ഞങ്ങൾ ആവശ്യപ്പെടുന്നത് ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ മാത്രമല്ലേ?

ജൂലൈ 2020 മുതൽ ഭീമാ കൊറിഗോൺ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി അറിയാൻ കഴിഞ്ഞിരിക്കുന്നു. ഇടതു കണ്ണിലെ നീര് കാരണം അദ്ദേഹത്തിന് ഒരു കണ്ണിൽ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു കണ്ണിലെ കാഴ്ച പൂർണമായി നഷ്ടപ്പെടാൻ ഉള്ള അപകട സാധ്യതക്കു പുറമെ മറ്റു ശരീരഭാഗങ്ങളിലേക്കു പടർന്നു കൊണ്ടിരിക്കുന്ന ഈ ഇൻഫെക്ഷൻ, തലച്ചോറിലേക്ക് പടരാനും അത് വഴി അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്. അതിഭീകരമായ വേദന മൂലം അദ്ദേഹത്തിന് ഉറങ്ങാനോ, ദിനചര്യകൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം മൂലം ഇൻഫെക്ഷൻ ഉള്ള കണ്ണ് സമയാസമയം വൃത്തിയാക്കാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ജയിലിലെ പരിമിതികൾ മൂലം വൃത്തിയില്ലാത്ത തുണി കൊണ്ടാണ് അദ്ദേഹത്തിന് കണ്ണ് മൂടി കെട്ടേണ്ടി വരുന്നത്.

2021 മെയ് 3നായിരുന്നു ആദ്യമായി ഹാനി ബാബുവിന് ഇടത് കണ്ണിൽ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടത്, ഇത് പെട്ടെന്ന് തന്നെ ഡബിൾ വിഷനിലേക്കും സഹിക്കാൻ കഴിയാത്ത വേദനയിലേക്കും മാറുകയുണ്ടായി. ജയിലിൽ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നുമില്ല എന്ന പ്രിസൺ മെഡിക്കൽ ഓഫീസറിന്റെ നിർദേശപ്രകാരം അന്ന് തന്നെ ഒരു നേത്രവിദഗ്ധന്റെ അഭിപ്രായം വേണമെന്ന് ഹാനി ബാബു ആവശ്യപ്പെട്ടിരുന്നു. പക്ഷെ എസ്കോർട്ട് ഓഫീസർ ഇല്ല എന്ന കാരണത്താൽ ഹാനി ബാബുവിനെ ചികിത്സക്കായി കൊണ്ട് പോയിട്ടില്ലായിരുന്നു. മെയ് 6ന് ഹാനി ബാബുവിന്റെ വക്കീൽ തലോജാ ജയിൽ സൂപ്രണ്ടിന് അയച്ച മെയിലുകൾ ഒന്ന് കൊണ്ട് മാത്രമാണ് മെയ് 7ന് വാഷിയിലുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ അദ്ദേഹത്തെ കൊണ്ട് പോയത്.
വാഷി ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ച് ഹാനി ബാബുവിനെ ചികിൽസിച്ച നേത്രവിദഗ്ധൻ (Ophthalmologist) ആന്റി ബാക്റ്റീരിയൽ മരുന്നുകൾ കൊടുക്കുകയും രണ്ട് ദിവസത്തിന് ശേഷം തുടർചികിത്സക്കായി വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ അപകടകരമാം വിധം അദ്ദേഹത്തിന്റെ ആരോഗ്യം മോശപ്പെട്ടെങ്കിലും തുടർചികിത്സക്കായി ഹോസ്പിറ്റലിൽ കൊണ്ട് പോവുകയുണ്ടായില്ല. ഇതിനായ് പതിവ് പോലെ ജയിൽ അധികാരികൾ ചൂണ്ടി കാണിച്ചത് എസ്കോർട്ട് ഓഫീസറുടെ അഭാവമാണ്.

മെയ് 10ന് രാവിലെ 8 മണിക്ക്, ഹാനി ബാബുവിന്റെ വക്കീലായ മിസ് പായോഷി റോയ് തലോജാ ജയിലിലെ സൂപ്രണ്ടുമായി സംസാരിക്കാൻ 8 തവണ വിളിക്കുകയുണ്ടായി. പക്ഷെ സൂപ്രണ്ട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. 8.30ന് ജയിലർ വക്കീലിനെ വിളിക്കുകയും ഹാനി ബാബുവിന്റെ ആരോഗ്യാവസ്ഥയെ പറ്റി തനിക്കറിയാമെന്നും പിറ്റേന്ന് തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നും ഉറപ്പു നൽകി. ഇനി ഈ കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും ഉടൻ തന്നെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വീണ്ടുമൊരു മെയിൽ സൂപ്രണ്ടിന് അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിൽ ആണെന്നും ചികിൽസ കിട്ടാൻ ഒരു ദിവസം വൈകിയാൽ പോലും അദ്ദേഹത്തിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീർണമാകാനും സാധ്യതയുണ്ടെന്ന് ആ മെയിലിൽ ഓർമപ്പെടുത്തി. പക്ഷെ, മെയ് 11നു പോലും അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോകാൻ ജയിൽ അധികൃതർ തയ്യാറായില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം വിഷമമേറിയ ഒരു മാനസികാവസ്‌ഥയിലൂടെ ആണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചികിത്സ പോലെ വളരെ പ്രാഥമികമായ ഒരു അവകാശത്തിന് വേണ്ടി ഹാനി ബാബുവിന് യാചിക്കേണ്ടി വരുന്നത് ആലോചിക്കാവുന്നതിലും അപ്പുറമാണ്. ഇന്ന് പോലും, മിസ് റോയ് നിരന്തരമായി ശ്രമിച്ചിട്ടും, ജയിലിൽ നിന്നും ഞങ്ങൾക്ക് ഒരു മറുപടി ലഭിച്ചിട്ടില്ല, അതിനാൽ ഇത്രക്കും ഗുരുതരമായ ഒരു അസുഖത്തിന് ലഭിക്കുന്ന ചികിത്സ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്, ഈ നടപടികളെ കുറിച്ച് കൂടുതൽ സുതാര്യത വരേണ്ടതുണ്ട്. ഒന്നുമല്ലെങ്കിലും ഞങ്ങൾ ആവശ്യപ്പെടുന്നത് ഇന്ത്യൻ ഭരണഘടന പ്രകാരം ലഭിച്ചതും ഉറപ്പാക്കിയതുമായ അവകാശങ്ങൾ മാത്രമല്ലേ?
_ ജെന്നി റോവീന(ഭാര്യ), ഹാരിഷ് എംടി, എംടി അൻസാരി(സഹോദരങ്ങൾ)
2021 May 15

Follow | Facebook | Instagram Telegram | Twitter