ഞങ്ങളുടെ സംഗീതവും സ്വാതന്ത്ര്യവും ഇല്ലാതാക്കിയവർക്ക്

ഇസ്താംബൂൾ, തുർക്കി, ഗ്രീക്ക്… പൊട്ടിപൊളിഞ്ഞ ബോട്ടുകൾക്കും കൂട്ടിയിട്ട ലൈഫ് ജാക്കറ്റുകൾക്കും ഇടയിലൂടെ സംഗീതത്തിന്റെയും സ്വാതന്ത്രത്തിന്റെയും രക്തബന്ധങ്ങളുടെയും അലച്ചിൽ…
_ മണി നരണിപ്പുഴ

ജാം എന്ന നായികാ കഥാപാത്രം തന്റെ കൂട്ടുകാരിക്ക് അപ്പൂപ്പന്റെ ശവകുടിരം കാണിച്ച് കൊടുത്ത് അതിന് മുകളിൽ കയറി ഇരുന്ന് മൂത്രമൊഴിക്കുന്ന ഒരു സീനുണ്ട്. അന്ധാളിച്ചു നിന്ന കൂട്ടുകാരിയെ നോക്കി ജാം പറയുന്നത്, “ഞങ്ങളുടെ സ്വാതന്ത്ര്യത്തെയും സംഗീതത്തെയും ഇല്ലാതാക്കിയവർക്ക് മുകളിലിരുന്ന് മൂത്രവിസർജനം നടത്താതെ എന്താണ് ഞാൻ ചെയ്യേണ്ടത്?”

മറ്റൊരു സീനിൽ തന്റെ കുടുംബത്തിന്റെ വസ്തുവകകൾ ജപ്തി ചെയ്യുന്ന ബേങ്ക് ജോലിക്കാർക്കിടയിലൂടെ ജാം അകത്തേക്ക് കയറുമ്പോൾ ഒരു ജോലിക്കാരൻ അവളെ തടഞ്ഞ് ചോദിക്കുന്നു, “എവിടെക്കാണ് കയറുന്നത് നിങ്ങൾക്കനുവാദമില്ല…”

ജാം മറുപടി പറയുന്നു, “തൂറാനാണ് എന്താ പോരുന്നോ എന്റെ തീട്ടവും നിങ്ങൾക്ക് കൊണ്ട് പോകാം…”

ഇസ്താംബൂൾ, തുർക്കി, ഗ്രീക്ക്… പൊട്ടിപൊളിഞ്ഞ ബോട്ടുകൾക്കും കൂട്ടിയിട്ട ലൈഫ് ജാക്കറ്റുകൾക്കും ഇടയിലൂടെ സംഗീതത്തിന്റെയും സ്വാതന്ത്രത്തിന്റെയും രക്തബന്ധങ്ങളുടെയും അലച്ചിൽ.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ രാജ്യവും നിലച്ച സംഗീതത്തിന്റെയും എടുത്തുമാറ്റുന്ന സ്വാതന്ത്ര്യത്തിന്റെയും വിങ്ങലുകൾ നമ്മുടെ തൊലിപ്പുറത്തും അറിയുന്നു. സമരം ചെയ്ത് മരിച്ചു വിഴുന്ന കർഷകർ രാജ്യത്തെ അതിരുകളില്ലാതെ കച്ചവടക്കാർക്ക് ഒറ്റുകൊടുക്കുന്ന ഭരണകൂടങ്ങൾ.

പരവതാനികളിലും സിംഹാസനങ്ങളിലും ഇരുന്ന് നമ്മളെ സംബോധന ചെയ്യുന്ന ഭരണകർത്താക്കൾ. സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തെയും നിലനിൽപിനെയും ഓർമപെടുത്തുന്നവരെ ജയിലിലടച്ച് സ്വയം സുരക്ഷിതരാകുന്നവർ. കറുത്ത മാസ്കിനെ പോലും ഭയപെടുന്ന ഭീരുക്കൾ. നിങ്ങൾക്ക് മുകളിൽ മൂത്രമൊഴിക്കുകയല്ലാതെ വേറെ എങ്ങിനെയാണ് നിങ്ങളെ ഓർക്കേണ്ടത്?

ടോണി ഗാറ്റിലിഫ് സംവിധാനം ചെയ്ത ജാം എന്ന സിനിമയിൽ അവസാന രംഗത്ത് എല്ലാം നഷ്ടപെട്ട അച്ഛൻ മകളോട് പറയുന്നുണ്ട്, “എന്തിനാണ് നമുക്ക് പണം, നമ്മുടെ കൈയ്യിൽ സംഗീതമില്ലേ. അത് അവർക്കെടുക്കാൻ കഴിയില്ല നമുക്ക് തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്കലയാം…”

Follow us on | Facebook | Instagram Telegram | Twitter