പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങളും മുസ്‌ലിം ദലിത് ആദിവാസി സംഘടനകളും ഐക്യപ്പെടണം
പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത നിരവധി പേരെ ഉത്തർപ്രദേശ് പൊലീസ് കൂട്ടക്കൊല ചെയ്തു. അനേകം പേരെ ജയിലിലടച്ചിരിക്കുകയാണ്. അവരുടെ വീടുകളിൽ പൊലീസ് അതിക്രമിച്ചു കടന്നപ്പോൾ ഉയർന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾ കേട്ടു ഭയം പെരുവിരലിലൂടെ ഇരച്ചുകയറുന്നുണ്ടായിരുന്നു. അസ്ഥികൾ നുറുങ്ങുന്ന, കൊടും തണുപ്പിൽ രക്തം കട്ടിയാവുന്ന അനുഭവമായിരുന്നു അത്.
ഉത്തര്‍പ്രദേശ് എവിടേയും ആവര്‍ത്തിക്കാം
യു പിയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകളും കാവി പൊലീസും ഭരണകൂട സംവിധാനങ്ങളും എല്ലാം ഭീകര താണ്ഡവമാടുന്നത് ഏതാനും മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടതാണ്. മുസ്‌ലിം മതവിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചും ജയിലിലടച്ചും അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തും സ്വത്തുവകകൾ പിടിച്ചെടുത്തും യോഗി ആദിത്യനാഥ് മനുവാദത്തിന്റെ എല്ലാ ദ്രംഷ്ടകളും പുറത്തെടുത്തു.
എന്നാൽ, ആഴ്ചകളായി ഉത്തർപ്രദേശിൽ നിന്നും വാര്‍ത്തകള്‍ പരിമിതമാണ്. വിവരങ്ങൾ പുറത്തെത്തിച്ച മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അവരെ സഹായിച്ച അഭിഭാഷകരെയും ബി.ജെ.പി സർക്കാർ ജയിലിലടച്ചു. ഭരണകൂട സംവിധാനങ്ങളും അതിന്റെ കൂലിയെഴുത്തുകാരായ മാധ്യമങ്ങളും പൗരത്വ നിഷേധത്തിനെതിരായ യു പി ജനതയുടെ സമരത്തെ അടിച്ചമർത്തുന്നത് മറച്ചുവെക്കുകയാണെങ്കിൽ, അത് ഓരോ സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന് കാര്യത്തിൽ സംശയം വേണ്ട.
ശത്രു ആത്മവിശ്വാസത്തോടെ സദാ സജ്ജരാണ്
ഫാഷിസ്റ്റ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായ സാഹചര്യത്തിലും ഉന്നത നീതിപീഠങ്ങൾ വാലും തലയുമില്ലാത്ത വിധികളാവർത്തിക്കുകയാണ്. നമ്മൾ ഉയർത്തിപ്പിടിക്കുന്ന നിയമഗ്രന്ഥങ്ങൾ നമുക്ക് സംരക്ഷണമല്ല, മറിച്ച് നമ്മുടെ മജ്ജയും മാംസവും ഊറ്റിയെടുക്കുന്നവർക്ക്, നമ്മുടെ ചോരയൂറ്റുന്ന കുളയട്ടകൾക്കൊപ്പം നിന്ന് മർദ്ദിതന്റെ സർവ്വസ്വവും കവർന്നെടുക്കുന്നവർക്ക് സംരക്ഷണമൊരുക്കുകയാണ് ചെയ്യുന്നത് എന്നതും അനുഭവമാണ്.
ലോകത്തിൽ വച്ചേറ്റവും വലിയ ഭീകര സംഘടനയായ ആർ.എസ്.എസിന് അടിമുടി ആയുധമണിഞ്ഞ എന്തിനുംപോന്ന ഒരു അക്രമി സംഘം സദാ സജ്ജരായുണ്ട്. ഭരണകൂടത്തിന്റെ എല്ലാ മെഷിനറികളും മർദ്ദനോപാദികളും അവർക്കൊപ്പമാണ്. അവർ യാതൊരു ഭയവും കൂടാതെ ഹിന്ദു രാഷ്ട്രത്തിന്റെ പണിപ്പുരയിൽ വ്യാപൃതരാണ്.
