യൂണിവേഴ്സിറ്റി കോളേജിനെ കാല്‍പനികവത്ക്കരിക്കാനൊന്നും ഞാനില്ല
അന്നും ഇന്നും നിലനിന്നത് മാച്ചോ സംസ്കാരമാണ്, അന്നത്തെ അപേക്ഷിച്ച് ഇന്ന് പൊതുവേ ജനാധിപത്യം ശുഷ്ക്കമായതുകൊണ്ട് ആ മാച്ചോ ഇന്ന് കൂടുതൽ ഹിംസാത്മകവും സംസ്കാരശൂന്യവുമായി മാറിയിരിക്കുന്നു……
ജെ ദേവിക
കേരളത്തിൽ കലാലയങ്ങളിലും പുറത്തും സാധാരണമായിത്തീർന്നിരിക്കുന്ന ദൈനംദിന ഹിംസയോട് എങ്ങനെ പ്രതികരിക്കാം എന്നാണ് കഴിഞ്ഞ കുറച്ചു ദിവസമായി എൻറെ ആലോചന. 1980കളിലെ യൂണിവേഴ്സിറ്റി കോളേജിനെ കാല്‍പനികവത്ക്കരിക്കാനൊന്നും ഞാനില്ല. കലയും സാഹിത്യവും എല്ലാം അന്ന് അവിടെയുണ്ടായിരുന്നു എന്നതു ശരിതന്നെ. പക്ഷേ കേരളത്തിൽ അതൊക്കെ പൊതുവേ ഉണ്ടായിരുന്നു അന്ന്. എനിക്ക് അടുപ്പവും സ്നേഹവുമുള്ള നിരവധിപ്പേർ അവിടെ ഉണ്ടായിരുന്നുവെന്നും സത്യം തന്നെ. പക്ഷേ അവരെല്ലാം വിഷമയമായ മാച്ചോ സംസ്കാരത്തിന് അതീതരായിരുന്നുവെന്നൊന്നും പറയാനാവില്ല.
ആ കലാലയത്തിൽ സുഹൃത്തുക്കൾ ഉണ്ടായതുതന്നെ അവിടുത്തെ ഇടതുയൂണിയനിലെ വൈസ് പ്രസിഡൻറായ AISFകാരിയെ മറ്റൊരു അംഗം കത്തികാട്ടി ഭീഷണിപ്പെടുത്തിയത് ചോദിക്കാൻ മുതിർന്നപ്പോഴാണ്. അന്ന് ചോദിക്കാൻ നീയൊക്കെ ആരാടീ ബൂർഷ്വാ എന്നു തന്നെയായിരുന്നു എസ്.എഫ്.ഐ സിംഹങ്ങളുടെ ആദ്യ പ്രതികരണം. ഭാഗ്യത്തിന് അവരുടെ സുഹൃത്തും മാൻപേടയെപ്പോലെ ശാന്തസ്വഭാവിയും ബൂർഷ്വാവേരുകൾ തീരെ ഇല്ലാത്തവളുമായ ആലീസ് ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ രമ്യമായി പരിഹരിച്ചു എന്നു മാത്രമല്ല, അവിടുള്ള സിംഹങ്ങളോടു സൌഹൃദവും ഉണ്ടായി.
അന്നത്തെ മാച്ചോ എന്നതിൽ ബുദ്ധിജീവി മേമ്പൊടി കൂടിയുണ്ടായിരുന്നതുകൊണ്ട് ഇത്രയും ഹിംസാത്മകമല്ലായിരുന്നെന്നു മാത്രം. തെറ്റു ചെയ്തവരായ വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു തീർച്ച. എങ്കിലും അന്നും ഇന്നും നിലനിന്നത് മാച്ചോ സംസ്കാരമാണെന്നും, അന്നത്തെ അപേക്ഷിച്ച് ഇന്ന് പൊതുവേ ജനാധിപത്യം ശുഷ്ക്കമായതുകൊണ്ട് ആ മാച്ചോ ഇന്ന് കൂടുതൽ ഹിംസാത്മകവും സംസ്കാരശൂന്യവുമായി മാറിയിരിക്കുന്നുവെന്നും കാണേണ്ടതുണ്ട്.
