രാഹുൽ യാത്രയുടെ രാഷ്ട്രീയ ദൗത്യം

“സംഘ്പരിവാർ പ്രചരിപ്പിയ്ക്കുന്ന വിദ്വേഷത്തെ കുറിച്ച് പറയുമ്പോൾ കൃത്യമായും അതിന്റെ ഹിന്ദുവാദ നിലപാടുകളെ ആണ് ലക്ഷ്യംവയ്ക്കുന്നത്. അപ്പോൾ ഹിന്ദുവാദത്തിൽ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന ഒരു ആശയശാസ്ത്ര, രാഷ്ട്രീയ സമീപനം ആണോ ഈ യാത്ര ഉന്നയിക്കാൻ ശ്രമിക്കുന്നത്?…”
_ കെ. മുരളി (അജിത്ത്), മാവോയിസ്റ്റ് സൈദ്ധാന്തികൻ

രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കാറായി. എന്താണ് അതിന്റെ ഉദ്ദേശ്യലക്ഷ്യം? തന്റെ യാത്ര അടിയന്തര തെരഞ്ഞെടുപ്പ് നേട്ടത്തെ ലക്ഷ്യം വെച്ചല്ല എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അത് ശരിയുമാണ്. ഭരണനീതീകരണത്തിലെ ആശയശാസ്ത്ര ഇടപെടലാണ് ഈ യാത്ര നിറവേറ്റാൻ ശ്രമിക്കുന്നത്. ഈ യാത്രയിൽ ഉടനീളം, ഒരു ഒഴിവും നൽകാതെ, രാഹുൽ ഗാന്ധി ആർ.എസ്.എസിനെയും മോഡിയെയും നിരന്തരം വിമർശിച്ചു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭാഷയും പ്രവൃത്തികളും ആണ് അവർക്കുള്ളത്. ഇത് രാജ്യത്തെ വിഭജിക്കുന്നു. താൻ സ്നേഹത്തിന്റെ ഭാഷയിൽ അതിനെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഇതൊക്കെയാണ് പറയുന്നത്. സംഘ്പരിവാർ പ്രചരിപ്പിയ്ക്കുന്ന വിദ്വേഷത്തെ കുറിച്ച് പറയുമ്പോൾ കൃത്യമായും അതിന്റെ ഹിന്ദുവാദ നിലപാടുകളെ ആണ് ലക്ഷ്യംവയ്ക്കുന്നത്. അപ്പോൾ ഹിന്ദുവാദത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ഒരു ആശയശാസ്ത്ര, രാഷ്ട്രീയ സമീപനം ആണോ ഈ യാത്ര ഉന്നയിക്കാൻ ശ്രമിക്കുന്നത്? അങ്ങനെ തോന്നിപ്പിക്കുമെങ്കിലും അതല്ല വാസ്തവം. ഇതിനുമുമ്പ് തെരഞ്ഞെടുപ്പുകളിൽ കണ്ടതുപോലെ തന്റെ ഹൈന്ദവ വിശ്വാസം മാത്രമല്ല, ജാതിയും ഉയർത്തിക്കാട്ടാൻ രാഹുൽ ഗാന്ധി ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ എന്താണ് ഈ ആർ.എസ്.എസ് വിമർശനത്തിന്റെ പൊരുൾ?

