ജാമ്യം ലഭിച്ചിട്ടും കെ മുരളിയുടെ ജയിൽമോചനം തടഞ്ഞു പകപോക്കുന്ന ഭരണകൂടം

ഓർമ്മയിൽ കാടുള്ള മൃഗം മെരുങ്ങില്ലെന്ന് കവിത. രാഷ്ട്രീയ തടവുകാർ ആ കാലത്തിന്റെ യഥാർത്ഥ നേതാക്കളെന്ന് ബർത്തോൾഡ് ബ്രൈറ്റ്… മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളിയെയും ഭീമാ കൊറോ ഗാവ് കേസിലെ സഖാക്കളെയും സന്ദർശിച്ച സി പി റഷീദ് എഴുതുന്നു…

പൂനയിൽ നിന്ന് മടങ്ങി. നാല് വർഷങ്ങൾക്ക് ശേഷം സഖാവ് കെ. മുരളിയെ കണ്ടു .ഹൃദ്യമായ അതേ ചിരിയോടെ പുനെ കോടതി വരാന്തയിൽ മുരളി. ഇസ്മായിലിനെ 9ന് യർവാദാ ജയിലിൽ പോയി കണ്ടിരുന്നു. ജയിലുകൾ സങ്കൽപ്പങ്ങൾക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളാവുന്നു. മുരളി ജാമ്യം കിട്ടീട്ടും പുറത്തിറങ്ങാനായില്ല. നാല് വർഷമായി പുനെ യെർവാഡ ജയിലിൽ തടവിൽ കഴിയുന്ന മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ. മുരളിക്ക് ഫെബ്രുവരി 25നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച സന്ദർഭത്തിൽ അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഒരു മാസത്തെ സമയവും കോടതി അനുവദിച്ചു. എന്നാൽ ഫെബ്രുവരി മാസത്തിൽ അനുവദിച്ച ജാമ്യത്തിന്റെ ഉത്തരവ് ഇറങ്ങിയത് ഏപ്രിലിലാണെന്നതിനാൽ ഏപ്രിൽ മുതൽ ഒരു മാസത്തിനകം അപ്പീൽ സമർപ്പിച്ചാൽ മതിയാകും എന്ന സ്ഥിതിയായിരുന്നു. പക്ഷെ, പ്രസ്തുത കാലാവധിയും കഴിഞ്ഞയാഴ്ച അവസാനിച്ചതോടെ അദ്ദേഹം ജാമ്യത്തിൽ ഇറങ്ങും എന്നതായിരുന്നു ഏവരുടെയും പ്രതീക്ഷ.

എന്നാൽ ജാമ്യ കടലാസുകൾ ശരിയാക്കി അദ്ദേഹത്തെ പുറത്തിറക്കാൻ ഞങ്ങൾ പുനെയിലെത്തുകയും ചെയ്തു. എന്നാലിതാ, ഇപ്പോൾ ഭരണകൂടം മുരളിയുടെ അഭിഭാഷകൻ പോലും അറിയാതെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഒരു മാസത്തെ സമയം നീട്ടി വാങ്ങിയിരിക്കുന്നു. ഫെബ്രുവരിയിൽ നൽകിയ ജാമ്യത്തിനെതിരെ ഇത്ര നാളായിട്ടും അപ്പീൽ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഏകപക്ഷീയമായി കോടതി വീണ്ടും സമയമനുവദിച്ചിരിക്കുന്നു. എന്തായാലും, ഈ നടപടിയെ മുരളിയുടെ അഭിഭാഷകൻ ചോദ്യം ചെയ്തതോടെ കേസ് അടുത്തയാഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്. കെ. മുരളിയുടെ മോചനത്തെ ഏതുവിധേനയും തടയുക എന്നതാണ് ലക്ഷ്യം എന്ന് വ്യക്തമാണ്. ബുധനാഴ്ചയറിയാം പുറത്തോ അകത്തോ എന്ന്.

സഖാക്കൾ ഇസ്മായിലും മുരളിയും മാത്രമല്ല മറ്റു ചില പ്രിയപ്പെട്ടവരെ കൂടി കാണാനിടയായി. ഭീമാ കൊറോ ഗാവ് കേസിലെ സഖാക്കളായ വരവരറാവു, സുരേന്ദ്ര ഗാഡ്ലിങ്ങ് , അരുൺ ഫെറേറ, സുധ ഭരദ്വാജ്, ഷോമാസെൻ, റോണാ വിൽസൻ, വെർണൻ ഗോൺസാൽവസ്, മഹേഷ് റാവത്ത്, സുധീർ ധാവ് ലെ എന്നിവരും ഉണ്ടായിരുന്നു. കൂടാതെ അരുണിന്റെ മകനും ഭാര്യയും വി വി യുടെ ഭാര്യയും, എത്ര രസകരമായിരുന്നു അവരുടെ കൂടിച്ചേരൽ. രാവിലെ 12.30 മുതൽ 6 വരെ.

സുരേന്ദ്ര ഗാഡ്വിൻ തന്റെ ജാമ്യവാദം നടത്തുന്നത് കേൾക്കാൻ തടിച്ച് കൂടിയ വക്കീലന്മാർ. പലപ്പോഴും അപഹാസ്യമായ വിധം നിന്ന പി.പി. ഹൃദ്യമായ ചിരിയോടെ സഖാക്കൾ മുഷ്ടി ചുരുട്ടി ഞങ്ങളെ അഭിവാദ്യം ചെയ്ത് ഇടി വണ്ടിയിൽ കേറി. ഞങ്ങൾ സഖാക്കളെ കൈ വീശി യാത്രയാക്കി. ഓർമ്മയിൽ കാടുള്ള മൃഗം മെരുങ്ങില്ലെന്ന് കവിത. രാഷ്ട്രീയ തടവുകാർ ആ കാലത്തിന്റെ യഥാർത്ഥ നേതാക്കളെന്ന് ബർത്തോൾഡ് ബ്രൈറ്റ്.

Leave a Reply