ഞങ്ങളെന്തിന് മുസ്‌ലിങ്ങളെ കൊല്ലണം? അയാളോടു പറയൂ, ഞങ്ങള്‍ക്കീ പണം വേണ്ടെന്ന്
മുഹമ്മദലി ജിന്നയെയും മുസ്‌ലിം രാഷ്ട്രീയ നേതാക്കളെയും കൊല്ലാന്‍ സ്വാതന്ത്ര്യ പോരാളി ചന്ദ്രശേഖര്‍ ആസാദിന് വി ഡി സവര്‍ക്കര്‍ പണം വാഗ്‌ദാനം ചെയ്തിരുന്നു. അതിനു മറുപടിയായി ആസാദ് ഇങ്ങനെ പറഞ്ഞു, “ഇയാള്‍ ഞങ്ങളെ സ്വാതന്ത്ര്യ സമരസേനാനികളായിട്ടല്ല, വാടകകൊലയാളികളായിട്ടാണ് കാണുന്നത്. ഇയാള്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരേയാണ്. ഞങ്ങളെന്തിന് മുസ്‌ലിങ്ങളെ കൊല്ലണം? അയാളോടു പറഞ്ഞേക്കൂ ഞങ്ങള്‍ക്ക് ഈ പണം വേണ്ടെന്ന്…”
സി പി മുഹമ്മദലി
ചന്ദ്രശേഖര്‍ ആസാദിനെ പൂണൂലും നെറ്റിയില്‍ നീണ്ട കുറിയുമുളള അസ്സല്‍ ഹിന്ദു നേതാവായാണ് പ്രചരിപ്പിച്ചു കാണുന്നത്. അദ്ദേഹം ഒരു ബ്രാഹ്മണനായാണ് ജനിച്ചത് എന്നത് ശരിയാണ്. പക്ഷെ കാശി വിദ്യാപീഠത്തിലെ പഠനകാലം മുതല്‍ ഹിന്ദു രാഷ്ട്രീയത്തോടല്ല പ്രതിപത്തി കാണിച്ചത്, വിപ്ലവ രാഷ്ട്രീയത്തോടാണ്. കൗമാരത്തില്‍ തന്നെ കുടുംബഭാരം ഏല്‍ക്കേണ്ടിവന്ന ചന്ദ്രശേഖര്‍ ബോംബെയിലെ ഷിപ്പിങ് യാര്‍ഡിലെ ചുമട്ടുതൊഴിലാളിയായതാകാം ഇതിന് കാരണമായത്.
തൊഴിലാളി വര്‍ഗത്തോടൊപ്പമുളള സഹവാസം വര്‍ഗീയതയില്‍ നിന്ന് അകലം പാലിക്കാനും സാമൂഹികക്ഷേമത്തെ സംബന്ധിച്ച പുരോഗമന നിലപാടെടുക്കാനും അദ്ദേഹത്തെ സഹായിച്ചു എന്നു കാണാം. മറ്റൊരു കാരണം തോന്നുന്നത്, ബാലനായിരിക്കെ അദ്ദേഹം ഗ്രാമത്തിനടുത്ത ആദിവാസി ഗോത്രവര്‍ഗത്തിലെ ബാലന്മാരുമായാണ് കളിച്ചുവളര്‍ന്നത് എന്നതാണ്. അവരില്‍ നിന്നാണ് അദ്ദേഹം അമ്പെയ്ത്ത് പഠിക്കുന്നതും വൈദഗ്ധ്യം നേടുന്നതും
കാശിയില്‍ വിദ്യാര്‍ഥിയായിരിക്കെ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോടതിയിലാണ് ചന്ദ്രശേഖര്‍ ആദ്യമായി തന്‍റെ പേര് ആസാദ് ആയി പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചെങ്കിലും ഹിന്ദു ദേശീയവാദികളുടെ കോണ്‍ഗ്രസിനേക്കാള്‍ അദ്ദേഹത്തിന് പ്രതിപത്തി ‘പ്രായോഗിക പ്രതികരണം’ നടത്തുന്ന വിപ്ലവ പ്രസ്ഥാനത്തോടായിരുന്നു. രാംപ്രസാദ് ബിസ്മില്‍ യൂനൈറ്റഡ് പ്രൊവിന്‍സ് കേന്ദ്രമാക്കി Hindustan Republican Association ആരംഭിച്ചതോടെ അതില്‍ സജീവമായി. അതൊരു Underground വിപ്ലവ സംഘടനയായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജനനേതാക്കളെ കുറിച്ചും ആശയങ്ങളെ കുറിച്ചും ചന്ദ്രശേഖര്‍ ഇക്കാലത്ത് പഠിക്കുന്നുണ്ട്. ഇതില്‍ ഇറ്റലി, അയര്‍ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരുടെ പ്രചോദനം നല്‍കുന്ന ജീവചരിത്രങ്ങളും ഉള്‍പ്പെടുന്നു. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും ഇക്കാലത്താണ് അദ്ദേഹം വായിക്കുന്നത്.
