ഗംഗയാണ് ഇന്ന് ശവവണ്ടി

പാരുൾ ഖാക്കർ എഴുതിയ
Shabvahini Ganga എന്ന ഗുജറാത്തി കവിത.
ചര്‍ച്ചാവിഷയമായ കവിതയുടെ
ഇംഗ്ലീഷ്, ഹിന്ദി വിവര്‍ത്തനങ്ങള്‍
“ദി വയര്‍” പ്രസിദ്ധീകരിച്ചു.

നരേന്ദ്ര മോദിയെ നഗ്നനായ രാജാവ്
എന്ന് വിളിക്കുന്ന കവിത
ബിജെപി ഐടി സെല്ലിന്‍റെ
രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടയാക്കി.

പാരുൾ ഖാക്കറിന്റെ
പൊളിറ്റിക്കല്‍ സറ്റയറിന്
മലയാളം പരിഭാഷ_ കെ മുരളി

ശവങ്ങൾക്കെല്ലാം ഒന്നേ പറയാനുള്ളു, “എല്ലാം ശുഭം, എല്ലാം നല്ലതിന്.”
പ്രഭോ, അങ്ങയുടെ രാമരാജ്യത്ത് ഗംഗയാണ് ഇന്ന് ശവവണ്ടി
പ്രഭോ, ചുടുകാടുകൾ തികയുന്നില്ല; ചിതയൊരുക്കാൻ വിറകും പോര
പ്രഭോ, ശവം ചുമക്കാൻ ആളെ കിട്ടാനില്ല, വിലപിക്കാനും ആള് പോര
പ്രഭോ, വീടായ വീട്ടിലെല്ലാം യമനൃത്തം
പ്രഭോ, അങ്ങയുടെ രാമരാജ്യത്ത് ഇന്ന് ഗംഗയാണ് ശവവണ്ടി
പ്രഭോ, പുക തുപ്പുന്ന ചിമ്മനികൾപോലും വിശ്രമത്തിനായ് കേഴുന്നു
പ്രഭോ, ഞങ്ങളുടെ കൈവളകൾ പൊടിഞ്ഞു ചിതറി, ഇടനെഞ്ച് തക‍ർന്നു
നഗരങ്ങൾ കത്തിയമരുമ്പോഴാണ്‌ വീണവായന, “വാ ബില്ല-രംഗ”
പ്രഭോ, അങ്ങയുടെ രാമരാജ്യത്തെ ശവവണ്ടിയാണ് ഇന്ന് ഗംഗ
പ്രഭോ, അങ്ങയുടെ ഉടയാടകൾ ദിവ്യം, ദിവ്യമാണ ആ തേജസ്
സത്യം പക്ഷെ ഇന്ന് അറിയുന്നു, അത് രത്നമല്ല വെറും കല്ല്‌,
ചുണയുള്ളവരാരാനുമുണ്ടങ്കിൽ, വരു, പറയു,
“ഈ രാജാവിന് തുണിയില്ല”
പ്രഭോ, അങ്ങയുടെ രാമരാജ്യത്ത് ഇന്ന് ഗംഗയാണ് ശവവണ്ടി.

Photo courtesy: Amar Nath Tiwari

Follow | Facebook | Instagram Telegram | Twitter