ഇതിന് ഉത്തരം കണ്ടെത്തണമെങ്കിൽ ആർ.എസ്.സിലൂടെ, അതിന്റെ മോഡി ഭരണത്തിലൂടെ, ആധിപത്യമുറപ്പിച്ചിരിയ്ക്കുന്ന അക്രമാസക്തമായ ബ്രാഹ്മണ്യത്തിന്റെ സ്ഥാനവും അതിന്റെ ഉറവിടങ്ങളും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. പലരും വാദിക്കാറുള്ളത് പോലെ അത് വെറുമൊരു ആർ.എസ്.എസ് നിലപാട് അല്ല. തങ്ങളുടെ ഭരണനീതീകരണം നേരിട്ട വെല്ലുവിളിയെ മറികടക്കാൻ ഇന്ത്യൻ ഭരണവർഗങ്ങൾ ബോധപൂർവ്വം സ്വീകരിച്ച ഒന്നാണ് ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവം. അതുകൊണ്ടുതന്നെ, ഏറ്റകുറവുകളോടെ ആണെങ്കിലും, ഭരണവർഗങ്ങളുടെ എല്ലാ രാഷ്ട്രീയ പ്രതിനിധികളും, അതായത് ഇടതു മുതൽ വലത്തേ അറ്റം വരെയുള്ള അവരുടെ രാഷ്ട്രീയ പാർട്ടികളും, അത് സ്വീകരിക്കുകയും പിന്താങ്ങുകയും ചെയ്തിട്ടുണ്ട്. ഗാന്ധി-നെഹ്റു കാലത്തെ പരോക്ഷമായ ബ്രാഹ്മണ്യത്തിന്റെ മിതവാദ സമീപനം കൈയ്യൊഴിഞ്ഞാണ് അവർ അതിന്റെ പ്രത്യക്ഷമായ പ്രകടനത്തിലേക്ക് കടന്നത്. അതിന്റെ ഭാഗമായി അതുവരെ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിന്റെ അലംഘനീയ നിലപാടുകളായി പ്രചരിപ്പിച്ചിരുന്ന മതേതരത്വം, ജാതി സംവരണം പോലുള്ള കാര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ അവരെല്ലാവരും സന്നദ്ധമായി. ഏതെങ്കിലും ഒരു കക്ഷിയുടെ വീക്ഷണപ്രശ്നം അല്ല, മൊത്തം ഭരണവർഗങ്ങളുടെ നിലപാടാണ് ഇത് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

അതേസമയം ഈ ബ്രാഹ്മണ്യം എത്രത്തോളം പ്രത്യക്ഷമാക്കണം, എത്രത്തോളം അക്രമാസക്തം ആക്കാം എന്നീ കാര്യങ്ങളിൽ അവർക്കിടയിൽ ഭിന്നതകളുമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള ഈ ഭിന്നത യഥാർത്ഥത്തിൽ ഭരണവർഗങ്ങൾക്കിടയിലുള്ള ഭിന്നതകളുടെ തന്നെ പ്രതിഫലനമാണ്. മുസ്‌ലിങ്ങളെ അവരിപ്പോൾ ഉള്ള സാമ്പത്തിക, രാഷ്ട്രീയ ഇടങ്ങളിൽ നിന്ന് തന്നെ പുറന്തള്ളി, അവർക്ക് ഒരു ഇടവും നൽകാതെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തുന്ന സമീപനം, ദലിതർക്കും ഇതര മർദ്ദിത സാമൂഹിക വിഭാഗങ്ങൾക്കും എതിരെ ആധിപത്യ ജാതികളുടെ നഗ്നമായ ആക്രമണത്തിന് കിട്ടുന്ന പരസ്യമായ അനുവാദം — ഇതൊക്കെ തന്നെയാണ് സംഘ് പരിവാറിലൂടെ ഭരണവർഗങ്ങളിലെ ഒരു വിഭാഗം ശക്തമായി പിന്തുണയ്ക്കുകയും നടപ്പാക്കിയെടുക്കുകയും ചെയ്യുന്ന അക്രമാസക്തമായ ബ്രാഹ്മണ്യം.

ഇതേസമയം, ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവത്തെ പിന്തുണയ്ക്കുകയും ഔപചാരികമായി അല്ലെങ്കിലും ഫലത്തിൽ ഈ രാജ്യത്തെ ഒരു ഹിന്ദു രാജ്യമാക്കുന്നതിനോട് യോജിക്കുകയും എന്നാൽ അക്രമാസക്തമായി അത് നടപ്പാക്കി എടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിക്കുകയും ചെയ്യുന്ന ഭരണവർഗങ്ങളുടെ മറ്റൊരു വിഭാഗമുണ്ട്. അവരുടെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്ന ബുദ്ധിജീവികളും ഭരണയന്ത്രത്തിന്റെ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന മുൻ സൈനികമേധാവികൾ, ജഡ്ജിമാർ, പോലീസ് മേധാവികൾ, ഉദ്യോഗസ്ഥമേധാവികൾ, ദല്ലാൾ ബൂർഷ്വാ കുത്തകകളുടെ തലപ്പത്തുള്ളവർ എന്നിങ്ങനെ പലരും പലപ്പോഴായി ഇത് പരസ്യമായി പ്രകടിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽപെടുന്ന പല പ്രമുഖരും അവരുടെ ആശങ്കകൾ വെളിപ്പെടുത്തുന്ന കത്ത് രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുകവരെയുണ്ടായി. ഈ വിഭാഗമാണ് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് സർവ്വപിന്തുണയും പ്രഖ്യാപിക്കുകയും അതിൽ പലരീതിയിലും പങ്കാളികളാവുകയും ചെയ്തിട്ടുള്ളത്.