1925ലെ കകോരി തീവണ്ടി കവര്‍ച്ച കേസില്‍ ബ്രിട്ടീഷ് പോലിസ് നടപടി തുടങ്ങിയതോടെ ചന്ദ്രശേഖറും ഒളിവില്‍ പോകുന്നുണ്ട്. ഈ കേസില്‍ 1927 ഡിസംബര്‍ 19ന് അഷ്ഫാഖുല്ലാ ഖാനെയും രാംപ്രസാദ് ബിസ്മിലിനെയും റോഷന്‍ സിങിനെയും തൂക്കിലേറ്റിയതോടെ പ്രസ്ഥാനം പ്രതിസന്ധിയിലാകുന്നു. ഒളിവിലായതുകൊണ്ട് ചന്ദ്രശേഖറിനെ സര്‍ക്കാരിന് കിട്ടിയില്ല. അക്കാലത്ത് ആസാദ് മറ്റ് പ്രദേശങ്ങളിലെ വിപ്ലകാരികളുമായും ചങ്ങാത്തമുണ്ടാക്കുന്നുണ്ട്. ഭഗത്‌സിങും സുഖ്ദേവും ഇക്കൂട്ടത്തില്‍പെടുന്നു. തുടര്‍ന്നാണ് 1928ല്‍ ഫിറോസ്ഷാ കോട്‌ലയില്‍ യോഗം ചേര്‍ന്ന് Hindustan Socialist Republican Association രൂപീകരിച്ചത്. സ്വാഭാവികമായും ചന്ദ്രശേഖര്‍ ആസാദ് സംഘടനയുടെ ചീഫ് കമാന്‍ഡറായി. സംഘടനയുടെ പേരില്‍ പുതുതായി കടന്നുകൂടിയ Socialism ചന്ദ്രശേഖറിന്‍റെ കൂടി കാഴ്ചപ്പാടുകളെ സൂചിപ്പിക്കുന്നതാണ്
സംഘടനയുടെ മൂന്ന് പ്രധാന സവിശേഷതകള്‍ നോക്കുക. കോളനിവല്‍ക്കരണം തകര്‍ത്ത് സോഷ്യലിസം സ്ഥാപിക്കുക, മത ചിഹ്നങ്ങള്‍ സംഘടനയുടെ ഭാഗമാകാന്‍ പാടില്ല, ഗറില്ല യുദ്ധത്തിനൊപ്പം ജനകീയമായ ചെറുത്ത്നില്‍പ്പ്. ഹിന്ദു മതചിഹ്നങ്ങളെ ദേശീയതയായി അവതരിപ്പിച്ച കോണ്‍ഗ്രസിന് എതിര്‍ ദിശയിലാണ് HSRA നീങ്ങിയത്. ചന്ദ്രശേഖര്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രവൃത്തിയിലൂടെ ഈ ആശയത്തിന്‍റെ ജീവിക്കുന്ന പ്രതീകങ്ങളായി. ഹിന്ദു ദേശീയതയും ബ്രിട്ടീഷ് ദാസ്യവും ആശയമായി സ്വീകരിച്ച ആര്‍.എസ്.എസിനും ഹിന്ദു ദേശീയതയിലൂടെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസിനുമുളള മതനിരപേക്ഷ ബദല്‍. ഇക്കാലത്ത് തന്നെയാണ് ജിന്നയെ വകവരുത്താന്‍ സവര്‍ക്കര്‍ ഇവരോട് അഭ്യര്‍ഥിക്കുന്നതും ചന്ദ്രശേഖര്‍ അയാള്‍ക്ക് മറുപടി നല്‍കുന്നതും.
