കേരളം കണ്ട എക്കാലത്തേയും മികച്ച മനുഷ്യസ്നേഹിയെ നിരുപാധികം വിട്ടയക്കുക
വാസ്വേട്ടനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച തിനെതിരേ ശക്തമായി പ്രതിഷേധിക്കുക…
അംബിക
2016ൽ നിലമ്പൂർ ഏററുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനും അനുശോചനം രേഖപ്പെടുത്തിയതിനും വാസ്വേട്ടനെ ഇന്ന് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നു. തീർത്തും നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവർക്കെതിരേ കേസെടുക്കാതെ, അതിൽ പ്രതിഷേധിച്ചവർക്കെതിരേ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടിൽ വാസ്വേട്ടൻ ഉറച്ചുനിൽക്കുകയായിരുന്നു. തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ മെഡിക്കൽ കോളേജ് പോലിസിനോട് ഈ നിലപാട് അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷൻ ജാമ്യം ആവശ്യമില്ലെന്നും കേസ് നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ പോലീസ് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 10,000 രൂപ ജാമ്യത്തുക കെട്ടി വയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇക്കാര്യത്തിൽ തന്റെ നിലപാട് – പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തിയവർക്കെതിരേയല്ല, ആ കുറ്റം ചെയ്തവർക്കെതിരേയാണ് കേസ് എടുക്കേണ്ടത് എന്ന് പറയുകയും ജാമ്യത്തുക കെട്ടിവയ്ക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയുമായിരുന്നു. 94 വയസ്സുള്ള വാസ്വേട്ടനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു.
കേസ് നിരുപാധികം പിൻവലിച്ച് വാസ്വേട്ടനെ, കേരളം കണ്ട എക്കാലത്തേയും മികച്ച മനുഷ്യ സ്നേഹിയെ , മനുഷ്യാവകാശപ്രവർത്തകനെ, നിരുപാധികം വിട്ടയക്കണമെന്ന് ശക്തമായി ആവശ്യപ്പെടാൻ നമുക്കോരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്.
ശക്തമായി പ്രതിഷേധിക്കുക.
വാസ്വേട്ടേന് അഭിവാദ്യങ്ങൾ!
അംബിക
Follow us on | Facebook | Instagram | Telegram | Twitter | Threads