അഖില്‍ ഗോഗോയിയും അസമിലെ 1,200 തടവുകാരുടെ നിരാഹാര സമരവും

അസമില്‍ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നു ജയിലിലടച്ച പ്രമുഖ ആക്ടിവിസ്റ്റ് അഖിൽ ഗോഗോയിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ച 1,200 തടവുകാര്‍ ഗുവഹാത്തി സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. രണ്ടു ദിവസമായിരുന്നു രാഷ്ട്രീയ തടവുകാരുടെ നിരാഹാര സമരമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ദിവസത്തെ തടവ് പൂർത്തിയാക്കിയ ഗോഗോയിയെ മോചിപ്പിക്കുക, ജയിലില്‍ വരുന്ന പുതിയ തടവുകാരെ ക്വൊറന്‍റൈന്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഗോഗോയിയും അദ്ദേഹത്തിന്‍റെ സംഘടന കൃഷക് മുക്തി സംഗ്രാം സമിതി(KMSS) പ്രവര്‍ത്തകരും ഷഹീന്‍ ബാഗ് സമരത്തിന്‍റെ നേതൃത്വനിരയിലുണ്ടായിരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷർജീൽ ഇമാം, സായുധ ഗ്രൂപ്പായ യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടിന്‍റെ മുതിര്‍ന്ന നേതാക്കളും യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും നിരാഹാര സമരത്തില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗോഗോയിയെ മോചിപ്പിക്കുക, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജയിലില്‍ വരുന്ന പുതിയ തടവുകാരെ ക്വൊറന്‍റൈന്‍ ചെയ്യുക, പകര്‍ച്ചവ്യാധിയില്‍ നിന്നും സംരക്ഷിക്കുക തുടങ്ങി 8 ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് അപേക്ഷകള്‍ നല്‍കിയായിരുന്നു രാഷ്ട്രീയ തടവുകാരുടെ സമരം. മാത്രമല്ല, KMSS പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിഭാഷകരെയും കുടുംബാംഗങ്ങളെയും കാണാൻ കഴിഞ്ഞിരുന്നില്ല. ജയിൽ തടവുകാർക്ക് അവരുടെ കുടുംബത്തിൽ നിന്നും അഭിഭാഷകരിൽ നിന്നും ഫോൺ കോളുകൾ സ്വീകരിക്കാൻ ഒരു ലാൻഡ്‌ലൈൻ ഫോണിലേക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. തടവുകാർക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഷർജീൽ ഇമാമും ജയിൽ അധികൃതരെ ആവർത്തിച്ച് സമീപിച്ചിരുന്നുവെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമരത്തിലെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂൺ 24ന് തടവുകാർ രണ്ട് തവണ ജയിൽ അധികൃതർക്ക് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ പരിഗണിക്കാതെ, COVID-19 പരിശോധന നടത്താതെ ജയിലിലേക്ക് പുതിയ തടവുകാരെ കൊണ്ടുവരാൻ തുടങ്ങി. ഈയവസ്ഥയില്‍ 1,200 തടവുകാരുടെ ആരോഗ്യം അപകടത്തിലായി. തുടര്‍ന്നാണ്, ജൂൺ 25ന് രാവിലെ നിരാഹാര സമരമാരംഭിച്ചത്. ജൂണ്‍ 26നും സമരം തുടര്‍ന്നു, സമരം ശക്തമാകുമെന്ന് മനസിലായ ജയിൽ ഉദ്യോഗസ്ഥരും ജില്ലാ അധികാരികളും തടവുകാരോട് സംസാരിക്കാന്‍ തയ്യാറായി.

സമരത്തെ തുടര്‍ന്നു ജയിലില്‍ ശുദ്ധമായ കുടിവെള്ള വിതരണത്തിനും തടവുകാര്‍ക്ക് അഭിഭാഷകരെയും കുടുംബാംഗങ്ങളെയും ഷെഡ്യൂൾ ചെയ്ത ‘രണ്ട് മിനിറ്റ്’നേക്കാള്‍ കൂടുതല്‍ കാണാനുള്ള അനുമതിയായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്നും പുതിയ തടവുകാരെ 14 ദിവസത്തേക്ക് ജയിലിലെ പ്രത്യേക വാര്‍ഡുകളില്‍ ക്വൊറന്‍റൈന്‍ ചെയ്യുമെന്നും ജയില്‍ ഇൻസ്പെക്ടർ ജനറൽ ദസറത്ത് ദാസ് അവകാശപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ മാവോയിസ്റ്റ് ബന്ധമാരോപിച്ചു ജയിലിലടക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് അസമില്‍ ഉയരുന്നത്. ഗോഗോയിയുടെ മോചനമാവശ്യപ്പെട്ടു മാധ്യമപ്രവർത്തകനും രാജ്യസഭയിലെ സ്വതന്ത്ര എംപിയുമായ അജിത് ഭൂയാൻ ഉൾപ്പെടെ നിരവധി പ്രമുഖർ അസം മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ്(NAPM) നേതാവ് മേധ പട്കര്‍ അഖില്‍ ഗോഗോയിയെ ജയിലില്‍ സന്ദർശിച്ചിരുന്നു.

