തെച്ചിക്കോട്ട് രാമചന്ദ്രനോളം ‘തലയെടുപ്പില്ലാത്ത’ തൊവരിമലയിലെ ആദിവാസികൾ

ഭൂരഹിതർക്ക് ഇവിടെ നടുനിവർത്തി തല ചായ്ക്കാനും അവർക്ക് ജീവിക്കാനും സ്വന്തമായി ഭൂമിയുണ്ടൊ എന്നതാണ് കേരളത്തിലെ ഒരു പ്രധാന വിഷയം. അതിനവർ നടത്തുന്ന സമരത്തോട് എൽ.ഡി.എഫ് സർക്കാർ നീതിപൂർവ്വമായ സമീപനം സ്വീകരിക്കുന്നുണ്ടൊ എന്നതുകൂടി പരിശോധിക്കണം….
_ എൻ ജി മോഹനൻ

കേരളത്തിലെ ജനങ്ങളുടെ മുഖ്യപ്രശ്നം തെച്ചിക്കോട്ട് രാമചന്ദ്രനെന്ന കൊലയാനയെ എഴുന്നുള്ളിക്കുകയെന്നതല്ല. ജനങ്ങൾക്ക് എങ്ങനെ സ്വൈര്യമായി ജീവിക്കാമെന്നുള്ളതാണ്. ഭൂരഹിതർക്ക് ഇവിടെ നടുനിവർത്തി തല ചായ്ക്കാനും അവർക്ക് ജീവിക്കാനും സ്വന്തമായി ഭൂമിയുണ്ടൊ എന്നതാണ് കേരളത്തിലെ ഒരു പ്രധാന വിഷയം. അതിനവർ നടത്തുന്ന സമരത്തോട് എൽ.ഡി.എഫ് സർക്കാർ നീതിപൂർവ്വമായ സമീപനം സ്വീകരിക്കുന്നുണ്ടൊ എന്നതുകൂടി പരിശോധിക്കണം.

തെച്ചിക്കോട്ടിനെ എഴുന്നുള്ളിക്കാനുള്ള ചർച്ചക്ക് സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ പുറപ്പെടുന്നതിന് മുൻപ് ആലോചിക്കേണ്ടിയിരുന്നത്, തൊവരിമലയിലെ മിച്ചഭൂമിക്കു വേണ്ടി ഒരു മാസത്തോളമായി ഭൂരഹിതരായ ആദിവാസികൾ നടത്തിവരുന്ന സമരത്തെ കുറിച്ചാണ്. അവർക്ക് ആന മുതലാളിമാരുടേയും നിങ്ങളെ തീറ്റിപോറ്റുന്ന ഹാരിസനടക്കം കോർപ്പറേറ്റ് ഭീമന്മാരുടെയത്ര തലയെടുപ്പില്ലെന്നത് വാസ്തവമാണ്. പക്ഷെ, അവർ ഈ മണ്ണിന്റെ അവകാശികളും കാടിന്റെ കാവലാളുകളുമാണ്.

തൊവരിമല സമരത്തിന് നേതൃത്വപരമായ പങ്കുവഹിച്ച സി.പി.ഐ-എം.എൽ റെഡ്സ്റ്റാറിന്റെ മൂന്നു സഖാക്കളെ അന്യായമായി ജാമ്യംപോലും നിഷേധിച്ചുകൊണ്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവറയിലിട്ടിരിക്കുകയാണ്. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുകയെന്നത് ഏതൊരു പൗരന്റയും ഭരണഘടനാ സ്വാതന്ത്ര്യമാണ്. ജാമ്യം നിഷേധിച്ചതിനെതിരേയും തടവറയിൽ നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും സഖാവ് എം പി കുഞ്ഞിക്കണാരൻ നിരാഹാര സമരത്തിലാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭൂസമര സമിതിയുടെ പ്രവർത്തകരായ ആദിവാസി സഖാക്കൾ വയനാട് കളക്ട്രേറ്റ് പടിക്കൽ റിലേ നിരാഹാര സമരത്തിലുമാണ്.

ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് മേനി കൊഴുത്ത ആന മുതലാളിമാർക്കുവേണ്ടി ചർച്ചക്ക് പോകുന്നവർ, പകരം ജനങ്ങളുടെ നികുതിപണം ചിലവാക്കി നടത്തുന്ന യാത്രകൾകൊണ്ട് അവരുടെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കൂ. ഹാരിസന് മുന്നിൽ മുട്ടടിക്കാൻ തയ്യാറല്ലാത്തവർ മാത്രം.

Leave a Reply