കോണ്‍ഗ്രസിന്‍റെ നേതാവായ എം കെ ഗാന്ധി തങ്ങള്‍ക്കെതിരേ എഴുതിയ ‘Bomb Cult’ എന്ന വിമര്‍ശന ലേഖനത്തിന് ചന്ദ്രശേഖറിന്‍റെ ഒരു മറുപടി ലേഖനമുണ്ട്, ‘ബോംബിന്‍റെ തത്വശാസ്ത്രം’. ഇക്കാലത്തും പ്രസക്തമാണ് ആ മറുപടി. എതിരാളികളുടെ സ്വഭാവവും സാഹചര്യവുമാണല്ലോ യുദ്ധമുറകള്‍ തീരുമാനിക്കേണ്ടത്.
മുഹമ്മദലി ജിന്നയെയും മുസ്‌ലിം രാഷ്ട്രീയ നേതാക്കളെയും കൊല്ലാന്‍ സ്വാതന്ത്ര്യ പോരാളി ചന്ദ്രശേഖര്‍ ആസാദിന് വി ഡി സവര്‍ക്കര്‍ പണം വാഗ്‌ദാനം ചെയ്തിരുന്നു. അതിനു മറുപടിയായി ആസാദ് ഇങ്ങനെ പറഞ്ഞു,
”ഇയാള്‍ ഞങ്ങളെ സ്വാതന്ത്ര്യ സമരസേനാനികളായിട്ടല്ല, വാടകകൊലയാളികളായിട്ടാണ് കാണുന്നത്. ഇയാള്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരേയാണ്. ഞങ്ങളെന്തിന് മുസ്‌ലിങ്ങളെ കൊല്ലണം? അയാളോടു പറഞ്ഞേക്കൂ ഞങ്ങള്‍ക്ക് ഈ പണം വേണ്ടെന്ന്”
രാം പ്രസാദ് ബിസ്മില്‍ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലികന്‍ ആര്‍മിയില്‍ ബിസ്‌മിലിന്‍റെ മരണശേഷം തലവനായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കര്‍ ആദ്യം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലികന്‍ ആര്‍മി പ്രവര്‍ത്തകനായിരുന്നു. ഇയാള്‍ ബ്രിട്ടീഷ് ചാരനാണെന്നും ആസാദ് അഭിപ്രായപ്പെട്ടിരുന്നു. രാംപ്രസാദ് ബിസ്‌മില്‍ ഉള്‍പ്പെടെ നേതാക്കളെ സര്‍ക്കാരിനു ഒറ്റുകൊടുത്തത് ഗോള്‍വാള്‍ക്കറാണെന്ന സംശയവും ആസാദ് പ്രകടിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് മേധാവിയെ വധിച്ച കേസില്‍ ഭഗത് സിങും സുഖ്ദേവും രാജ്ഗുരുവും ജയിലിലായപ്പോള്‍ കേസ് നടത്തിയത് ഇദ്ദേഹമാണ്. അക്കാലത്ത് സംഘടനയുടെ നേതാവായ യശ്പാലിനെ സാമ്പത്തിക സഹായം വാങ്ങാന്‍ ആസാദ് പലരുടെയും അടുത്തേക്ക് അയച്ചിരുന്നു. അത്തരത്തില്‍ സവര്‍ക്കറെ സമീപിച്ചപ്പോഴാണ് സവര്‍ക്കര്‍ ജിന്നയെ കൊല്ലാന്‍ ആവശ്യപ്പെട്ടത്. ഇത് യശ്പാല്‍ തന്‍റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ജൂലൈ 23നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്‍റെ ജന്മദിനം. ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ സായുധ സമരം നയിച്ച ചന്ദ്രശേഖര്‍ 1931 ഫെബ്രുവരി 27ന് ഇലാഹാബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍ ഒരു യോഗം വിളിച്ചിരുന്നു. ഒറ്റുകാരില്‍ നിന്ന് വിവരം കിട്ടിയ പോലിസ് അവിടെ വളഞ്ഞു. അദ്ദേഹം പാര്‍ക്കിലെത്തിയ ഉടനെ പോലിസ് വളയുകയും വെടിവെച്ചുകൊല്ലുകയും ചെയ്തു. അന്നത്തെ ആല്‍ഫ്രഡ് പാര്‍ക്കാണ് ഇന്നത്തെ ആസാദ് പാര്‍ക്ക്.
ആസാദ് സ്ഥിരമായി ചൊല്ലിയിരുന്ന വരികള്‍ ഇവയാണ്;
“ദുശ്മന്‍ കി ഗോലിയാന്‍ ഹം സാമ്നാ കരേംഗേ
ആസാദ് ഹി രഹേ ആസാദ് ഹി രഹേംഗേ”
_ സി പി മുഹമ്മദലി