NAPM പുറത്തിറക്കിയ പ്രസ്താവനയില്‍ ഗോഗോയിക്കെതിരെയുള്ള കേസ് തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്നും 200 ദിവസമായി തടവില്‍ കഴിയുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. കെ.എം.എസ്.എസുമായി ബന്ധമുള്ള സംഘടനകളുടെ നേതാക്കളായ ബിട്ടു സോനോവാൽ, ധൈര്യ കോൺവർ, മനസ് കോൻവാർ എന്നിവരെ മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. (KMSS പ്രവര്‍ത്തകനായ ബിട്ടു സോനോവാലിനെതിരെ എന്‍.ഐ.എ യു.എ.പി.എ ചുമത്തി ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ ചിലത്, അദ്ദേഹം സുഹൃത്തുക്കളെ സഖാവ് എന്നു വിളിച്ചതും ലാല്‍ സലാം എന്നു അഭിസംബോധന ചെയ്തതും ഫേസ്ബുക്കില്‍ ലെനിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നുമാണ് !) നിർഭയമായി അസമിലെ ഈ ചെറുപ്പക്കാരെ അഭിവാദ്യം ചെയ്യുന്നുവെന്നും ഫാഷിസത്തിനെതിരെയും അതിന്‍റെ വിഭജന നിയമങ്ങളോടും തീവ്രമായ അടിച്ചമർത്തലിനെതിരെയും പോരാടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

2019 ഡിസംബർ 12നാണ് അഖിൽ ഗോഗോയിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതുമുതൽ‌, ഗോഗോയിയെ അസമിലെ വിവിധ ജയിലുകളിൽ‌ പാർപ്പിക്കുകയായിരുന്നു. കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ സ്ഥാപക നേതാവായ അദ്ദേഹവും പ്രവര്‍ത്തകരും ഡിസംബർ ആദ്യം അസമില്‍ പൊട്ടിപ്പുറപ്പെട്ട പൗരത്വ വിരുദ്ധ (ഭേദഗതി) നിയമത്തിനെതിരായ സമരത്തില്‍ മുൻപന്തിയിലുണ്ടായിരുന്നു.

അഖിൽ ഗോഗോയ് അസമിലെ ഭരണകൂടത്തിന്‍റെയും ഭൂമാഫിയകളുടെയും നോട്ടപ്പുള്ളിയായിരുന്നു. CPI-ML-PCC എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബഹുജന സംഘടനയായ ‘റെവല്യൂഷണറി മൂവ്മെന്‍റ് കൗൺസിൽ ഓഫ് അസ്സം’ല്‍ പ്രവര്‍ത്തിച്ചിരുന്ന അഖില്‍ ഗോഗോയ് പിന്നീട് സംഘടന വിട്ടു സ്വതന്ത്ര മാർക്‌സിസ്റ്റ് മാധ്യമമായ Natun Padatikന്‍റെ പത്രാധിപരായി പ്രവര്‍ത്തിച്ചു.

2009ല്‍ അസമിലെയും അരുണാചൽ പ്രദേശിലെയും ജനങ്ങളെയും പാരിസ്ഥിതിലോല മേഖലകളെയും ഗുരുതരമായി ബാധിക്കുന്ന വലിയ ഡാം നിർമ്മിക്കുന്നതിനെതിരെ ഗോഗോയിയുടെ നേതൃത്വത്തില്‍ KMSS സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നയിച്ചു. ഡാം വിരുദ്ധ പ്രക്ഷോഭകർ ടർബൈനുകളുടെ ഭാഗങ്ങൾ കടത്തുന്ന ട്രക്കുകൾ തടഞ്ഞു. KMSS കര്‍ഷകര്‍ക്ക്, ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ടു കാർഷിക ഉൽ‌പന്നങ്ങൾ വില്‍ക്കാന്‍ ഔട്ട്ലറ്റുകള്‍ സ്ഥാപിച്ചതും എഫ്.ഡി.ഐ -റീട്ടെയിൽ മാഫിയകളെ കടുത്ത എതിര്‍പ്പിനിടയാക്കി. വിവരാവകാശ പ്രവര്‍ത്തകനായും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വന്‍ അഴിമതികള്‍ പുറത്തുകൊണ്ടു വന്നു.

2010ല്‍ അസം സര്‍ക്കാര്‍ ഇറക്കിയ രഹസ്യ റിപ്പോർട്ടിൽ അഖിൽ ഗോഗോയിക്ക് സി.പി.ഐ-മാവോയിസ്റ്റുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചു. ഗോഗോയ് റിപ്പോർട്ടിനെ ചോദ്യം ചെയ്യുകയും ആരോപണം തെളിയിക്കാൻ അസം സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. “ഞാൻ ഒരു മാർക്സിസ്റ്റാണ്, മാവോയിസ്റ്റല്ല.” എന്ന് അദ്ദേഹം പറയുന്നു. ഞാൻ സാമൂഹിക പരിവർത്തനത്തിൽ വിശ്വസിക്കുന്നു, KMSS ജനങ്ങളെ സമൂലമായി സംഘടിപ്പിച്ചു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നതും അതിന്‍റെ വർദ്ധിച്ചുവരുന്ന ജനപ്രീതി ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നുവെന്നും” അഖിൽ ഗോഗോയ് ഒരു അഭിമുഖത്തില്‍ പറയുന്നു.
Courtesy_ The Wire

#StandForGuwahatiJail

Click Here