“ചിരിക്കുന്നവർ പേടിപ്പെടുത്തുന്ന വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളൂ, ഗുജറാത്ത് ഓർമ്മയില്ലേ ? ഗുജറാത്ത് ആവർത്തിക്കും…” സമീപകാലത്ത് കേരളത്തിന്റെയും തെരുവുകളിൽ സംഘ് പരിവാർ ഉയർത്തിയ ആക്രോശങ്ങളാണ് ഇവ. എത്ര ധൈര്യത്തോടെയാണ് കേരളത്തിലും സംഘ് പരിവാർ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നത്, വളരെ ആത്മവിശ്വാസത്തിലാണവർ !
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു ഐക്യപ്പെടണം
ദേശീയ പൗരത്വ ദേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ “തുക്കടേ തുക്കടേ ഗ്യാങ്ങ് ” എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. വളരെ എളുപ്പത്തിൽ അടിച്ചൊതുക്കാം എന്നാണ് അതിന്റെ ധ്വനി. യു പിയിലും കർണ്ണാടകയിലും അവർ അത് പരീക്ഷിക്കുകയും ചെയ്തു.
അതേസമയം, സ്വാതന്ത്ര്യ സമര കാലഘട്ടത്തിലേതുപോലെ ഈ ചെറിയ ചെറിയ ഗ്യാങ്ങിനെ ഒരൊറ്റ ചരടിൽ കോർത്ത് ഇന്ത്യയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഒരു chain പോലെ പ്രക്ഷോഭങ്ങളെ കോർത്തിണക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല, ആരും ശ്രമിച്ചിട്ടുമില്ല. മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങൾ അതിന് ശ്രമിക്കില്ല. കാരണം, ഭൂരിപക്ഷ ഹിന്ദു വോട്ടിലാണ് അവരുടെ കണ്ണ്.
ഭരണവര്‍ഗ പാര്‍ട്ടികളുടെ ഈ കാപട്യം തിരിച്ചറിഞ്ഞ് പുരോഗമന ജനാധിപത്യ വിപ്ലവ പ്രസ്ഥാനങ്ങളും, മുസ്‌ലിം – ദലിത് – ആദിവാസി സംഘടനകളും അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു ഐക്യപ്പെടണം. മര്‍ദ്ദിതര്‍ എല്ലാവരും കൈകോർത്തുകൊണ്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളെയെല്ലാം ക്രോഡീകരിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്താനും സാധിക്കൂ.
ലക്ഷ്യമെന്താകണം ?
മുസ്‌ലിമിനെയും ക്രിസ്ത്യാനിയെയും കമ്മ്യൂണിസ്റ്റിനെയും അവരെ പിന്തുണക്കുന്നവരെയും ശത്രുക്കളായി പ്രഖ്യാപിച്ച ആര്‍.എസ്.എസിന്‍റെ വംശഹത്യാ പദ്ധതികള്‍ എല്ലാം തന്നെ ഇല്ലായ്മ ചെയ്യും വരെ നിരന്തരമായ പോരാട്ടമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഓരോ മര്‍ദ്ദിത വിഭാഗത്തെയും പിന്നോക്കാവസ്ഥയില്‍ നിര്‍ത്തുകയും അപരനാക്കുകയും ചെയ്യുന്ന മനുസ്മൃതി അടിസ്ഥാനമായുള്ള ജാതിവ്യവസ്ഥയെയും ബ്രാഹ്മണ ഹിന്ദുത്വ ഫാഷിസത്തെയും പൂര്‍ണ്ണമായും തകര്‍ക്കുകയാവണം ലക്ഷ്യം. എല്ലാ ഫ്യൂഡൽ കോർപ്പറേറ്റ് മൂലധനബന്ധങ്ങളെയും അവസാനിപ്പിക്കണം. പ്രധാനമായും മര്‍ദ്ദിത വിഭാഗങ്ങളെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന, ആരെയും പുറംതള്ളാത്ത, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും പുതിയ ഒരു ജനാധിപത്യ സമൂഹത്തെയാണ് വിപ്ലവാനന്തരം കെട്ടിപ്പടുക്കേണ്ടത്.
ഇത് അടിച്ചമര്‍ത്തലിന്‍റെ കാലമാണെങ്കില്‍ ഇത് ചെറുത്തുനില്‍പ്പിന്‍റെയും കാലമാണ്…
_ അനിൽ കുമാർ ടി എസ്