വാളയാര്‍ കേസ്; മുഖ്യമന്ത്രിക്ക് പൊതുപ്രവര്‍ത്തകര്‍ അയച്ച പരാതി
വാളയാറിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടികളുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊതുപ്രവര്‍കര്‍ അയച്ച പരാതിയില്‍ പറയുന്നു. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ഇളയ സഹോദരനെ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് മാറ്റാൻ പൊലീസ് നിർബന്ധം ചെലുത്തുന്നു. ആദ്യം സുരക്ഷയുടെ പേരിലും, പിന്നീട് പഠന സൗകര്യങ്ങളുടെ പേരിലും കുട്ടിയെ വീട്ടുകാരുടെ എതിർപ്പിനെ മാനിക്കാതെ ബലമായി വീട്ടിൽ നിന്നും മാറ്റാനാണ് പൊലീസ് ശാഠ്യം പിടിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
മുൻപ് രണ്ടു തവണ ഹോസ്റ്റലിൽ വെച്ച് ഈ കുട്ടി പുറത്തു നിന്നുള്ള ആളുകളുടെ ആക്രമണ ശ്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. കോവിഡ്-19ന്റെ സാഹചര്യത്തിൽ സ്കൂളുകളും ഹോസ്റ്റലുകളും അടച്ചിരിക്കെ, കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റണമെന്ന പൊലീസ് ശാഠ്യം കുട്ടിയുടെ ജീവൻ വെച്ച് വിലപേശി അമ്മയെക്കൊണ്ട് സോജനെതിരെയുള്ള ഹർജി പിൻവലിപ്പിക്കാനുള്ള പൊലീസ് തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, പരാതിയില്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെ ഈ നീക്കത്തെ തടയണമെന്നും പെൺകുട്ടികളുടെ സഹോദരനും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
“വാളയാറിൽ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് ശേഷം രണ്ടു ദലിത് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും പോക്സോ കോടതി വെറുതെ വിട്ടതിനെ തുടർന്ന് നൽകിയ അപ്പീലിൽ , ഈ കേസിൽ നടന്ന പൊലീസ് അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും ശരിയായ നിലയിലായിരുന്നില്ലന്ന് താങ്കളുടെ സർക്കാർ സത്യവാങ്മൂലം നൽകിയപ്പോൾ , ശരിയായ അന്വേഷണത്തിന് വഴിയൊരുക്കി വാളയാർ കുരുന്നുകൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.
എന്നാൽ, കേസ് അട്ടിമറിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമേൽ നടന്ന ലൈംഗിക അതിക്രമങ്ങളെ ഉഭയ സമ്മതത്തോടെയുള്ള വേഴ്ചയായി മാധ്യമങ്ങളിൽ പരസ്യമായി അവതരിപ്പിക്കുകയും ചെയ്ത DYSP സോജനെതിരെ നടപടിയെടുക്കാതെ സർക്കാർ അയാളെ സംരക്ഷിക്കുകയും ചെയ്തതു വഴി വാളയാർ കുരുന്നുകൾക്ക് വീണ്ടും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമായപ്പോഴാണ് ജനാധിപത്യ ശക്തികൾ വാളയാർ കുരുന്നുകളുടെ നീതിക്ക് വേണ്ടി തെരുവിലിറങ്ങിയത് .
DYSP സോജനെ സർവ്വീസിൽ നിന്നും പുറത്താക്കി കൊലക്കുറ്റം ചാർജ് ചെയ്ത് കേസെടുക്കണമെന്നും , ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജനമുന്നേറ്റത്തിൽ കേരളത്തിലെ നാനാ തുറകളിൽ നിന്നും വലിയ പിന്തുണയാണുണ്ടായത് .
അടച്ചുറപ്പുള്ള വീടോ മതിയായ ജീവിത സാഹചര്യങ്ങളോ ഇല്ലാതെ ഭൂമിയും അധികാര പങ്കാളിത്തവും നിഷേധിക്കപ്പെട്ട് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതലും ഇരകളാകുന്നത്. പൊലീസ് കസ്റ്റഡിയിൽ കൊല ചെയ്യപ്പെടുന്നവരിലും ഏറെയും ഈ വിഭാഗങ്ങൾ തന്നെയാണ്. എന്നാൽ, ആർക്കും നീതി നിഷേധിക്കപ്പെടില്ലന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നുമുള്ള വാഗ്ദാനവുമായി അധികാരത്തിൽ വന്ന താങ്കളുടെ സർക്കാർ Dysp സോജനെ സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനു പകരം SP ആയി സ്ഥാനക്കയറ്റം നൽകിയതു വഴി ജാതിവെറിയോടെ പ്രവർത്തിക്കുന്ന പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിനെന്ന് വ്യക്തമാക്കുകയാണുണ്ടായത് . ഈ സാഹചര്യത്തിലാണ് DYSP സോജനെതിരെ വാളയാർകുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. ഇതിന്റെ പേരിലുള്ള പ്രതികാര നടപടികളാണ് താങ്കളുടെ പൊലീസ് വാളയാറിലെ നീതി നിഷേധിക്കപ്പെട്ട ദലിത് കുടുംബത്തോട് കാണിക്കുന്നത്.” മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു.
ജസ്റ്റിസ് കമാൽ പാഷ, ജസ്റ്റിസ് ഷംസുദ്ദീൻ, പൊഫ.സാറ ജോസഫ്, കൽപ്പറ്റ നാരായണൻ, കെ ജി എസ്, ഗോപീകൃഷ്ണൻ, എം.എൻ.കാരശ്ശേരി, ഡോ.ആസാദ്, സി ആർ നീലകണ്ഠൻ, ഡോ.പി.ജെ.ജെയിംസ്, കെ.അജിത, ഗോമതി മുന്നാർ, എം കെ ദാസൻ. കടക്കാമൺ മോഹൻദാസ്, ഫെലിക്സ് പുല്ലൂടൻ, അഡ്വ.പി ജെ മാനുവൽ, അഡ്വ.പി എ പൗരൻ, കബീർ കട്ലാറ്റ്, ഹാഷിം ചെന്നാംമ്പള്ളി, ഫാ. അഗസ്റ്റിൻ വട്ടോലി, കെ എം ഷാജഹാൻ, വി.എം.മാർസൻ, പ്രസാദ് സോമരാജൻ, പി.എ.പ്രേംബാബു, വി.പി.സുഹറ, അമ്മിണി വയനാട്, സരോജിനി, ബിജു വി ജേക്കബ്, ഷാജഹാൻ അബ്ദുൾഖാദർ, രാഹുൽ ചെറുകാട്ട്, ഷീജ എം, യേശുദാസൻ തിരുവനന്തപുരം, ദേവകി അന്തർജ്ജനം, സുരേന്ദ്രകുമാർ, മാഹേശ്വരൻ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, അനിതാഷിനു, ഇഗ്നേഷ്യസ് റോബർട്ട്, ബൈജു ക്ലീറ്റസ്, Adv.ശങ്കരൻ ചന്ദ്രോത്ത്, ബൈജു രവീന്ദ്രൻ, സജികുമാർ, സന്ദീപ്.T S, അനീഷ് കുമാർ VK, അജിത പുലരി, വിനോദ് കുമാർ രാമന്തളി, അനീഷ്, വിൻസൻ്റ് ജോസഫ്, G. പ്രസാദ്, അരുൺ കൊടുങ്ങല്ലൂർ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.