന ‘ജനാധിപത്യം’

2019 ആഗസ്റ്റ് 5നു ഇന്ത്യയിലെ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ‘ജനാധിപത്യ’ സര്‍ക്കാര്‍ കശ്മീരില്‍ ആർട്ടികിൾ 370, 35-എ എന്നിവ റദ്ദ് ചെയ്തതിനെ തുടര്‍ന്നു 5000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. 2019 നവംബറില്‍ യൂണിയന്‍ മിനിസ്റ്റര്‍ ജി കൃഷ്ണ റെഡ്ഢിയാണ് 5,161 പേരെ അറസ്റ്റ് ചെയ്തതായും 609 കശ്മീരികള്‍ ജയിലിലുണ്ടെന്നും രാജ്യസഭയില്‍ അറിയിച്ചത്. അതില്‍ 218 പേരെ കല്ലെറിഞ്ഞു എന്ന ‘കുറ്റ’ത്തിനാണ് ജയിലിലടച്ചത് !

വിമത രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും കീമോതെറാപ്പി ചെയ്യാന്‍ മരുന്നില്ലെന്ന് പരാതിപ്പെട്ട ഡോക്ടര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരും കുട്ടികളും സാധാരണക്കാരും ‘ജനാധിപത്യ’ സര്‍ക്കാരിന് അസ്വീകാര്യരായവരില്‍ പെടുന്നു. ജയിലിന് പുറമെ അനേകം പേരെ വീട്ടുതടങ്കലിലാക്കി. ജുവൈനല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം, ‘ജനാധിപത്യ’ത്തിന്‍റെ തടവറയില്‍ പ്രായപൂര്‍ത്തിയാകാത്ത 144 കശ്മീരി കുട്ടികളുണ്ടായിരുന്നു. ഇതെല്ലാം ഔദ്യോഗിക കണക്കുകളാണ്. അനൗദ്യോഗിക കണക്കുകളാണ് പലപ്പോഴും യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും വിളിച്ച് പറയുക.

ആഗസ്റ്റ് 5-നു മുന്‍പും ശേഷവും സര്‍ക്കാര്‍ വേട്ടയാടിയ കശ്മീരി മാധ്യമ പ്രവര്‍ത്തകരില്‍ ചിലരാണ്, ആസിഫ് സുല്‍ത്താന്‍, ക്വാസി ശിബിലി, മസ്രത്ത് സഹ്റ, ഗൗഹർ ഗീലാനി, കമ്രാന്‍ യൂസഫ് തുടങ്ങിയവര്‍. “ദ കശ്മീരിയത്” എന്ന മാധ്യമത്തിന്‍റെ എഡിറ്റര്‍ ക്വാസി ശിബിലിയെ കുപ്രസിദ്ധമായ ആഗസ്റ്റ് 5-നെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി ജമ്മു-കശ്മീരില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചതിനെ കുറിച്ചു ശിബിലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീരില്‍ നടക്കുന്നത് എന്തെന്ന് പുറംലോകം അറിയാതിരിക്കാനായി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, മാധ്യമങ്ങളുടെ വായടപ്പിച്ചു. ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ- ഫോണ്‍- വിനിമയ മാര്‍ഗങ്ങള്‍ എല്ലാം ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി.

ശിബിലിയുടെ വീട്ടുകരോടും സഹപ്രവര്‍ത്തകരോടും പൊലീസ് വിവരങ്ങള്‍ മറച്ചുവെച്ചു. ശിബിലി ഏത് ജയിലിലാണെന്നും കാണാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ ക്വാസി ഉമര്‍ പരാതിപ്പെട്ടിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഉത്തർപ്രദേശിലെ ബറേലി ജയിലിലായിരുന്ന ശിബിലിക്ക് ഒമ്പത് മാസത്തിന് ശേഷം ജാമ്യം അനുവദിച്ചു.

വീണ്ടും മാധ്യമ പ്രവര്‍ത്തനത്തില്‍ സജീവമായ ശിബിലിയെ ശ്രീനഗറിലെ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിളിച്ചതായി ‘കശ്മീരിയത്’ പറയുന്നു. വ്യാഴാഴ്ചയാണ് ആ ഫോണ്‍ കോള്‍ വന്നത്. കാരണം വ്യക്തമല്ല. വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.

കടുത്ത നിയന്ത്രണങ്ങള്‍ക്കും എഡിറ്ററുടെ ജയില്‍ മോചനത്തിനും ശേഷം ‘കശ്മീരിയത്’ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ലോകമെമ്പാടുമുള്ള വായനക്കാരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു. ഭരണഘടനാ വ്യവസ്ഥകൾക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമമാണ് കശ്മീരിയത്. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ പേരില്‍ എഡിറ്റര്‍ ക്വാസി ശിബിലിക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണി കോളുകൾ വന്നതായി അവര്‍ പറയുന്നു. ഈ സംഭവം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പത്തെ തീക്ഷ്ണമായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ‘കശ്മീരിയതി’ലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ എഡിറ്ററുടെ സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

ഇതെഴുതി കഴിയുമ്പോള്‍ ‘കശ്മീരിയതി’ലെ ഒരു വാര്‍ത്ത കൂടി ശ്രദ്ധയില്‍പ്പെട്ടു. മുന്‍ മുഖ്യമന്ത്രിയും കശ്മീരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയുമായിരുന്ന പി.ഡി.പി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് അവര്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വീട്ടു തടങ്കലിലാണ്.

മെഹ്ബൂബയുടെ മകള്‍ ഇൽതിജ മുഫ്തി കഴിഞ്ഞ ആഗസ്റ്റില്‍ സ്വാതന്ത്ര്യദിനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എഴുതി, “രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്.”

ഇന്ത്യയില്‍ ഹിന്ദുത്വ പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വിസ്മരിക്കുന്നു, ഫാഷിസം അതിന്‍റെ സഖ്യകക്ഷിയെയും കൊന്നു തിന്നുമെന്ന്.
_ പ്രശാന്ത് സുബ്രഹ്മണ്യന്‍

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail