മുസ്‌ലിങ്ങൾക്കും അവരുടെ ലോകവീക്ഷണം ഉയർത്തിപ്പിടിക്കാൻ അവകാശമുണ്ട്‌

മാതൃകകൾ മനുഷ്യന്റ ലോകവീക്ഷണത്തെ കരുപ്പിടിപ്പിക്കുന്നു. ചിലർക്കത് ദേശീയതയാണ്, മറ്റു ചിലർക്ക് ഒരിക്കലും വന്നിട്ടില്ലാത്ത, വരാനിടയുള്ള സുവർണ കാലവും. ഇന്ത്യൻ ദേശീയത രൂപപ്പെട്ടതിന് സമാന്തരമായി കേരളത്തിലും ഒരു സുവർണ കാല ചിന്ത സവർണ ഹിന്ദു സമൂഹത്തിൽ രൂപംകൊണ്ടിരുന്നു. ഒരു പരിധി വരെ സവർണേതരായവരും ഇതേ മാതൃക ഉയർത്തിപ്പിടിച്ചു. ഓണവും മറ്റും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ ചില ദലിത് വിഭാഗങ്ങൾക്കും കർണാടകയിലെ പഴയ ദലിത് മുന്നേറ്റങ്ങൾക്കും അവരവരുടേതായ സുവർണകാല മാതൃകകളുണ്ടായിരുന്നു.

1930 കളിൽ ഈഴവർ, ഈഴവ ദേശീയതയെ കുറിച്ചുള്ള ആലോചനകൾ വച്ചിരുന്നു. അതിന് ഇന്ത്യയുടെ പോലും അതിരുകൾ ബാധകമായിരുന്നില്ല. സി വിയും മറ്റും അത് ഉയർത്തിപ്പിടിച്ചു. ഒരു കോടി ഈഴവരെന്ന ഒരു ലേഖനമുണ്ട് സി വിയുടെ. ഇന്ത്യ സ്വതന്ത്രമായിട്ടും ഇന്ത്യയിൽ ചേരാൻ എസ്.എൻ.ഡി.പി ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല എന്ന് നാം ഓർക്കണം.

കമ്യൂണിസ്റ്റ് പാർട്ടിക്കാവട്ടെ ഒരു രാഷ്ട്ര സങ്കല്പം തുടക്കം മുതലേ ഉണ്ടായിരുന്നു. അത് പലപ്പോഴും ബലപ്രയോഗത്തെയാണ് മുന്നിൽ വച്ചത്. പിൽക്കാലത്ത് നക്സലൈറ്റുകളും ഇപ്പോൾ മാവോവാദികളും അത് മുന്നോട്ട് കൊണ്ടു പോകുന്നു.

സ്വന്തം രാഷ്ട്ര സങ്കല്പം കൈവശമുള്ളവർ പലരും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യാറുണ്ട്. ഉദാഹരണം സി.പി.എം തന്നെ. കോൺഗ്രസ്സിന്റെ രാമരാജ്യ സങ്കല്പം കരുപ്പിടിപ്പിച്ചത് ഗാന്ധി തന്നെയാണ്. തീർച്ചയായും മുസ്‌ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും സ്വന്തം രാഷ്ട്ര/ സുവർണകാല സങ്കല്പങ്ങളുണ്ട്. ക്രിസ്ത്യാനികളുടേത് ദൈവരാജ്യമാണ്. അവരുടെ പ്രാർത്ഥനയുടെ ഭാഗമാണത്. ജൂതർക്കും അതുണ്ടായിരുന്നു.

ഈ മാതൃകകൾ അവരിൽ ഓരോരുത്തരേയും ആവേശം കൊള്ളിക്കുന്നു. അവരുടെ വർത്തമാനകാല ചിന്തകളെ കരുപ്പിടിപ്പിക്കുന്നു. ഈ മാതൃകകൾ നിലവിലുള്ള സമൂഹത്തിന്റെ ജനാധിപത്യവൽക്കരത്തെ ഏതൊക്കെ അളവ് വരെ ഗുണപരമായി സ്വാധീനിക്കും എന്നതാണ് പ്രധാനം. ഈ മാതൃകകൾ സ്ഥിരരാശിയല്ലെന്നും മനസ്സിലാക്കണം. കാലികമായി അതാൽ നിരവധി മാറ്റങ്ങൾ സാധ്യമാണ്. മാർക്സിസ്റ്റുകൾ അവരുടെ കേന്ദ്രങ്ങളെ മോസ്കോ എന്ന് പേരിട്ടു വിളിച്ചിരുന്നു. നക്സലുകൾ യെനാൻ എന്നും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ സ്വാതന്ത്ര്യാനന്തരം മിനി പാകിസ്താനെന്നാണ് പുരോഗമന കാരികൾ പോലും വിളിച്ചിരുന്നത്.

എല്ലാ മാതൃകകളെയും സ്വീകരിക്കുന്ന സെക്കുലർ ബോധം പക്ഷേ, മുസ്‌ലിം മാതൃകകളോട് വല്ലാത്ത ഭീതി സൂക്ഷിക്കാറുണ്ട്. അത് വംശീയ ഭീതിയുടെ ഭാഗമാണെന്നു മാത്രമേ കരുതാനാവൂ. സ്വന്തമായ ഒരു രാഷ്ട്രചിന്ത വെച്ചു പുലർത്തുന്നു എന്നതല്ല സംഘപരിവാറിന്റെ പ്രശ്നം മറിച്ച് അത് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു എന്നതാണ്. ഒരു പൊതു പരിപാടിയിൽ ഇൻക്വിലാബ് വിളിക്കുന്ന കമ്യൂണിസ്റ്റുകാരനും കോൺഗ്രസ്കാരനും എത്ര വ്യത്യസ്ത അർത്ഥങ്ങളാണ് അതിന് കൊടുക്കുന്നത്. എന്നിട്ടും അവർക്ക് സഹവർത്തിത്വം സാധ്യമാണ്. അല്ലാഹുവിന്റെ ദൈവിക രാജ്യത്തെ സ്വപ്നം കാണുന്ന ചിന്ത വർത്തമാന ലോകത്തെ ജനാധിപത്യവൽക്കരിക്കുന്നിടത്തോളം ഞാനതുമായി രമ്യതയിലാണ്. എവിടെയെങ്കിലും അത് സംഘർഷത്തിലായാൽ ആ സംഘർഷത്തിൽ ഞാൻ നീതിയുടെ പക്ഷം പിടിക്കും. മുസ്‌ലിങ്ങളോടു മാത്രമല്ല ആരോടും.

സി.പി.എം ഭരണഘടനയും ഇന്ത്യൻ ഭരണഘടനയും യോജിച്ചു പോകുമോ എന്ന് നിയമദൃഷ്ട്യാ പരിശോധിച്ചാൽ കുഴങ്ങിപ്പോവുകയേ ഉള്ളു. സി.പി.എം പരിപാടി അനുസരിച്ച് ജനകീയ ജനാധിപത്യത്തെയാണ് അവർ അംഗീകരിക്കുന്നത്.

സ്വന്തം കക്ഷിക്കുവേണ്ടി വാദിക്കുന്ന വക്കീൽ യുക്തിയെ കുറിച്ച് എംഗൽസ് പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയിൽ പറയുന്നുണ്ട്. ഇത്തരമൊരു വക്കീൽയുക്തിയാണ് പല കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും വച്ച് പുലർത്തുന്നത്. അത് മാറണം. നിയമബുദ്ധിയുടെ സ്ഥാനത്ത് രാഷ്ടീയ ചിന്ത പകരം വെക്കണം. അതാണ് പ്രധാനം.
_ ബി എസ് ബാബുരാജ്

Leave a Reply