കൂടാതെ, അക്രമാസക്തമായ ബ്രാഹ്മണ്യം പിന്തുണച്ചിരുന്ന ഹിന്ദുവാദികൾക്കിടയിൽ തന്നെ അത് അധികകാലം തുടരാനാകില്ല എന്നൊരു ചിന്ത ഇപ്പോൾ രൂപംകൊള്ളുന്നുണ്ട്. അങ്ങനെ തുടർന്നാൽ അത് ആഭ്യന്തരമായി വലിയ പൊട്ടിത്തെറികൾക്ക് വഴിവച്ചേക്കാം. ചൈനയിൽ നിന്നും മറ്റുമുള്ള ബാഹ്യ ഭീഷണികളുടെ സാന്നിധ്യത്തിൽ ഇത് അപകടകരമാണ്. രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളിലും വിദേശ ബന്ധങ്ങളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇതിന്റെ പല ഉദാഹരണങ്ങളും ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. മാത്രമല്ല, ഈ രാജ്യം ഒരു ഹിന്ദു രാജ്യമാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതിൽ തങ്ങൾ വിജയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇനിയും അത് അക്രമാസക്തമായ രീതിയിൽ നടപ്പാക്കി എടുക്കേണ്ടതില്ല. ഈ അഭിപ്രായത്തിലേക്ക് അവർ എത്തുകയാണ്. സംഘ് പരിവാറിനെ തന്നെ കവിഞ്ഞു നിൽക്കുന്ന മോഡി-ഷാ സംഘത്തിന്റെ ഉയർച്ചയും ഗുജറാത്തി ദല്ലാളുകളോട് അവർ കാട്ടുന്ന മറയില്ലാത്ത പക്ഷപാതവും ആർ.എസ്.എസ്സിൽ സൃഷ്ടിയ്ക്കുന്ന വ്യഥ ഇതിന് ബലം നൽകുന്നുണ്ട്.