അന്ന് സ്ത്രീകൾക്ക് ഈ സംഘങ്ങളിൽ കൂടുതൽ ഇടമുണ്ടായിരുന്നെന്നും പറയാനാവില്ല. ആ കാലത്തെ ആത്മവിമർശനപരമായി അല്ലാതെ നോക്കിക്കാണാനാവില്ല. അന്നത്തെ മാച്ചോയോട് കുറേയൊക്കെ സന്ധിചെയ്തതുകൊണ്ടുതന്നെയാണ് അന്നത്തെ സൌഹൃദങ്ങൾ സാദ്ധ്യമായിരുന്നത്.
ആ സംസ്കാരത്തെ അടിയോടെ പിഴുതെറിയാനുള്ള അവസരമായി ഇതിനെ ഇടതുവിദ്യാർത്ഥികൾ കാണേണ്ടതുണ്ട്. ഇന്ന് കലാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്നത് ഒരു കാര്യം. അതിലുപരി, ഇന്നത്തെ ഹിന്ദുത്വവാദവലതുപക്ഷത്തെ ചെറുത്തുതോൽപിക്കാൻ ശക്തിയുള്ള ബദൽ ഇടതു ധാർമ്മികത ഉണ്ടായേ തീരൂ. കാംപസ് ഫ്രണ്ടിനെ ചൂണ്ടിക്കാട്ടി ദേ ഞങ്ങളെക്കാൾ ഭയങ്കരന്മാർ എന്നു പറയുന്നതു കൊണ്ട് അതുണ്ടാവില്ല. ആ സംഘടനയോട് മുസ്ലിംഭീതി കൈവെടിഞ്ഞ് തുറന്ന സംവാദവും ഒരുമിച്ചു പ്രവർത്തിക്കാനുള്ള സാദ്ധ്യതകളും വിയോജിപ്പുകളെ അക്രമരഹിതമായി കൈകാര്യം ചെയ്യാനുള്ള വഴികളും കണ്ടെത്തിയേ തീരൂ.
അതിനാദ്യം വേണ്ടത് ആത്മാർത്ഥതയുള്ള സൌഹൃദങ്ങളാണ്. ഒരുപക്ഷേ പഴയ യൂണിവേഴ്സിറ്റി കോളേജിൽ ആ സാദ്ധ്യത ഉണ്ടായിരുന്നു കടുത്ത വിയോജിപ്പുകൾക്കിടയിലും, അധികവും ഇടതുരാഷ്ട്രീയത്തിനുള്ളിൽ മാത്രമെങ്കിലും. ഇന്ന് അവ പുറത്തേയ്ക്കും വേണ്ടിയിരിക്കുന്നു. മുസ്ലിം രാഷ്ട്രീയത്തിലേർപ്പെട്ടിരിക്കുന്നവരെ ദേശീയസുരക്ഷാ ഭരണകൂടത്തിന്‍റെ ഹിംസാത്മകദൃഷ്ടിയിലൂടെയല്ലാതെ നോക്കിക്കാണാനാകുമോ നിങ്ങൾക്ക് ? ലിംഗ-ലൈംഗിക നിലപാടുകളിൽ സാമൂഹ്യപരിഷ്ക്കർത്താക്കളുടെ അധികാരപൂരിത മേൽക്കൈ ഉപേക്ഷിച്ച് സ്ത്രീകളുടെയും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ശബ്ദങ്ങളെ ബഹുമാനത്തോടെ കേൾക്കാൻ നിങ്ങൾ തയ്യാറുണ്ടോ ? കാംപസുകളിൽ സസ്യജാലത്തോടും പ്രാണിലോകത്തോടും കരുണയും സ്നേഹവും കാട്ടുന്ന പുതിയ ധാർമ്മികതയുടെ വാഹകരാകാൻ നിങ്ങൾക്കു കഴിയുമോ? എങ്കിൽ നിങ്ങൾ പ്രതീക്ഷ നൽകുന്നവരാകും, ചരിത്രത്തിൻറെ ഭാഗമാകും. അല്ലെങ്കിലോ. ഇന്നത്തെ ജീർണത മാത്രമാകും നിങ്ങൾ.