ഭയം വാഴുന്ന ഇടമായി കേരളം മാറിക്കൊണ്ടിരിക്കുന്നു

സഹപാഠി ക്രൂരമായി മർദ്ദിക്കപ്പെട്ട് കൊല ചെയ്യപ്പെടുമ്പോൾ അരുത്, എന്നു പറയാനാവാതിരുന്ന ഒരു സർവകലാശാല പോലെ നിസംഗമായ ഒരു വലിയ കാമ്പസ് ആയി നമ്മുടെ സംസ്ഥാനം മാറാനിടയുണ്ടെന്ന് ഞങ്ങൾ ഭയക്കുന്നു…

സിദ്ധാർത്ഥിന്റെ മരണം: ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം
_ സംസ്കാരിക പ്രവർത്തക കൂട്ടായ്മ

പൂക്കോട് വെറ്ററിനറി കാമ്പസിൽ നടന്ന അതിക്രൂരവും മനുഷ്യത്വരഹിതവുമായ സംഭവങ്ങളിൽ ഞങ്ങൾ ദുഃഖവും അമർഷവും രേഖപ്പെടുത്തുന്നു. ഭയം വാഴുന്ന ഒരു ഇടമായി നമ്മുടെ കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഞങ്ങൾ ദു:ഖത്തോടെ മനസ്സിലാക്കുന്നു. അതിശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുയർന്നു വരുന്നില്ലെങ്കിൽ സഹപാഠി ക്രൂരമായി മർദ്ദിക്കപ്പെട്ട് കൊല ചെയ്യപ്പെടുമ്പോൾ അരുത്, എന്നു പറയാനാവാതിരുന്ന ഒരു സർവകലാശാല പോലെ നിസംഗമായ ഒരു വലിയ കാമ്പസ് ആയി നമ്മുടെ സംസ്ഥാനം മാറാനിടയുണ്ടെന്ന് ഞങ്ങൾ ഭയക്കുന്നു.

രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ക്രൂരമായ ആൾക്കൂട്ട വിചാരണയുടെ അനന്തരഫലമായ ഈ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും അനാസ്ഥ പുലർത്തിയ കോളജ് അധികൃതരേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും നീതി നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരിലും ഈ കൊടിയ പാപത്തിൻ്റെ രക്തക്കറകളുണ്ടാവുമെന്നും കാലം അവരെ കുറ്റവിചാരണ ചെയ്യുമെന്നും ഞങ്ങളോർമിപ്പിക്കുന്നു. കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയജാഗ്രതയുടെയും ജനാധിപത്യത്തിൻ്റെയും സർഗാത്മകമായ പരിശീലനക്കളരികളാകുന്നതിനു പകരം അക്രമരാഷ്ട്രീയത്തിൻ്റെയും അസഹിഷ്ണുതയുടെയും പരിശീലനകേന്ദ്രങ്ങളാവുന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു.

ഇനിയും ഇത്തരം അരും കൊലകൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത നമ്മൾ വച്ചു പുലർത്തേണ്ടതുണ്ടെന്നും വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനങ്ങളെ നൈതികതയുടെ പ്രകാശം കൊണ്ട് മാനവികമാക്കാനുള്ള ഉത്തരവാദിത്വം കേരളീയ യുവത ഏറ്റെടുക്കണമെന്നും ഞങ്ങൾ ആഹ്വാനംചെയ്യുന്നു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പു വരുത്തണമെന്നും സിദ്ധാർത്ഥിനും മാതാപിതാക്കൾക്കും നീതി ലഭിക്കണമെന്നും സാമൂഹ്യ-സാംസ്കാരികപ്രവർത്തകരുടെ ഈകൂട്ടായ്മ ആവശ്യപ്പെടുന്നു.

കെ. ജി ശങ്കരപ്പിള്ള, ഡോ. പി വി കൃഷ്ണൻ നായർ, കൽപറ്റ നാരായണൻ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ.കെ അരവിന്ദാക്ഷൻ, സിആർ നീലകണ്ഠൻ, അഷ്ടമൂർത്തി, പി.സുരേന്ദ്രൻ, ആനന്ദ് നീലകണ്ഠൻ, സുധ മേനോൻ, എം പി സുരേന്ദ്രൻ, പി എൻ ഗോപീകൃഷ്ണൻ, കുസുമം ജോസഫ്, ദാമോദർ പ്രസാദ്, വി. ജി തമ്പി, കെ. ഗിരീഷ്കുമാർ, സി. പി രാജേന്ദ്രൻ, ഐ ഗോപിനാഥ്, റോസി തമ്പി, ഡോ.  സ്മിത പി കുമാർ, ഡോ. സോയ ജോസഫ്, അഗസ്റ്റിൻ കുട്ടനെല്ലൂർ, ഡോ. വിനോദ് ചന്ദ്രൻ, ഡോ. അരുൺ കരിപ്പാൽ, സജീവൻ അന്തിക്കാട്, കെ ജെ ജോണി, വി എസ് ഗിരീശൻ, ഡോ കെ എൻ സുനന്ദൻ, അഡ്വ. ആശ ഉണ്ണിത്താൻ, കുഞ്ഞുണ്ണി സജീവ്, മധു എൻ എസ്, ബെറ്റിമോൾ മാത്യു, ടി . ആർ ഹരിപ്രിയ, വിനോദ് കോട്ടയിൽ, ജോമി പി എൽ, സരിത മോഹനന്‍ ഭാമ, കെ ടി റാംമോഹൻ, എം  സുചിത്ര, അംബിക  പി, ജോളി ചിറയത്ത്, ഷൈന പി. എ.

Follow us on | Facebook | Instagram Telegram | Twitter | Threads