ഇതിന്റെയൊക്കെ വെളിച്ചത്ത് പരിശോധിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ യാത്ര ഭരണവർഗങ്ങൾക്കിടയിൽ ഇങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന ഒരു സമീപനത്തിന്റെ പ്രകടിത രൂപവും, ഒപ്പം അതിനെ സമാഹരിച്ച് ഒരു രാഷ്ട്രീയധ്രുവമായി സ്ഥാപിക്കാനുള്ള ശ്രമവുമായി മനസ്സിലാക്കാവുന്നതാണ്. അയോധ്യയിൽ പണിതുകൊണ്ടിരിക്കുന്ന സവർണ്ണ കോട്ടയുടെ പ്രമുഖരിൽ ചിലർ തന്നെ ഈ യാത്രയ്ക്ക് സർവ്വമംഗളവും നേർന്നതിലും വിശ്വഹിന്ദുപരിഷത്തിന്റെ ഒരു നേതാവ് യാത്രയെ അനുകൂലിച്ചതിലും മേൽ സൂചിപ്പിച്ചതിന്റെ അടയാളങ്ങൾ കാണാം. ഈ ദൗത്യത്തിൽ രാഹുൽ ഗാന്ധി എത്രത്തോളം വിജയിക്കും, അതൊരു ധ്രുവീകരണമായി മാറുമോ എന്നീ പ്രശ്നങ്ങളൊക്കെ വരുംകാലങ്ങളിൽ തെളിയേണ്ട കാര്യങ്ങളാണ്. ഏതായാലും ആശയശാസ്ത്ര തലത്തിൽ, ഭരണനീതീകരണത്തിന്റെ തലത്തിൽ, കുറച്ചു വർഷങ്ങളായി ആധിപത്യത്തിൽ വരികയും ശക്തിപ്പെടുകയും ചെയ്ത ഒന്നിൽ ഒരു പുനർസജ്ജീകരണം നടത്താനുള്ള ശ്രമമാണ് നാം ഇവിടെ കാണുന്നത്. പുനർസജ്ജീകരണം എന്നേ അതിനെ വിശേഷിപ്പിയ്ക്കാനാകു. ബ്രാഹ്മണ്യത്തിന്റെ പ്രത്യക്ഷഭാവം നിലനിർത്തി അതിന്റെ അക്രമാസക്തമായ പ്രയോഗം ഒഴിവാക്കാനേ അത് ആവശ്യപ്പെടുന്നുള്ളു. അപ്പോഴും, ഇന്ത്യയിലെ ഭരണവർഗ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് ഇത്. തെരഞ്ഞെടുപ്പുകളിൽ അത് അതേപടി പ്രതിഫലിച്ചില്ലെങ്കിൽ തന്നെ അതു നൽകുന്ന സൂചനയുടെ പ്രാധാന്യം കുറയുന്നില്ല. പ്രസക്തി ഇല്ലാതാകുന്നില്ല. ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കു മുമ്പിൽ രൂപംകൊള്ളുന്ന ഒരു വിഷമാവസ്ഥയെ അത് വെളിപ്പെടുത്തുന്നു.

മേൽപ്പറഞ്ഞ തരത്തിലുള്ള പുനർസജ്ജീകരണം നടന്നാലും ഇല്ലെങ്കിലും, അടിസ്ഥാനപരമായ ഒരു വിഷയം ഉത്തരം കിട്ടാതെ അവശേഷിയ്ക്കും. ഗാന്ധി-നെഹ്റു ഭരണനീതീകരണം കാലഹരണപ്പെട്ടത്, അതിൽ തന്നെയുള്ള പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല. നേരെമറിച്ച് സ്വാശ്രിതമായ, സ്വതന്ത്ര രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയാണ്, ഇതൊരു മതേതര, ജനാധിപത്യ രാജ്യമാണ് എന്നൊക്കെയുള്ള അവകാശവാദങ്ങൾ ഒന്നൊന്നായി പൊളിയാൻ തുടങ്ങി. സാമ്പത്തിക മണ്ഡലത്തിലെ ആശ്രിതത്വവും രാഷ്ട്രീയമായ വിധേയത്വവും പ്രകടമായതോടെ ആ നീതീകരണം ഫലിയ്ക്കാതെയായി. ജനങ്ങൾക്കു മേലുള്ള ഭരണം ഉറപ്പിയ്ക്കാൻ ഭരണവർഗങ്ങൾ തങ്ങളുടെ അധിനായകത്വത്തിൻ കീഴിൽ മെനഞ്ഞെടുക്കുന്ന പൊതുസമ്മതത്തിലൂടെയാണ് ഭരണനീതീകരണം പ്രാവർത്തികമാകുന്നത്. അത് ദുർബലമാകുമ്പോൾ ഒരു ബദൽ ആശയശാസ്ത്രത്തിന്, ഒരു ബദൽ അധിനായകത്വത്തിന് ഉയർന്നുവരാൻ ഇടം കിട്ടുന്നു. പല തരത്തിലുമുള്ള ഭരണകൂടവിരുദ്ധ ജനകീയസമരങ്ങളിലൂടെയാണ് ഇത് യാഥാർത്ഥ്യമാവുക. മുൻപ് സംഭവിച്ചതും അതാണ്. അതിനെ മറികടക്കുന്നതിനു വേണ്ടി തന്നെയാണ് പരോക്ഷവും, മിതവാദപരവുമായ ബ്രാഹ്മണ്യത്തിൽ നിന്ന് പ്രത്യക്ഷവും അക്രമാസക്തവുമായതിലേയ്ക്കുള്ള ചുവടുമാറ്റം സ്വീകരിക്കാൻ ഭരണവർഗങ്ങൾ സന്നദ്ധമായത്. എന്നാൽ അതുതന്നെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്നു എന്നതിന്റെ വെളിച്ചത്ത് അക്രമാസക്തതയിൽ അയവ് വരുത്തണമെന്ന ചിന്ത ഉയർന്നുവരുമ്പോൾ ഭരണവർഗ്ഗങ്ങൾ ഇന്നും അഭിമുഖീകരിയ്ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികൾ ഉത്തരം കിട്ടാതെ നിൽക്കുന്നു. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ കണ്ടതുപോലെ സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് അനുയോജ്യമായ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തന്നെ വഴിമുട്ടി നിൽക്കുകയാണ്. ഹിന്ദുവാദ അജണ്ടയുടെ ഒരു പ്രധാന ഇനമായ സിഎഎയുടെ കാര്യത്തിലും അവർക്ക് പിൻവാങ്ങേണ്ടി വന്നു. ഭരണനീതീകരണത്തിലെ പുനർസജ്ജീകരണം ആഗ്രഹിയ്ക്കുന്നവർ ഇതിനെല്ലാം ഉത്തരം കണ്ടെത്താൻ കൂടി ബാധ്യസ്ഥരാണ്. അത്ര എളുപ്പമുള്ള കാര്യമല്ല അത്.

