വെര്‍ണനോട് ജഡ്ജി ചോദിച്ചത് ടോൾസ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസിനെ കുറിച്ചല്ല

ടോൾസ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസ്’ എന്ന പുസ്തകം എന്തിനാണ് വീട്ടിൽ സൂക്ഷിക്കുന്നത് എന്ന് മുബൈ കോടതി മനുഷ്യാവകാശ പ്രവർത്തകൻ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട കേസിൽ ജഡ്ജി ചോദിച്ചതായി തെറ്റായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയയിൽ പരന്നു കൊണ്ടിരിക്കുന്നുണ്ട്. കോടതി ഉദ്ദേശിച്ചത് ‘വാര്‍ ആന്‍ഡ് പീസ് ഇന്‍ ജംഗല്‍മഹല്‍’ എന്ന ബിശ്വജിത് റോയ് എഡിറ്റ്‌ ചെയ്ത പുസ്തകമാണ്.

പക്ഷെ റിപ്പോർട്ടർ തെറ്റിദ്ധരിച്ചത് ടോൾസ്റ്റോയിയുടെ ‘വാര്‍ ആന്‍ഡ് പീസ്’ ആണെന്ന്. അങ്ങനെ തെറ്റിദ്ധരിക്കാനുള്ള വകുപ്പൊക്കെ പല UAPA കേസുകളിലും കോടതികൾ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.

ഹുബ്ളി കേസിൽ പ്രതിയാക്കപ്പെട്ട് പിന്നീട് നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ച യഹ്യ കമ്മുക്കുട്ടിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയതിൽ ജിബ്രാന്‍റെ ‘പ്രവാചകൻ’ ഉണ്ടായിരുന്നു.

അനാഥ ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം കെട്ടിയേല്‍പ്പിക്കപ്പെട്ടു ഇപ്പോഴും തടവറകളിൽ കഴിയുന്ന പല തടവുകാർക്കെതിരായുമുള്ള തെളിവുകളിൽ മഹാരാഷ്ട്രാ പോലീസ് മുൻ ഐജി എസ് എം മുശ്‌രിഫ്‌ എഴുതിയ ‘ഹൂ കില്‍ഡ് കര്‍ക്കരെ’ ഉണ്ടായിരുന്നു.

എന്തായാലും ഇപ്പ്രാവശ്യം കോടതി നടപടികൾ തെറ്റായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല കോടതി പറയാത്തത് റിപ്പോർട്ടിൽ എഴുതി വെച്ചിരിക്കുന്നു എന്ന് കൂടി കോടതി ഇന്നത്തെ വാദം കേൾക്കലിനിടയിൽ പറഞ്ഞു.
_ അഡ്വ സി അഹമ്മദ് ഫായിസ്

Leave a Reply