ദ ഷോപ്പ് ഓൺ മെയിൻസ്ട്രീറ്റ്; ജ്യൂതരുടെ സ്വത്തുക്കള്‍ ഫാസിസ്റ്റുകൾ തട്ടിയെടുത്ത കഥ

ജ്യൂതരുടെ സ്വത്ത് വകകൾ “ആര്യനൈസേഷൻ” പദ്ധതിയുടെ ഭാഗമായി ഫാസിസ്റ്റുകൾ തട്ടിയെടുത്തതിനെ കുറിച്ചുള്ള ചെക്കോസ്ലൊവാക്യൻ ചിത്രമാണ് ദ ഷോപ്പ് ഓൺ മെയിൻസ്ട്രീറ്റ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം 1965 ൽ ലഭിച്ചു.

മരപ്പണിക്കാരനായ ടോണി ഭാര്യ ഇവാലിനയുടെ ശകാരം സഹിക്കാതാവുമ്പോഴെല്ലാം നായയുമായി പുറത്തിറങ്ങും. ഇവാലിനയുടെ സഹോദരി റുസെനയുടെ ഭർത്താവും പ്രാദേശിക ഫാസിസ്റ്റ് നേതാവുമായ മാർക്കസും മോശമായി തന്നെയാണ് ടോണിയോട് പെരുമാറുക.

ഫാസിസ്റ്റുകളോട് ടോണിയ്ക്ക് മമതയില്ല. പക്ഷെ അവരെ എതിർക്കാനും നിൽക്കാറില്ല. സ്വന്തം ജീവിതത്തിന് പുറത്തുള്ള കാര്യങ്ങൾ മനസിലാക്കാത്ത ടോണി എല്ലാ കാര്യങ്ങളിലും ഒരു ന്യൂട്രൽ നിലപാടാണെടുക്കുക. അങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോവുമ്പോഴാണ് മാർക്കസും റുസെനയും കൂടി ഒരു ദിവസം രാത്രി വീട്ടിലെത്തുന്നത്. ടൗണിൽ ബട്ടൻസും മറ്റും വിൽക്കുന്ന ജൂത ഉടമസ്ഥതയിലുള്ള ഒരു കടയുടെ “ആര്യൻ മേൽനോട്ടക്കാരൻ ” ആയി ടോണിയെ നിയമിച്ച ഉത്തരവ് മാർക്കസ് ടോണിക്ക് കൈമാറുന്നു. ജ്യൂതരുടെ കട വഴി സമ്പന്നരാവുമെന്ന് കണക്കുകൂട്ടുന്ന ഭാര്യയും ടോണിയും സന്തോഷിക്കുന്നു. അടുത്ത ദിവസം രാവിലെ കോട്ടും സ്യൂട്ടുമിട്ട് പുറത്തിറങ്ങുന്ന ടോണി നായയെ കൂട്ടുന്നില്ല.

കട പിടിച്ചെടുക്കാനെത്തിയ ടോണി കടയുടമയും വൃദ്ധയുമായ ലൂട്ട്മാൻ സമുദായ സംഘടനകളുടെ ചാരിറ്റിയിലാണ് കഴിയുന്നതെന്ന് മനസിലാക്കുന്നു. കട ടോണി സ്വന്തമാക്കിയെന്ന് മനസിലാവാത്ത ലുട്ട്മാമാൻ ടോണിയെ സഹായിയാണ് കാണുന്നത്. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ടോണിക്കും മനസിലാവുന്നില്ല. കുറച്ചു സമയം കൊണ്ട് ഇരുവരും അടുത്ത സുഹൃത്തുക്കളാവുന്നു. പ്രദേശത്ത് നിന്ന് ജ്യൂതരെ ഒഴിപ്പിക്കുകയും അതേ സമയം അവരെ സംരക്ഷിക്കുകയും ചെയ്യേണ്ട ഇരട്ടറോളാണ് ടോണി വഹിക്കേണ്ടി വരുന്നത്. ജോലിക്കെന്ന് പറഞ്ഞ് ജ്യൂതരെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് മാറ്റുമ്പോഴാണ് കഥ മാറുന്നത്.
_ അനീബ് അബ്ദുല്ല

Leave a Reply