സ്ഥിരതയുടെ, കെട്ടുറുപ്പിന്റെ പ്രതീതി സൃഷ്ടിയ്ക്കാൻ മോഡിയും കൂട്ടരും ശ്രമിക്കുന്നുണ്ട്. എന്നാൽ ഏറെ ഇളകിമറിയുന്ന, അസ്ഥിരതയുടെ ഒരു കാലം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇനി വരാനിരിക്കുന്നത്. ആഗോളതലത്തിലുള്ള മാന്ദ്യം, ആഗോളവൽക്കരണത്തിൽ പ്രത്യക്ഷമാകുന്ന വൈരുദ്ധ്യങ്ങൾ, സ്വന്തം രാജ്യത്തെ സമ്പദ്ഘടനയെ കാക്കാൻ പുറംലോകത്തു നിന്നുള്ള മത്സരം നിയന്ത്രിയ്ക്കാനുള്ള നീക്കങ്ങൾ, ഇതിന്റെയെല്ലാം ഫലമായി ലോകത്ത് തീക്ഷ്ണമാകുന്ന ജനകീയ ചെറുത്തുനിൽപ്പും അന്തർ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളും — ഇതെല്ലാം തന്നെ ഇന്ത്യയ്ക്കകത്തെ സാഹചര്യത്തെ ഒന്നുകൂടി അസ്ഥിരപ്പെടുത്തും. അങ്ങേയറ്റം നിഷ്ഠൂരമായ അടിച്ചമർത്തലിനെ അതിജീവിച്ചുകൊണ്ട് വിപ്ലവ ബദലിന്റെ ധ്രുവം ജ്വലിച്ചു നിൽക്കുന്നത് ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയും ആവേശവും പകരുമ്പോൾ ഭരണാധികാരികൾക്ക് അസഹനീയമായ ഭീഷണിയാണ്. അതുകൊണ്ടാണ് മാവോയിസ്റ്റുകളെയെല്ലാം തീർത്തു എന്ന് അടിക്കടി അവകാശപ്പെടുന്ന മോഡി ഭരണം ഛത്തീസ്‌ഢിൽ ബോംബാക്രമണം നടത്തുന്നത്. പെഷാവറിലേയും മേദിനീപൂരിലേയും സ്വാതന്ത്ര്യസമരസേനാനികൾക്കെതിരെ 1940കളിൽ ബ്രീട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ ബോംബാക്രമണം നടത്തിയ ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ സേനകൾ ഇന്ത്യക്കാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത്. പുറമേയ്ക്ക് എന്തു നടിച്ചാലും അത്ര തീവ്രമാണ് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ നേരിടുന്ന വിഷമാവസ്ഥ.
_ കെ മുരളി (അജിത് ), 24 ജനുവരി, 2023

Follow us on | Facebook | Instagram Telegram | Twitter