ഭഗത് സിംഗിനോട് മോസ്കോയിലേക്ക് വരാൻ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അറിയാതെ സ്റ്റാലിനെ ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട അംബേദ്കർ, സ്റ്റാലിനെ കാണാൻ കഴിയാതെ പോയ ഭഗത് സിംഗ്. നടക്കാതെ പോയ കൂടിക്കാഴ്ചകൾ…


ജെയ്സൺ സി കൂപ്പർ

“ഭഗത് സിംഗിനോട് മോസ്കോയിലേക്ക് വരാൻ പറയുക” ആവശ്യപ്പെട്ടത് സാക്ഷാൽ ജോസഫ് സ്റ്റാലിൻ തന്നെയായിരുന്നു.

സ്റ്റാലിൻ ഭഗത് സിംഗിനെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കുമായിരുന്ന ആ കൂടിക്കാഴ്ചയെപ്പറ്റി.

താഷ്കെന്റിൽ രൂപികൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഷൗക്കത്ത് ഉസ്മാനിയോടാണ് സ്റ്റാലിൻ ഭഗത് സിംഗിനെ സോവിയറ്റ് യൂണിയനിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നത്. നടക്കാതെ പോയ കൂടിക്കാഴ്ചയെപ്പറ്റി ഉസ്മാനി തന്നെ എഴുതിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ മുസാഫർ അഹമ്മദും ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.

താഷ്കെന്റിൽ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഉസ്മാനി കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ പങ്കെടുക്കാനായി മോസ്കോയിലേക്ക് പോകും മുമ്പ് ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ സഖാവ് ബിജോയ് കുമാർ സിൻഹയോടും തന്നോടൊപ്പം മോസ്കോയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇന്ത്യയിൽ തയ്യാറാക്കിയിരുന്ന ആക്രമണ പദ്ധതികൾ പൂർത്തീകരിച്ചിട്ട് മോസ്കോയിലേക്ക് പോകാം എന്നതായിരുന്നു അവരുടെ തീരുമാനം. തുടർന്ന് ഉസ്മാനി മോസ്കോയിലേക്ക് പോയി. സോഷ്യലിസ്റ്റ് പാതയിലേക്ക് ഇതിനകം തിരിഞ്ഞിരുന്ന ഭഗത് സിംഗിനെക്കുറിച്ച് ഉസ്മാനി തന്നെയാകണം കോമിന്റേണിനെ അറിയിച്ചത്. സ്റ്റാലിനെയും കാര്യങ്ങൾ ധരിപ്പിച്ച ഉസ്മാനിയോട് സ്റ്റാലിൻ പറഞ്ഞു, “ഭഗത് സിംഗിനോട് മോസ്കോയിലേക്ക് വരാൻ ആവശ്യപ്പെടുക.”

തിരിച്ച് ഇന്ത്യയിൽ എത്തിയ ഉസ്മാനി മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റിലായി. ജോൺ സോണ്ടേഴ്സിനെ വധിച്ച ശേഷം ഒളിവിലായിരുന്ന ഭഗത് സിംഗ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ആക്ഷനിൽ ഉണ്ടാകണം എന്ന് രാജ്ഗുരു ആഗ്രഹിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഭഗത് സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സ്റ്റാലിന്റെ സന്ദേശം ലക്ഷ്യം കണ്ടില്ല, ഇന്ത്യയുടെ ചരിത്രവും മറ്റൊന്നായി.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അറിയാതെ സ്റ്റാലിനെ ബന്ധപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട അംബേദ്കർ, സ്റ്റാലിനെ കാണാൻ കഴിയാതെ പോയ ഭഗത് സിംഗ്. നടക്കാതെ പോയ കൂടിക്കാഴ്ചകൾ. ഇന്ത്യൻ വിപ്ലവത്തിന്റെ പാതയിലെ ചില മുഹൂർത്തങ്ങൾ അങ്ങനെയും.

അവലംബം _ ന്യൂസ് ക്ലിക്ക്

Related Article
അംബേദ്കർ സ്റ്റാലിനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു

Like This Page Click Here

Telegram
Twitter