ബുധിനിയെ ഊരുവിലക്കിയ തേൽകുപി ഗ്രാമത്തിന് പിന്നീട് എന്ത് സംഭവിച്ചു?
ബുധിനി അന്തരിച്ചു. “നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരില്‍ ഗോത്രം ഊരുവിലക്കിയ ബുധിനി മെജാന്‍ അന്തരിച്ചു”. കഴിഞ്ഞ ദിവസം മിക്കവാറും എല്ലാ വര്‍ത്തമാന പത്രങ്ങളിലെയും വാര്‍ത്തകളിലൊന്നിന്റെ തലക്കെട്ട് ഇതായിരുന്നു. ദാമോദര്‍ വാലി പദ്ധതിയുടെ ഭാഗമായ പഞ്ചേത് അണക്കെട്ട് ഉത്ഘാടനത്തിനെത്തിയ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരില്‍ സാന്താള്‍ ഗോത്രം ഊരുവിലക്ക് കല്‍പ്പിച്ച് പുറത്താക്കിയ ബുധിനി മെജാന്‍ സാറാ ജോസഫിന്റെ ‘ബുധിനി’ എന്ന നോവലിലൂടെ കേരളീയര്‍ക്കും സുപരിചിതയാണ്.
1959ല്‍ നടന്ന അണക്കെട്ട് ഉത്ഘാടനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പേരില്‍ ‘നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെട്ട ബുധിനിയുടെ ജീവിതം മാധ്യമങ്ങള്‍ക്ക് എപ്പോഴും കൗതുകവാര്‍ത്തയായിരുന്നു. അണക്കെട്ട് ഉത്ഘാടനത്തില്‍ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഗോത്ര യുവതിയെക്കൂടി പങ്കാളിയാക്കിയ നെഹ്‌റുവിന്റെ ഹൃദയ വിശാലത കൂടി ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടു. അതിനുമപ്പുറത്തേക്ക് ചര്‍ച്ചകള്‍ വലിച്ചുനീട്ടാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല.
ഇന്ത്യയുടെ വികസന ക്ഷേത്രങ്ങള്‍ എന്ന് പണ്ഡിറ്റ് നെഹ്‌റു വിശേഷിപ്പിച്ച അണക്കെട്ടുകള്‍ അടക്കമുള്ള വികസന പദ്ധതികള്‍ മൂലം കുടിയൊഴിപ്പിക്കപ്പെട്ട 3 കോടിയിലധികം വരുന്ന ബുധിനിമാരെയും ബുധന്മാരെയും കുറിച്ച് ആരും വാര്‍ത്തകള്‍ തയ്യാറാക്കിയില്ല.
ഗോത്രം ഊരുവിലക്ക് കൽപ്പിച്ച് പുറന്തള്ളിയ ബുധിനിക്ക് പിന്നീടൊരിക്കലും തന്റെ ഗ്രാമമായ കാർബോണ(തേൽകുപി)യിലേക്ക് മടങ്ങിച്ചെല്ലാൻ കഴിഞ്ഞിരുന്നില്ല. ബുധിനി മാത്രമല്ല, ഊര് വിലക്ക് കൽപ്പിച്ച ആ സാന്താൾ സമൂഹത്തിലെ ആർക്കും പിന്നീടൊരിക്കലും തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയുമാ യിരുന്നില്ല. കാരണം; പഞ്ചേത് അണക്കെട്ടിൻ്റെ റിസർവ്വോറിൽ കാർബോണ അതിനകം തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. കൗതുക വാർത്തകൾ തേടിയവരിൽ ആരും ഈ യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്തില്ല.
1948ല്‍, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് നിര്‍മ്മാണത്തിന്, ഒഡീഷയിലെ ഹിരാക്കുഡില്‍, തറക്കല്ലിട്ട്‌കൊണ്ട് പ്രധാനമന്ത്രി നെഹ്‌റു അവിടെ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു; ”നിങ്ങള്‍ ത്യാഗങ്ങള്‍ സഹിക്കുകയാണെങ്കില്‍ അത് രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയാകണം” എന്ന്!
നെഹ്‌റു തൊട്ടിങ്ങോട്ടുള്ള സകല ഭരണാധിപന്മാരും “വിശാല രാജ്യതാല്‍പ്പര്യത്തിനാ”യി ത്യാഗം സഹിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ വികസന ബലിക്കല്ലില്‍ ജീവന്‍ നല്‍കേണ്ടിവന്നവരില്‍ പകുതിയിലധികവും ഇന്ത്യയിലെ ഗോത്ര ജനതയായിരുന്നുവെന്നത് ആര്‍ക്കും വാര്‍ത്തയായി മാറിയില്ല.
ഇന്ത്യയില്‍ വികസന പദ്ധതികള്‍ക്കായി കുടിയൊഴിക്കപ്പെട്ട 60 ദശലക്ഷം വരുന്ന ജനങ്ങളില്‍ 57%വും ആദിവാസി ജനതയായിരുന്നു. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 9 ശതമാനത്തില്‍ താഴെയാണ് ആദിവാസികളുടെ ജനസംഖ്യ എന്നുകൂടി അറിയുക.
ബുധിനിമാര്‍ ഓരോ അവസരങ്ങളിലും പ്രതീകവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. അണക്കെട്ട് ഉത്ഘാടനങ്ങളില്‍, റിപ്പബ്ലിക് ദിന പരേഡുകളില്‍, പ്രസിഡണ്ട് പദവിയില്‍.
പക്ഷേ, രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന ജനത ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സാമൂഹികമായ പിന്നോക്കാവസ്ഥയെ നേരിടേണ്ടി വരുന്നതിനെക്കുറിച്ച് നമുക്ക് വേവലാതികളില്ല. ബുധിനിമാര്‍ ഇന്നും കൗതുകവാര്‍ത്തകളിലെ കഥാപാത്രങ്ങള്‍ മാത്രമായി നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.
_ കെ സഹദേവൻ
Follow us on | Facebook | Instagram | Telegram | Twitter | Threads